പാലക്കാട് മലയോര മേഖകളിൽ ജാഗ്രത തുടരുന്നു;നദികളിൽ ജലനിരപ്പ് ഉയർന്നു
പാലക്കാട്; പാലക്കാട് ജില്ലയിൽ മഴ കുറഞ്ഞെങ്കിലും മലയോര മേഖലകളിൽ ഉൾപ്പെടെ കനത്ത ജാഗ്രത തുടരുന്നു.നിലവിൽ മൂന്ന് അണക്കെട്ടുകളുടെ ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. നദികൾ പലതും കരകവിഞ്ഞ് ഒഴുകുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 50 സെമി വീതവും മംഗലം ഡാമിന്റെ ആറ് സ്പില്‍വേ ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ 60 സെമി വീതവും മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതവും തുറന്നിട്ടുണ്ട്. പോത്തുണ്ടി ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 25 സെമി വീതമാണ് തുറന്നത്.മൂലത്തറ റെഗുലേറ്ററിൽ 19 ഷട്ടറുകളില്‍ ഒരു ഷട്ടര്‍ 40 സെമിയും തുറന്നിട്ടുണ്ട്.

വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ അണക്കെട്ടുകള്‍ ഇരുപത്തിനാല് മണിയ്ക്കൂറും നിരീക്ഷിയ്ക്കാന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അണക്കെട്ടുകളിലെ വെള്ളമെത്തിയതോടെ ഭാരതപ്പുഴ, കല്‍പ്പാത്തി, ഗായത്രി പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്
നിലവിൽ ചിറ്റൂര്‍, ആലത്തൂര്‍, മണ്ണാര്‍ക്കാട് താലൂക്കുകളിലായി 3 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.ചിറ്റൂര്‍ താലൂക്കിലെ നെല്ലിയാമ്പതില്‍ പാടഗിരി പാരിഷ് പള്ളിയില്‍ ഏഴ് കുടു0ബങ്ങളിലെ 25 പേരെയും (8 പുരുഷന്‍മാര്‍, 12 സ്ത്രീകള്‍, 5 കുട്ടികള്‍ ) ആലത്തൂര്‍ താലൂക്ക് വണ്ടാഴി വില്ലേജ് വീഴ്‌ലിയില്‍ ചെറുനെല്ലിയില്‍ നിന്നുള്ള ഒമ്പത് കുടു0ബങ്ങളിലെ 20 പേരെ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍മിച്ച മൂന്ന് വീടുകളിലും (6 പുരുഷന്‍മാര്‍, 12 സ്ത്രീകള്‍, 2 കുട്ടികള്‍) മണ്ണാര്‍ക്കാട് താലൂക്ക് പൊറ്റശ്ശേരി സക്കാര്‍ ഹൈസ്‌കൂളില്‍ പാമ്പന്‍തോട് കോളനിയിലെ നാല് കുടുംബങ്ങളിലെ 15 പേരെയും (രണ്ട് പുരുഷന്‍മാര്‍, ഏഴ് സ്ത്രീകള്‍, ആറ് കുട്ടികള്‍) മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
ജില്ലയിൽ ചൊവ്വാഴ്ച ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കൊല്ലങ്കോട് താലൂക്കിലായിരുന്നു. ഇവിടെ 148.2 മിമി മഴയാണ് പെയ്തത്. ഏറ്റവും കുറവ് പെയ്തത് ഒറ്റപ്പാലം താലൂക്കിലും, ഇവിടെ 19 മിമി മഴയാണ് ലഭിച്ചത്. അതേസമയം കാലവർഷം പകുതി പിന്നിട്ടും ജില്ലയിൽ ശരാശരി മഴ മാത്രമാണ് ലഭിച്ചത്. സാധാരണഗതിയിൽ ഈ കാലയളവിൽ 1023.1 മിമി മഴയായിരുന്നു ജില്ലയിൽ ലഭിക്കേണ്ടത്. എന്നാൽ ഇത്തവണ ലഭിച്ചത് 858.8 മിമി മഴയാണ്. അതായത് 16 ശതമാനം മഴയുടെ കുറവാണ് നേരിട്ടത്.












Click it and Unblock the Notifications