അഭിമാനമായി രാധിക; ഊരില്‍ നിന്നുള്ള ആദ്യ പഞ്ചായത്ത് പ്രസിഡന്‍റ്, അഭിനന്ദങ്ങളുമായി നേതാക്കള്‍
പാലക്കാട്: ചരിത്രത്തില്‍ ആദ്യമായി മലമ്പുഴക്ക് ഊരില്‍ നിന്നും ഒരു പഞ്ചായത്ത് പ്രസിഡന്‍റ്. 23 വയസ്സുകാരിയായ രാധിക മാധവനാണ് മലമ്പുഴ ഗ്രാമപഞ്ചായത്ത് അധ്യക്ഷയാകുന്ന ആദ്യ ഊര് നിവാസി. കൂലിപ്പണിക്കാരനായ മാധവന്റെയും ശാന്തയുടെയും മകളായ രാധിക എംഎ മലയാളം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. എലവുത്താന്‍ പാറ ആദിവാസി കോളനിയിലെ രാധികയുടെ ഒറ്റമുറി വീടിന് പട്ടയവും ശുചിമുറിയും പോലുമില്ല. പഠനത്തിനുള്ള ചിലവ് ആടിനെ വളര്‍ത്തി സ്വന്തമായി കണ്ടെത്തുന്നു.
രാധി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു വാഗ്ദാനം തന്നെ ആണെന്നുറപ്പാണെന്നാണ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സിപിഎം എന്‍എന്‍ കൃഷ്ണദാസ് ഫേസ്ബുക്കില്‍ കുറിച്ചത്. അത്രയും രാഷ്ട്രീയ വ്യക്തതയും പൊതു ബോധവും, പാർട്ടി കാഴ്ചപ്പാടും ഉള്ള സഖാവാണ് രാധിക. തന്റെ സ്വന്തം ഊര് വാസികളുടെ പുരോഗതിക്കായും, പഞ്ചായത്തിന്റെ പൊതു നന്മക്കു വേണ്ടിയും ഇച്ഛാശക്തിയോടെ പ്രവർത്തിക്കാനും രാധികക്ക് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടുന്നു. എന്‍എന്‍ കൃഷ്ണദാസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഇത് സഖാവ്. രാധികാ മാധവൻ 23 വയസ്സ്. മലമ്പുഴ പഞ്ചായത്തിന്റെ പുതിയ പ്രസിഡണ്ട്. മലമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് പദവി പട്ടിക വർഗ്ഗ വിഭാഗത്തിന് സംവരണം ചെയ്ത തീരുമാനം വന്നപ്പോൾ പാർട്ടിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. അത് സഖാവ്. രാധിക തന്നെ എന്ന് മലമ്പുഴയിലെ പാർട്ടി ലോക്കൽ കമ്മിറ്റി ഏകകണ്ഠമായി നിശ്ചയിച്ചു. മലമ്പുഴ റിസർവോയറിനും അക്കരെ മലയടിവാരത്ത് പഞ്ചായത്തിന്റെ മൂന്ന് വാർഡുകളുണ്ട്.
അതിലെ ഒന്നാം വാർഡ് വരുന്ന ആനക്കല്ലിന്റെ അപ്പുറത്തെ ചെറിയൊരു പട്ടിക വർഗ്ഗ കോളനിയിലാണ് രാധികയുടെ വീട്. ആ സ്ഥലം ഇപ്പോഴും പട്ടയം ലഭിച്ചിട്ടില്ലാത്ത ആദിവാസി കോളനിയാണ്. കേന്ദ്ര - വനം പരിസ്ഥിതി മന്ത്രാലയം അനുവദിക്കാത്തതിനാൽ ഇപ്പോഴും അതൊരു അനധികൃത ആവാസ മേഖലയായിട്ടാണ് കണക്കാക്കി പോരുന്നത്. അതിനാൽ അവിടെ സർക്കാർ ഫണ്ട് ഉപയോഗിച്ച് വീട് നിർമ്മിക്കാനോ, മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനോ സാധിക്കുന്നില്ല. അതിന്റെ എല്ലാ അവശതകളും നില നിൽക്കുന്ന കോളനിയാണത്. ആ അവശതകൾക്കിടയിലും പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നും ബിരുദം നേടി.
ഇപ്പോൾ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് രാധിക എന്ന ഈ 23കാരി..
സിപിഎം ബ്രാഞ്ച് അംഗം. ഡിവൈഎഫ്ഐ പഞ്ചായത്ത് കമ്മിറ്റി അംഗം...
രാധികയുടെ വാർഡ് സ്ത്രീകൾക്ക് സംവരണം ചെയ്ത വാർഡായിരുന്നു...(അവിടെയും വിജയിച്ചത് സിപിഎംസ്ഥാനാർഥി തന്നെ)
എന്നാൽ പാർട്ടി ലോക്കൽ കമ്മിറ്റി പഞ്ചായത്തിലെ പാർട്ടിക്ക് ഏറ്റവും വിശ്വാസമുള്ള പത്താം വാർഡിലാണ് രാധികയെ മത്സരിപ്പിച്ചത്. അത് മലമ്പുഴ പട്ടണത്തിലെ ഒരു ആദിവാസി പോലും ഇല്ലാത്ത ജനറൽ വാർഡായിരുന്നു. അവിടെ വലിയ ഭൂരിപക്ഷത്തിൽ തന്നെ രാധികയെ തെരെഞ്ഞെടുത്തു.
ഒരു സംശയവും ഇല്ലാതെ പഞ്ചായത്തിന്റെ അധ്യക്ഷയുമായി സത്യ പ്രതിജ്ഞ ചെയ്തു. ഈ ആദിവാസി പെൺകുട്ടി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു വാഗ്ദാനം തന്നെ ആണെന്നുറപ്പ്. അത്രയും രാഷ്ട്രീയ വ്യക്തതയും പൊതു ബോധവും, പാർട്ടി കാഴ്ചപ്പാടും ഉള്ള സഖാവാണ് രാധിക. തന്റെ സ്വന്തം ഊര് വാസികളുടെ പുരോഗതിക്കായും, പഞ്ചായത്തിന്റെ പൊതു നന്മക്കു വേണ്ടിയും ഇച്ഛാശക്തിയോടെ പ്രവർത്തിക്കാനും രാധികക്ക് സാധിക്കും.
രാധികക്ക് എല്ലാ ഭാവുകങ്ങളും!!!!