ആലത്തൂരിലെ പരാജയത്തിന് കാരണം രമ്യയ്ക്ക് സംഭവിച്ച പിഴവ്; വിമർശിച്ച് ഡിസിസി
പാലക്കാട്: ആലത്തൂരിലെ പരാജയത്തിൽ സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ പാലക്കാട് ഡി സി സി. സ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് തോൽവിയിലേക്ക് നയിച്ചതെന്നും നേതാക്കൾ നിർദ്ദേശിച്ച കാര്യങ്ങൾ സ്ഥാനാർത്ഥി ശ്രദ്ധിച്ചില്ലെന്നും ഡി സി സി അധ്യക്ഷൻ എ തങ്കപ്പൻ കുറ്റപ്പെടുത്തി. എ വി ഗോപിനാഥൻ ഫാക്ടർ തിരഞ്ഞെടുപ്പിൽ സ്വാധീനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ നിലപാടാണ് ആലത്തൂരിൽ രമ്യയുടെ പതനത്തിന് കാരണമായതെന്ന് മുൻ കോൺഗ്രസ് നേതാവായ ഗോപിനാഥ് അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഡിസിസി അധ്യക്ഷന്റെ പ്രതികരണം. കോൺഗ്രസിന്റെ ശക്തനായ നേതാവായിരുന്ന ഗോപിനാഥ് പാർട്ടി ബന്ധം ഉപേക്ഷിക്കുകയും തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് സി പി എമ്മിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മണ്ഡലത്തിൽ വലിയ സ്വാധീനമുള്ള നേതാവിന്റെ ഈ നീക്കം തിരിച്ചടിയാകുമെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു.

അതേസമയം താൻ എല്ലാ നേതാക്കളുമായി സഹകരിച്ചാണ് പ്രവർത്തിച്ചതെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചു. വിവാദത്തിന് ഇല്ല. ഏത് സാഹചര്യത്തിലാണ് ഡി സി സി അധ്യക്ഷൻറെ വിമർശനം എന്ന് അറിയില്ല. നല്ല രീതിയിൽ സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. പറയാനുള്ളത് പാർട്ടി വേദിയിൽ പറയും. പാർട്ടിയും മുന്നണി പ്രവർത്തകരും നന്നായി തന്നെ പ്രവർത്തിച്ചു എന്നാണ് അഭിപ്രായം. മന്ത്രി കെ രാധാകൃഷ്ണന്റെ സ്വന്തം ബൂത്തിൽ ലീഡ് നേടാനായത് അതിൻ്റെ തെളിവാണ്. തോൽവിയുടെ കാര്യം പാർട്ടി പരിശോധിക്കട്ടെയെന്നും രമ്യ ഹരിദാസ് പറഞ്ഞു.
2019 ൽ അട്ടിമറി വിജയം നേടിയ ആലത്തൂരിൽ ഇത്തവണ കനത്ത തിരിച്ചടിയാണ് രമ്യ നേരിട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രമ്യ ആലത്തൂരിൽ ജയിച്ചത്. അന്ന് പികെ ബിജുവിനെയായിരുന്നു രമ്യ പരാജയപ്പെടുത്തിയത്. ഹാട്രിക് സ്വപ്നം കണ്ട് കളത്തിലിറങ്ങിയ ബിജുവിന് രമ്യയുടെ തേരോട്ടത്തിൽ പിടിച്ച് നിൽക്കാൻ പോലും സാധിച്ചില്ല.
ഇത്തവണ 3,83,336 വോട്ടുകളാണ് രമ്യ നേടിയത്. 20,111 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മന്ത്രി രാധാകൃഷ്ണന്റെ വിജയം. 40,3447 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. അതേസമയം ആലത്തൂരിൽ വിജയിക്കാനായതിന്റെ ആശ്വാസത്തിലാണ് എൽ ഡി എഫ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ തന്നെ രമ്യയ്ക്കെതിരെ ലീഡ് ചെയ്യാൻ രാധാകൃഷ്ണന് സാധിച്ചിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ഇക്കുറിയും എൽ ഡി എഫ് നേരിട്ടത്. 20 ൽ 18 മണ്ഡലങ്ങളിലും യു ഡി എഫ് ആണ് വിജയിച്ചത്. ഒരിടതത്ത് എൻ ഡി എയും വിജയിച്ചു.












Click it and Unblock the Notifications