വാഹനവുമെടുത്ത് 'അഭ്യാസത്തിനിറങ്ങിയാൽ പണികിട്ടും'; റേസിംഗ് നിരോധിച്ച് കളക്ടർ
പാലക്കാട്; ജില്ലയില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ മോട്ടോര്‍ വാഹന റേസിങ് നടത്തിയാൽ ഇനി 'പണി'കിട്ടും. ജില്ലയില്‍ സര്‍ക്കാറിന്റെ രേഖാ മൂലമുള്ള അനുമതിയില്ലാതെ നടത്തുന്ന എല്ലാ തരം മോട്ടോര്‍ വാഹന റേസിങ് മത്സരങ്ങളും നിരോധിച്ച് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു.
ജില്ലയില്‍ അനധികൃതമായി വാഹനയോങ്ങൾ സംഘടിപ്പിക്കുന്നതായി കളക്ടർക്ക് റിപ്പോർട്ട് ലഭിച്ചിരുന്നു.മത്സരയോട്ടം - അഭ്യാസ പ്രകടനങ്ങള്‍ - ഓഫ് റോഡ് റേസ് എന്നിവ നടക്കുന്നുണ്ടെന്ന് കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയത്. തുടർന്നാണ് കളക്ടറുടെ അടിയന്തര ഇടപെടൽ.
പുതിയ തുടക്കത്തിന് ചിയേഴ്സ്;സന്തോഷം പറഞ്ഞ് ആര്യ ബഡായ്..വൈറൽ ചിത്രങ്ങൾ
നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന റേസിങ് വീഡിയോകളില്‍ ആകൃഷ്ടരാകുന്ന ചെറുപ്പക്കാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ മോട്ടോര്‍ വാഹന മത്സരങ്ങളില്‍ പങ്കെടുത്ത് ഗുരുതര പരിക്കുകളും മരണവും സംഭവിക്കുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. മാത്രമല്ല പൊതു സ്ഥലങ്ങളില്‍ അടക്കമാണ് ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇത് ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും വെല്ലുവിളിയാകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
റേസിംഗ് മത്സരങ്ങളുടെ സ്വാധീനത്താല്‍ റോഡ് സുരക്ഷയ്ക്ക് തടസ്സമായി പൊതു നിരത്തുകളില്‍ വാഹനം ഓടിക്കുന്ന പ്രവണതയും വര്‍ധിച്ചുവരുന്നതിനാല്‍ സര്‍ക്കാറിന്റെ അനുമതിയില്ലാതെ നടത്തുന്ന എല്ലാ തരം മോട്ടോര്‍ വാഹന റേസിങ് മത്സരങ്ങളും 2019 -ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട്, സെക്ഷന്‍ 189 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു.