പറമ്പിക്കുളം ഷട്ടർ തകരാർ; വീഴ്ച തമിഴ്നാടിന്റേതെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ
പാലക്കാട്: പറമ്പിക്കുളം അണക്കെട്ടിന്റെ ഷട്ടറിന്റെ സാങ്കേതിക തകരാറിൽ തമിഴ്നാടിനെ വിമർശിച്ച് കേരള ഡാം സുരക്ഷ അതോറിട്ടി മുന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായർ. മഴക്കാലത്തിന് മുമ്പ് അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടും തമിഴ്നാടിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടികളും ഉണ്ടായില്ലെന്ന് അദ്ദേഹം വിമർശിച്ചു. ഇനി വെള്ളം ഒഴുകിപ്പോകാതെ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ വരെ താന്‍ ഡാം സുരക്ഷ അതോറിട്ടി ചെയര്‍മാനായിരുന്നു. കേരളത്തിലുള്ള ഡാമിന്റെ സുരക്ഷ കേരള പോലീസിനാണ്. എന്നാല്‍ തമിഴ്‌നാടുമായി തര്‍ക്കമുണ്ടായപ്പോള്‍ അവര്‍ നോക്കട്ടെ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ച നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സ്‌പെക്ഷന്‍ കേരളം തന്നെ തുടരണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
കൃത്യമായ പരിശോധന ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു സംഭവം ഉണ്ടാകില്ല. കേരളം ഇന്‍സ്‌പെക്ഷന്‍ നടത്തിയിരുന്നപ്പോള്‍ ചെറിയ ചോര്‍ച്ച പോലും പരിശോധിച്ച് പരിഹരിച്ചിരുന്നു. മുല്ലപ്പെരിയാര്‍ കേസ് വിജയിച്ചതോടെ തമിഴ്‌നാട് സര്‍ക്കാര്‍ ഈ ഡാമിന്റെ കാര്യം ഇനി തങ്ങൾ നോക്കാമെന്ന് പറയുകയായിരുന്നു. കൃത്യമായ പരിശോധനയുണ്ടായിരുന്നെങ്കില്‍ ഷട്ടര്‍ തന്നെ തകര്‍ന്നുപോകുന്ന അവസ്ഥയുണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
അതേസമയം പറമ്പിക്കുളം അണക്കെട്ടിന്റെ ഷട്ടർ തകരാർ പെട്ടെന്ന് പരിഹരിക്കാൻ തമിഴ്നാട് ശ്രമം തുടങ്ങിയതായി പാലക്കാട് ജില്ലാ കളക്ടർ മൃൺമയി ജോഷി അറിയിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് നാലോ അഞ്ചോ ദിവസം വേണ്ടി വരുമെന്നും കളക്ടർ പറഞ്ഞു.
അതേസമയം വെള്ളത്തിന്റെ അമിതപ്രവാഹത്തിനെ തുടർന്ന് പറമ്പിക്കുളം ആദിവാസി മേഖലയിൽ നിന്നുള്ളവരെ മാറ്റിപാർപ്പിക്കുന്നുണ്ടെന്നും കലക്ടർ അറിയിച്ചു. തുടർച്ചയായി 20,000 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്. തൃശ്ശൂർ വൈൽഡ് ലൈഫ് വാർഡനും ചിറ്റൂർ തഹസിൽദാർക്കും അറിയിപ്പ് നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു.
ബുധനാഴ്ച പുലർച്ചയോടെയായിരുന്നു ഷട്ടർ തനിയെ തുറന്നത്.
ഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെമി വീതം തുറന്ന് വെള്ളം ഒഴുക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് നടുവിലെ ഷട്ടർ തുറന്നത്. 25 അടി നീളമുള്ള ഷട്ടറാണ് തുറന്ന് പോയത്. ഇതോടെ കൂടുതൽ അളവിൽ വെള്ളം പെരിങ്ങൽക്കുത്ത് ഡാമിലേക്കും തുടർന്ന് ചാലക്കുടി ഒഴുകിയെത്തിയിട്ടുണ്ട്. മേഖലയിൽ ജാഗ്രത നിർദ്ദേശം ഉണ്ട്.












Click it and Unblock the Notifications