ഓണവിപണി ലക്ഷ്യമിട്ട് അതിര്‍ത്തിയിലെ റേഷനരി കടത്ത്:പരിശോധനയില്‍ അരിയും ഗോതമ്പും പിടിച്ചെടുത്തു
പാലക്കാട്: സംസ്ഥാനത്തിനകത്ത് അതിര്‍ത്തി പ്രദേശങ്ങള്‍ വഴി വ്യാപകമായി റേഷനരി കടത്തുന്നതായി പരാതികളും വാര്‍ത്തകളും ശ്രദ്ധയില്‍പ്പെട്ടതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ സൂക്ഷിച്ച അരിയും ഗോതമ്പും പിടിച്ചെടുത്തു. പാലക്കാട്, ചിറ്റൂര്‍ താലൂക്കുകളില്‍ തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും താലൂക്കിലെ മറ്റു മേഖലകളിലും പരിശോധന നടത്തുന്നതിന്റെ ഭാഗമായി പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സാധനങ്ങള്‍ പിടിച്ചെടുത്തത്.

പാലക്കാട് താലൂക്ക് കൊടുമ്പ് പഞ്ചായത്ത് കനാല്‍ പാലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഗോഡൗണില്‍ ആവശ്യമായ രേഖകളില്ലാതെയും കൃത്യമായ അളവോ തൂക്കമോ കൂടാതെയും സൂക്ഷിച്ചിരുന്ന 189 ചാക്കുകളില്‍ 9276 കിലോഗ്രാം പുഴുക്കലരിയും 72 ചാക്കുകളില്‍ 3481 കിലോഗ്രാം പച്ചരിയും 33 ചാക്കുകളില്‍ 1403 കിലോഗ്രാം മട്ടയരിയുമുള്‍പ്പെടെ 14,160 കിലോഗ്രാം അരിയും രണ്ട് ചാക്കുകളിലായി 80 കിലോഗ്രാം ഗോതമ്പുമാണ് പിടിച്ചെടുത്തത്. ഈ സ്ഥാപനത്തിന്റെ പഞ്ചായത്ത് ലൈസന്‍സ് കാലഹരണപ്പെട്ടതാണ്. എഫ്.എസ്.എസ്.എ ലൈസന്‍സ് ഇല്ല. സ്റ്റോക്ക് രജിസ്റ്ററും പരിശോധനയില്‍ കണ്ടെത്താനായില്ല.
പിടിച്ചെടുത്ത സാധനങ്ങള്‍ ജില്ലാ കലക്ടറുടെ ഉത്തരവ് ഉണ്ടാകുന്നതുവരെ കഞ്ചിക്കോട് സപ്ലൈകോയുടെ എന്‍.എഫ്.എസ്.എ ഗോഡൗണിലേക്ക് മാറ്റി. ഇവ പൊതുവിതരണ ശൃംഖല വഴി വിറ്റഴിച്ച് തുക സര്‍ക്കാരിലേക്ക് മുതല്‍ കെട്ടുമെന്നും അധികൃതർ അറിയിച്ചു.
കിലോ ഒരു രൂപയ്ക്ക് കിട്ടുന്ന തമിഴ്നാട് റേഷനരിയാണ് അതിർത്തി വഴി എത്തിച്ച് ഇരട്ടി വിലക്ക് കേരളത്തിൽ വിൽക്കുന്ന സംഭവങ്ങൾ വാർത്തയായിരുന്നു. പൊളളാച്ചിയിലെ അരിമില്ലുകൾ കേന്ദ്രീകരിച്ചാണ് തമിഴ്നാട് റേഷനികൾ കേരളത്തിൽ എത്തുന്നത്. തമിഴ്നാട്ടിൽ ഒരു റേഷൻ കാർഡ് ഉടമയ്ക്ക് നാൽപ്പത് കിലോവരെ ഒരു രൂപ നിരക്കിൽ മാസം തോറും ലഭിക്കുന്നുണ്ട്. ഈ അരികൊണ്ടാണ് അതിർത്തിയിലെ കരിഞ്ചന്ത കച്ചക്കവടക്കാർ ലാഭം കൊയ്യുന്നത്. ഇത്തരത്തിൽ അരിയെത്തിക്കുന്നത് തടയാനുള്ള മാർഗങ്ങളും പരിശോധനകളും ഇരു സംസ്ഥാനത്തും വ്യാപിപ്പിച്ചിരുന്നുവെങ്കിലും ഓണം അടുത്തതോടെ അധികൃതരുടെ കണ്ണുവെട്ടിച്ച് അരികടത്തുന്നത് വ്യാപകമായതോടെയാണ് വീണ്ടും പരിശോധന കർശനമാക്കിയത്. ജില്ലയില്‍ വരും ദിവസങ്ങളിലും വ്യാപകമായ പരിശോധനകള്‍ തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.












Click it and Unblock the Notifications