'ലീഗിന്റെ സംഘപരിവാർ മോഡൽ രാഷ്ട്രീയം', ലീഗിന്റെ തന്ത്രം തീക്കളിയെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ
തിരുവനന്തപുരം: പള്ളികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാരിനെതിരെയുളള പ്രചാരണം ശക്തമാക്കാനുളള മുസ്ലീം ലീഗ് നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ഇടതുപക്ഷം. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടതില്‍ പ്രതിഷേധിച്ചാണ് മുസ്ലീം ലീഗിന്റെ നീക്കം. രാഷ്ട്രീയ പ്രതിഷേധത്തിന് പള്ളികള്‍ വേദികളാക്കുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയലാണെന്നാണ് സിപിഎം പ്രതികരിച്ചിരിക്കുന്നത്.
ആരാധനാലയങ്ങളിൽ കലാപമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന മുസ്ലിം ലീഗിൻറെ ധാരണയാണ് ഈ നീക്കത്തിന് പിന്നിലെന്ന് ഇടത് എംഎൽഎ മുഹമ്മദ് മുഹ്സിൻ കുറ്റപ്പെടുത്തി. ലീഗ് ഒരു രാഷ്ട്രീയ പാർട്ടി ആണെങ്കിൽ തെരുവുകളിൽ സമരം ചെയ്യുകയാണ് വേണ്ടത് എന്നും സിപിഐ എംഎൽഎ പ്രതികരിച്ചു.

മുഹമ്മദ് മുഹ്സിന്റെ പ്രതികരണം ഇങ്ങനെ: '' ആരാധനാലയങ്ങളെ മുൻനിർത്തി രാഷ്ട്രീയം നടപ്പിലാക്കാൻ ശ്രമിക്കുന്ന ലീഗിൻറെ തന്ത്രം തീക്കളിയാണ്. ഒരു സമുദായത്തെയാകെ ഹൈജാക്ക് ചെയ്തു തങ്ങളുടെ കീഴിലാണ് എല്ലാ ആരാധനാലയങ്ങളും എന്ന് കരുതുന്നത് ലീഗിൻറെ സംഘപരിവാർ മോഡൽ രാഷ്ട്രീയത്തിനുള്ള സൂചനയാണ്. ആരാധനാലയങ്ങളിൽ കലാപമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന മുസ്ലിം ലീഗിൻറെ ധാരണയാണ് വെള്ളിയാഴ്ച ജുമുഅക്ക് ഖുതുബയോടൊപ്പം സർക്കാറിനെതിരെ രാഷ്ട്രീയം പറയാനുള്ള ആഹ്വാനം. ലീഗ് ഒരു രാഷ്ട്രീയ പാർട്ടി ആണെങ്കിൽ തെരുവുകളിൽ സമരം ചെയ്യുകയാണ് വേണ്ടത്. അല്ലാതെ ആരാധനാലയങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ തീരുമാനം നടപ്പിലാക്കാനാണ് ലക്ഷ്യമെങ്കിൽ അതു ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും''.
''അന്യന്റെ ഹഖ് കൈക്കലാക്കാനും,സാമ്പത്തിക തട്ടിപ്പ് നടത്താനും, ദുരന്തങ്ങളിൽപെട്ടുപോയവരെ സഹായിക്കാനെന്നു പറഞ്ഞു പള്ളികളിൽ നിന്ന് പോലും പിരിച്ച ഫണ്ട് വകമാറ്റാനും, പലിശ നൽകുന്ന ബാങ്കുകളിൽ ഭരണസമിതി അംഗങ്ങൾ ആയിരിക്കാരിക്കാനും, സ്ത്രീപീഡനക്കേസുകളിൽ അകപ്പെടാനും, നേതൃത്വത്തിനെതിരെ വിമർശന മുന്നയിച്ച വനിതകൾക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിക്കുന്നതും എല്ലാം ലീഗിൻറെ നേതൃത്വത്തിൽ ഇരിക്കുന്നവർക്ക് ഹലാലാവുകയും അതൊന്നും പള്ളികളിൽ ചർച്ച ചെയ്യാതിരിക്കുകയും ചെയ്യുന്നു''.
