മണ്ണാർക്കാട് മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു: ദാരുണ സംഭവം പിതാവിന്റെ കണ്‍മുന്നില്‍
പാലക്കാട്: മണ്ണാർക്കാട് മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു. കോട്ടോപ്പാടം പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. അക്കര റഷീദ് എന്നുവരുടെ മക്കളായ റിൻഷി (18), നിഷിത (26), റമീഷ ( 23 ) എന്നീ സഹോദരിമാരാണ് മരിച്ചത്. കൂട്ടത്തില്‍ ഒരാള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ സഹോദരിമാരായ രണ്ടുപേർ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.
അപകടത്തില്‍ പെട്ട യുവതികളുടെ നിലവിളികേട്ട് എത്തിയ അതിഥി തൊഴിലാളികളും നാട്ടുകാരും ചേർന്ന് കരയ്ക്കെത്തിച്ച് ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൂന്നുപേർക്കും നീന്തല്‍ അറിയില്ലായിരുന്നുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

വിവാഹിതരായ റമീഷയും നിഷിതയും ഓണാവധിക്ക് വിരുന്ന് വന്നതായിരുന്നു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു നൽകും. മരണപ്പെട്ട റിന്‍ഷി നഴ്സിങ് വിദ്യാർത്ഥിയാണ്. ഒരാള്‍ക്ക് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്നാണ് ഭീമനാട് വാർഡ് മെമ്പർ നാസർ വ്യക്തമാക്കുന്നത്. ഉടന്‍ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
കുട്ടികളുടെ പിതാവ് നോക്കിനില്‍ക്കെയാണ് അപകടമുണ്ടായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജസീ അക്കരയും വ്യക്തമാക്കി. പിതാവ് തുണി അലക്കുന്നതിനിടെയായിരുന്നു അപകടം. അപകടം കണ്ട് സ്തംബ്ധനായി പോകുകയായിരുന്നു പിതാവ്.
'സമീപത്ത് തന്നെ പിതാവുണ്ടായിരുന്നു. ഒരാള്‍ മുങ്ങിപോയപ്പോള്‍ ബാക്കിയുള്ളവർ പിടിക്കാന്‍ പോയതാണെന്നാണ് പറയുന്നത്. കൃത്യമായ വിവരം ഇതുവരെ ലഭ്യമല്ല. സാധാരണയായി ആളുകള്‍ കുളിക്കുകയും അലക്കുകയും ചെയ്യുന്ന കുളമാണ്. ഒഴിഞ്ഞ പ്രദേശത്താണ് കുളം ഉള്ളത് എന്നതിനാല്‍ തന്നെ ആളുകള്‍ എത്താന്‍ താമസിച്ചിട്ടുണ്ടാവാം.' പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.












Click it and Unblock the Notifications