ആർഎസ്എസ് പ്രവർത്തകന്റെ കൊല; ദൗർഭാഗ്യകരമെന്ന് സതീശൻ; ക്രമസമാധാനനില തകർന്നുവെന്ന് സുരേന്ദ്രൻ
പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സംഭവം അത്യന്തം പ്രതിഷേധാർഹമാണ്. വർഗീയതയുടെ പേരിലുള്ള കൊലപാതകങ്ങൾ ഒരു കാരണവശാലും വച്ച് പൊറുപ്പിക്കാനാകില്ല. എസ്ഡിപിഐ പ്രതി സ്ഥാനത്തുള്ള കേസുകളിൽ പ്രതികളെ പിടികൂടുന്നില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

പുന്ന നൗഷാദിൻ്റെയും അഭിമന്യുവിൻ്റെയും കൊലപാതകികൾക്കെതിരെ കാര്യമായ അന്വേഷണമുണ്ടായില്ല. പൊലീസ് അന്വേഷണം ഇത്തരം കൊലപാതകങ്ങളിൽ സ്തംഭനാവസ്ഥയിലാണ്. എസ്ഡിപിഐയുമായി തെരഞ്ഞെടുപ്പിൽ ബന്ധം ഉണ്ടാക്കിയവരാണ് സിപിഎമ്മെന്നും വിഡി സതീഷൻ ആരോപിച്ചു. കൊലപാതകം പ്രതിഷേധാർഹമാണ്. എസ്ഡിപിഐ പ്രതിസ്ഥാനത്തുള്ള കേസുകളിൽ പൊലീസ് പ്രതികളെ പിടികൂടാൻ തയ്യാറാകുന്നില്ലെന്നും സതീശൻ പറഞ്ഞു. സംഭവം ദൗർഭാഗ്യകരമാണെന്നും രാഷ്ട്രീയ കൊലപാതകങ്ങൾ വച്ചുപൊറുപ്പിക്കാനാകില്ലെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
പുതിയ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് മഡോണ സെബാസ്റ്റിയന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

മമ്പറത്തെ ആർഎസ്എസ് പ്രവർത്തകനായ എലപ്പുള്ളി സ്വദേശി സഞ്ജിത് ആണ് മരിച്ചത്. 27 വയസായിരുന്നു. മരണകാരണം തലയ്ക്കേറ്റ വെട്ടെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. തലയിൽ മാത്രം ആറ് വെട്ടുകളുണ്ടായിരുന്നു. ശരീരത്തിലാകെ 30 ലേറെ വെട്ടുകളുണ്ടായിരുന്നെന്നും പ്രാഥമിക പരിശോധയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു കൊലപാതകം നടന്നത്. പാലക്കാട് മമ്പറത്തെ ഭാര്യവീട്ടിൽ നിന്നും ഭാര്യയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെയാണ് കാറിലെത്തിയ അക്രമികൾ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തിയത്.

വിജനമായ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം. ബൈക്കിൽ നിന്നും സഞ്ജിത്തിനെ തള്ളിയിട്ട അക്രമികൾ ഭാര്യയുടെ മുന്നിൽ വച്ച് യാതൊരു പ്രകോപനവുമില്ലാതെ നിർദാക്ഷണ്യം കൊലപ്പെടുത്തുകയായിരുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് പ്രാഥമിക വിലയിരുത്തലിലാണ് പൊലീസ്. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ എട്ടംഗസംഘമായി തിരിഞ്ഞ് പ്രതികൾക്കായി അന്വേഷണ സംഘം തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ഇതിനിടെ, കൊലപാതകത്തെ അപലപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് രംഗത്തെത്തിയിരുന്നു. സർക്കാരിനും സിപിഎമ്മിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് അദ്ദേഹം നടത്തിയത്. എസ്ഡിപിഐ ക്രിമിനൽ സംഘങ്ങളെ സർക്കാരും സിപിഎമ്മും പൊലീസും ചേർന്ന് സംരക്ഷിക്കുന്നതായി സുരേന്ദ്രൻ കുറ്റപ്പെടുത്തി. കേരളത്തിൽ 10 ദിവസത്തിനുള്ളിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെയാണ് എസ്ഡിപിഐക്കാർ കൊല ചെയ്തത്. പൊലീസിന്റെയും സർക്കാരിന്റെയും വീഴ്ചയാണ് കൊലപാതകങ്ങൾ ആവർത്തിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാനനില അപകടകരമായ സാഹചര്യത്തിലേക്കാണ് പോകുന്നത്. യാതൊരു പ്രകോപനവുമില്ലാത്ത സ്ഥലങ്ങളിൽ നിന്ന് പോലും വളരെ ആസൂത്രിതമായാണ് കൊലപാതകങ്ങൾ നടക്കുന്നത്. എസ്ഡിപിഐക്കാരെ നിയന്ത്രിക്കാൻ സർക്കാരിന് സാധിച്ചില്ലെങ്കിൽ ജനങ്ങൾ അവരെ നേരിടുമെന്നും എസ്ഡിപിഐക്ക് അതേ നാണയത്തിൽ മറുപടി നൽകാൻ ജനങ്ങളെ ബിജെപി അണിനിരത്തുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

അതിനിടെ, കൊലപാതകത്തിൽ പങ്കില്ലെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പറഞ്ഞു. തങ്ങൾക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ നടത്തിയ ആരോപണം അടിസ്ഥാന രഹിതമാണ്. കേസിൽ പൊലീസ് സത്യസന്ധമായ അന്വേഷണം നടത്തണമെന്നും എസ്‌ഡിപിഐ ജില്ലാ പ്രസിഡന്റ് ഷഹീർ ചാലിപ്പുറം ആവശ്യപ്പെട്ടു. സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സ്ഥലത്ത് തളംകെട്ടി കിടന്ന രക്തം കണ്ട് മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് മരുതറോഡ് സ്വദേശി രാമു (56) ആണ് മരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.












Click it and Unblock the Notifications