പാലക്കാട് അമ്പലപ്പാറയിൽ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന ഫാക്ടറിയിൽ തീപിടുത്തം, നിരവധി പേർക്ക് പരിക്ക്
പാലക്കാട്: പാലക്കാട് ജില്ലയിലെ അമ്പലപ്പാറയില്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാനുളള ശ്രമത്തിനിടെ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ചു. അപകടത്തില്‍ ഇരുപത്തിയാറോളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം.
പരിക്കേറ്റവരില്‍ ആറ് ഫയര്‍ ഫോഴ്‌സ് അംഗങ്ങളും പ്രദേശവാസികളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ ആളുകളെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഫയർ ഫോഴ്സ് ഫാക്ടറിയിലെ തീ അണച്ചത്.

കോഴി വേസ്റ്റില്‍ നിന്നും ഓയില്‍ നിര്‍മ്മിക്കുന്ന ഫാക്ടറി ആണിത്. തോട്ടുകാട് മലയിലാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. കുന്നിന് മുകളില്‍ ഉളള കെട്ടിടത്തില്‍ നിന്നും തീ ഉയരുന്നതായി നാട്ടുകാരുടെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്. തുടര്‍ന്ന് പ്രദേശവാസികള്‍ തീ അണയ്ക്കാനുളള ശ്രമം നടത്തുകയും അഗ്നിശമന സേനയെ വിവരം അറിയിക്കുകയും ചെയ്തു. തീ നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കെയാണ് ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് അപകടം ഗുരുതരമായത്.












Click it and Unblock the Notifications