സംസ്ഥാനത്തെ കലാപഭൂമിയാക്കാന്‍ ആര്‍എസ്എസ് നീക്കം- എസ്ഡിപിഐ
തിരുവനന്തപുരം: പാലക്കാട് എലപ്പുളിയില്‍ സുബൈറിനെ വെട്ടിക്കൊന്ന സംഭവം സംസ്ഥാനത്തെ വീണ്ടും കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് നീക്കത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. ആഘോഷ ദിനങ്ങളെല്ലാം അക്രമത്തിനും രക്തച്ചൊരിച്ചിലിനും വേണ്ടി ആര്‍എസ്എസ് മാറ്റിവെച്ചിരിക്കുന്നു എന്നാണ് ഈ കൊലപാതകം തെളിയിക്കുന്നത്. രാമനവമി, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങള്‍ അന്യമതസ്ഥരുടെ രക്തമൊഴുക്കി ആഘോഷിക്കുന്ന ആര്‍എസ്എസ് നീക്കം രാജ്യത്തിന്റെ സമാധാനത്തിനു ഭീഷണിയാണ്.
റമദാന്‍ വ്രതമെടുത്ത് ജുമുഅ നമസ്‌കാരത്തിനു ശേഷം ബാപ്പയോടൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് ആര്‍എസ്എസ് സംഘം ആസൂത്രിതമായി സുബൈറിനെ കൊലപ്പെടുത്തിയിരിക്കുന്നത്. കൊലപാതകത്തില്‍ ഉന്നതതല ഗൂഢാലോചനയാണ് വ്യക്തമാകുന്നത്. കാറിടിപ്പിച്ച ശേഷം വെട്ടിവീഴ്ത്തുന്നതിന് പ്രത്യേക പരിശീലനം നല്‍കി സംസ്ഥാനത്ത് ക്രിമിനല്‍ സംഘത്തെ ആര്‍എസ്എസ് തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നു എന്ന അപകട സൂചനയാണ് നല്‍കുന്നത്.

സമീപകാലത്ത് നടന്ന കൊലപാതകങ്ങളിലുള്‍പ്പെടെ വ്യക്തമായ തെളിവുകളുണ്ടായിട്ടും ആര്‍എസ്എസ്സിന്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്താതിരുന്നത് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ അക്രമികള്‍ക്ക് പ്രോല്‍സാഹനമാവുകയാണ്. വളരെ കൃത്യമായ ആസൂത്രണത്തിലൂടെ നടത്തിയ കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണത്തിലൂടെ കൃത്യത്തില്‍ പങ്കെടുത്തവരെയും ഗൂഢാലോചനയില്‍ പങ്കാളികളായവരെയും പിടികൂടാന്‍ പോലീസ് തയ്യാറാവണമെന്നും പി കെ ഉസ്മാന്‍ ആവശ്യപ്പെട്ടു.
അതേസമയം, പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് എ സുബൈറിനെ ആര്‍എസ്എസ് വെട്ടിക്കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു. എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്റാണ് സുബൈര്‍. കൃത്യമായ ഗുഢാലോചനയിലൂടെ വളരെ ആസൂത്രിതമായാണ് ആര്‍എസ്എസ് കൊലപാതകം നടത്തിയിട്ടുള്ളത്. സംഭവത്തിന്റെ പിന്നിലുള്ള ഉന്നതതല ഗൂഡാലോചന പുറത്തു കൊണ്ടുവരണം. സംഘടനയുടെ പ്രാദേശിക നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിലൂടെ നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമം.
പാലക്കാട് ജില്ലയില്‍ ഉള്‍പ്പടെ കേരളത്തിലുടനീളം അടുത്തിടെ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ മുസ്ലിം സമുദായത്തിന് നേരെ കൊലവിളി പ്രകടനങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ രാമനവമി ആഘോഷങ്ങളുടെ മറവിലും രാജ്യത്തുടനീളം വലിയതോതില്‍ മുസ്ലിംവിരുദ്ധത പ്രചരിപ്പിച്ച് വ്യാപക ആക്രമണങ്ങളാണ് ആര്‍എസ്എസ് നടത്തിയത്. ഇതിന് പിന്നാലെയാണ് പാലക്കാട് ജില്ലയില്‍ സുബൈറിനെ കൊലപ്പെടുത്തിയത്. ഉത്തരേന്ത്യയില്‍ രാമനവമി ആഘോഷങ്ങളുടെ മറവില്‍ കലാപം നടത്തിയ ആര്‍എസ്എസ് വിഷു ആഘോഷങ്ങളുടെ മറവില്‍ കേരളത്തിലും പള്ളിയില്‍ നിന്നിറങ്ങുന്ന ആളുകളെ ആക്രമിച്ച് കലാപത്തിനാണ് ശ്രമിക്കുന്നത്. ആര്‍എസ്എസ് ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സി പി മുഹമ്മദ് ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു.












Click it and Unblock the Notifications