പാലക്കാട് ആരോഗ്യപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം: പ്രതി മണിക്കൂറുകൾക്കകം അറസ്റ്റിൽ
പാലക്കാട്: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കെതിരായ അക്രമങ്ങൾ തുടർക്കഥയാവുന്നതിനിടെ പാലക്കാട് യുവതിയ്ക്ക് നേരെ ആക്രമണ ശ്രമം. സംഭവത്തിൽ പാലക്കാട് കാഞ്ഞിരപ്പുഴ നെല്ലിക്കുന്ന് സ്വദേശി ഷബീർ അറസ്റ്റിലായത്. യുവതിയ്ക്ക് നേരെ ആക്രമണ ശ്രമമുണ്ടായി മണിക്കൂറുകൾക്കകം പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പുഴയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.
പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയെയാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രതിയായ ഷബീർ കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയ പോലീസ് ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയിൽ രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.

സംഭവത്തിൽ പരിക്കേറ്റ യുവതി ആശുപത്രിയിൽ കഴിയുകയാണ്. വണ്ടാനം മെഡിക്കൽ കോളേജിലെ ജീവനക്കാരിയാണ് ആക്രമണത്തിനിരയായത്. പട്രോളിംഗ് വാഹനം എത്തിയതോടെയാണ് പ്രതികളിൽ നിന്ന് യുവതി രക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ആരോഗ്യപ്രവർത്തകയുടെ ഭർത്താവ് രംഗത്തെത്തിയിരുന്നു. പോലീസിന് മുമ്പിൽ വെച്ച് ആക്രമണമുണ്ടായിട്ടും കൃത്യമായ ഇടപെടൽ നടത്തിയില്ലെന്നും പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്നും ഭർത്താവ് ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയുന്നതിന് വേണ്ടി കർശന നടപടി സ്വീകരിക്കണമെന്ന് ഡിജിപി പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്നത്. ഇത്തരം സംഭവങ്ങളിൽ ആരോഗ്യപ്രവർത്തകർ നൽകുന്ന പരാതികളിൽ അതിവേഗം നടപടി സ്വീകരിക്കണം എന്നതടക്കമുള്ള നിരവധി നിർദേശങ്ങളാണ് പോലീസിന് നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡിജിപി സർക്കുലറും പുറത്തിറക്കിയിരുന്നു.
അതേ സമയം നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ നടപടി സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമേ ആശുപത്രികളിലുള്ള പോലീസ് എയ്ഡ്പോസ്റ്റുകൾ കാര്യക്ഷമമാക്കണമെന്നും നിർദേശം നൽകിയിട്ടുള്ളത്. സമീപകാലത്ത് ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പോലീസ് മേധാവി അനിൽകാന്താണ് പുതിയ സർക്കുലറിൽ പറയുന്നത്. ഇതിനെല്ലാം പുറമേ ആശുപത്രികളിലെ കാഷ്വാലിറ്റികളുലം ഒപികളിലും പോലീസ് കൃത്യമായ ഇടവേളകളിൽ നിരീക്ഷണം നടത്തണെമന്നും ആരോഗ്യപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമങ്ങളില്ലെന്ന് ഉറപ്പുവരുത്തണമെന്നും സർക്കുലറിൽ പറയുന്നു.
അതിക്രമങ്ങൾ സംബന്ധിച്ചുള്ള പരാതികളിൽ സ്റ്റേഷൻ ഹൌസ് ഓഫീസർമാരുടെ പ്രവർത്തനം ജില്ലാ പോലീസ് മേധാവിമാർ നിരീക്ഷിക്കുകയും ചെയ്യും. ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ജില്ലാ പോലീസ് മേധാവിമാരെ നിരീക്ഷിക്കുന്നതിന് അതാത് റേഞ്ച് ഐജിമാർക്കും ചുമതല നൽകിയിട്ടുള്ളത്.












Click it and Unblock the Notifications