ബാബുവിന്റെ അമ്മയുടേയും സഹോദരന്റേയും ആത്മഹത്യ; കുടുംബത്തിന് കടുത്ത സാമ്പത്തിക ബാധ്യതയെന്ന്
പാലക്കാട്: മലമ്പുഴ കുറുമ്പാച്ചിമലയിൽ നിന്ന് സൈന്യത്തിന്റെ സഹായത്തോടെ രക്ഷിച്ച ബാബുവിന്റെ മാതാവ് റഷീദ (46), സഹോദരൻ ഷാജി (23) എന്നിവർ ജീവനൊടുക്കിയത് തന്നെയെന്ന് പോലീസ്. ഇരുവരേയും ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബത്തിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി വാർത്തകൾ ഉണ്ട്. റഷീദയും രണ്ടു മക്കളും മലമ്പുഴ മന്തക്കാടുള്ള വാടക വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പോലീസിന് മൊഴി നൽകി.കഴിഞ്ഞ ആറ് മാസത്തോളമായി ബാബു ജോലിക്ക് പോയിരുന്നില്ല.

അതിനിടെ മൃതദേഹങ്ങൾ കാണാൻ മോർച്ചറിയിലെത്തിയ ബാബു മാനസികാസ്വാസ്ഥ്യം കാട്ടിയതിനെ തുടർന്നു ഇയാളെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. മൃതദേഹങ്ങൾ കള്ളിക്കാട് ജുമാ മസ്ജിദിൽ കബറടക്കി.
കുറുമ്പാച്ചി മല കയറി 2022 ലായിരുന്നു ബാബു വാർത്തകളിൽ ഇടംപിടിച്ചത്.
ഫെബ്രുവരിയിൽ മലയിൽ സുഹൃത്തുക്കൾക്കൊപ്പം മലകയറിയതായിരുന്നു ബാബു. മല ഇറങ്ങുമ്പോൾ കാൽ വഴുതി കുത്തനെയുള്ള പാറയിടുക്കിലേക്ക് ബാബു വീഴുകയായിരുന്നു. കൈയ്യിലുണ്ടായിരുന്ന ഫോൺ ഉപയോഗിച്ച് ബാബു തന്നെയാണ് താൻ കുടുങ്ങി കിടക്കുകയാണെന്ന വിവരം കൂട്ടുകാരെ അറിയിച്ചത്. തുടർന്ന് സൈന്യമടക്കം എത്തി 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബാബുവിനെ രക്ഷപ്പെടുത്തുന്നത്.












Click it and Unblock the Notifications