''സമുദായത്തിലെ അത്തരക്കാരെ ഒറ്റപ്പെടുത്താനും ശ്രമിക്കാതെ ആരാധനാലയങ്ങളിൽ ഇടതുപക്ഷ വിരുദ്ധത പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യേണ്ടിവരും. ബാബരി മസ്ജിദ് തകർന്നപ്പോഴും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതിരിക്കുകയും മുത്തലാഖ് ബില്ലിൽ ചർച്ചക്ക് ഉന്നത നേതാവ് പോകാതിരിക്കുകയും ചെയ്തപ്പോഴുമൊന്നും ഉയരാത്ത സമുദായ സ്നേഹം ഇപ്പോൾ ഉയരുന്നതിന് കാരണം തെരഞ്ഞെടുപ്പിൽ പല സീറ്റുകളിലെ തോൽവിയും ബിരിയാണി പാർട്ടിയുടെ അടിത്തറ ഇളകുകയും ചെയ്തതാണ്. ഇതിൽനിന്ന് കരകയറാൻ കാണിക്കുന്ന ലീഗിൻറെ ഈ കുതന്ത്ര രാഷ്ട്രീയം മത സംഘടനകൾ തിരിച്ചറിയുമെന്ന് കരുതുന്നു''.
ഇടതുപക്ഷത്തിന് മറുപടിയുമായി ലീഗ് നേതാവ് ടിപി അഷ്റഫലി രംഗത്ത് വന്നിട്ടുണ്ട്. അഷ്റഫലിയുടെ പ്രതികരണം ഇങ്ങനെ: '' പള്ളിയിൽ പറഞ്ഞാൽ എന്താണ് പ്രശ്നം? വഖഫ് സ്വത്തുക്കൾ അല്ലാഹുവിൻ്റെ പ്രീതിക്കായി ഇസ്ലാം മതവിശ്വസികളായ മനുഷ്യർ സമർപ്പിച്ചവയാണ്. അവ ഉപയോഗിച്ച് മസ്ജിദ്, മദ്രസ, യതീംഖാന മറ്റു മതപഠന സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നു. ആ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരാണ് അതിൻ്റെ കമ്മറ്റിയംഗങ്ങൾ, മുതവല്ലിമാർ എന്നിവർ.അവരിൽ നിന്നുള്ള പ്രതിനിധികളാണ് വഖഫ് ബോർഡിലെ അംഗങ്ങൾ കൂടെ അതാത് സർക്കാറുകൾ നോമിനേറ്റ് ചെയ്യുന്നവരും. അതിൻ്റെ വിശുദ്ധിയേടെയല്ലാതെ അവ കൈകാര്യം ചെയ്യാൻ ശ്രമമുണ്ടായാൽ പ്രതിരോധിക്കുക തന്നെ ചെയ്യും.
തികച്ചും വിശ്വാസപരമായ വഖഫ് സംബന്ധമായകാര്യം മുസ്ലിം സമുദായംഗങ്ങളെ ധരിപ്പിക്കാൻ പിന്നെ പള്ളികളിൽ അല്ലാതെ എവിടെ പറയും? അത് പറയാൻ തീരുമാനിച്ചത് കേരളത്തിലെ മുസ്ലിം മത,സാമുദായിക സംഘടനകളുടെ സംയുക്ത യോഗമാണ്. ഇസ്ലാമിക ചരിത്രത്തിൽ മതപരമായ ഉത്ബോധനങ്ങൾക്കൊപ്പം ഭരണകാര്യങ്ങളും,യുദ്ധ അറിയിപ്പുകളും തുടങ്ങി ശക്തമായ രാഷ്ട്രീയ തീരുമാനങ്ങൾ പ്രഖ്യാപിചിട്ടുള്ള ഇടം തന്നെയാണ് മസ്ജിദ് മിമ്പറുകൾ. അവ തുടരുക തന്നെ ചെയ്യും. സമുദായത്തിൻ്റെ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ കവചം തീർക്കാൻ തന്നെയാണ് മുസ്ലിം ലീഗ്, അത് ഞങ്ങൾ നിർവ്വഹിക്കുക തന്നെ ചെയ്യും.












Click it and Unblock the Notifications