'പാലക്കാട് യോഗ്യൻ രാഹുൽ മാങ്കൂട്ടത്തിൽ; കെ രാധാകൃഷ്ണൻ തുനിഞ്ഞിറങ്ങിയാൽ ചേലക്കര തൊടാനാകില്ല'; കെ മുരളീധരൻ
പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലാണ് പാലക്കാട് മത്സരിക്കാൻ യോഗ്യനെന്നും ബി ജെ പിക്ക് പാലക്കാട് വിജയിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓൺലൈനിനോടായിരുന്നു പ്രതികരണം.
മണ്ഡല പുനഃർനിർണയത്തിൽ പാലക്കാടിന് മാറ്റം സംഭവിച്ചിട്ടുണ്ട്. പാലക്കാട് നഗരസഭയിൽ മാത്രമാണ് കോൺഗ്രസ്-ബി ജെ പി മത്സരം. മറ്റ് മൂന്ന് പഞ്ചായത്തുകളിലും യൂ ഡി എഫിന് ശക്തമായ സ്വാധീനമുണ്ട്. അതുകൊണ്ട് വട്ടിയൂർക്കാവ് കൈവിട്ടത് പോലെ പാലക്കാട് പോകില്ല. നിലനിൽ രാഹുൽ മത്സരിക്കുന്നതിനോടാണ് ഷാഫിക്ക് താത്പര്യം. അത് ഗുണം ചെയ്യുമെന്ന് തന്നെയാണ് വിശ്വാസം', കെ മുരളീധരൻ വ്യക്തമാക്കി. കോൺഗ്രസിന്റെ സിറ്റിങ് മണ്ഡലമായ പാലക്കാട് ബി ജെ പി രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ തവണ ശക്തമായ മത്സരം കാഴ്ചവെക്കാൻ ബി ജെ പിക്ക് കഴിഞ്ഞിരുന്നു. ഇക്കുറി ബി ജെ പി ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കുമെന്നാണ് സൂചന.

അതിനിടെ ചേലക്കര പിടിച്ചെടുക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. ഗുരുവായൂർ കഴിഞ്ഞാൽ ലീഗിന്റെ ശക്തികേന്ദ്രമാണ് ചേലക്കര. ലോക്സഭ തിരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ എനിക്കായിരുന്നു ലീഡ്. ലീഗിന്റെ ശക്തി തന്നെയാണ് അതിന് പിന്നിൽ. കോൺഗ്രസും ലീഗും ശക്തമായി പ്രവർത്തിച്ചാൽ ചേലക്കര കൂടെ പോരുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ചേലക്കരയിൽ കെ രാധാകൃഷ്ണന്റെ ഭൂരിപക്ഷം കുറഞ്ഞത് അദ്ദേഹത്തിനുള്ള പിന്തുണ കുറഞ്ഞത് കൊണ്ടല്ലെന്നും അദ്ദേഹം വിശദീകരിച്ചു. രാധാകൃഷ്ണന് ലോക്സഭയിലേക്ക് പോകാൻ താത്പര്യമുണ്ടായിരുന്നില്ല. അദ്ദേഹത്െ വിടാൻ ചേലക്കരക്കാർക്കും. അതുകൊണ്ട് കൂടിയാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം 5000ത്തിലൊതുങ്ങാൻ കാരണം. ശക്തമായ യു ഡി എഫ് തരംഗമുണ്ടായ 2001ൽ പോലും രാധാകൃഷ്ണൻ ചേലക്കരയിൽ ജയിച്ച് കയറിയിട്ടുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. 1996 മുതൽ രാധാകൃഷ്ണൻ ജയിച്ചുവരുന്ന മണ്ഡലമാണ് ചേലക്കര അഭിമാനവിഷയമാക്കി എടുത്ത് രാധാകൃഷ്ണൻ അവിടെ പ്രവർത്തിച്ചാൽ കോൺഗ്രസിന് കാര്യങ്ങൾ എളുപ്പമായേക്കില്ല,അദ്ദേഹം ഓർമ്മിച്ചു.
മന്ത്രി കെ രാധാകൃഷ്ണൻ ആലത്തൂരിൽ വിജയിച്ച സാഹചര്യത്തിലാണ് ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആലത്തൂരിൽ പരാജയപ്പെട്ട രമ്യ ഹരിദാസിനെ ചേലക്കരയിൽ മത്സരിപ്പിക്കണമെന്നാണ് കോൺഗ്രസിലെ നിലവിലെ ചർച്ച. ചേലക്കരയിലെ മന്ത്രിയുടെ ഭൂരിപക്ഷവും മന്ത്രിയുടെ വാർഡിലടക്കം മുന്നേറാനായതും രമ്യക്ക് അനുകൂല ഘടകമാണ്.












Click it and Unblock the Notifications