വാളയാര്‍ കേസില്‍ പുനരന്വേഷണം; സിബിഐ കുറ്റപത്രം തള്ളി പോക്‌സോ കോടതി
പാലക്കാട്:വാളയാര്‍ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് പാലക്കാട് പോക്സോ കോടതി.സിബിഐ കുറ്റപത്രം തള്ളിയ കോടതി കേസ് സിബിഐ തന്നെ വീണ്ടും അന്വേഷിക്കണമെന്നും ഉത്തരവിട്ടു. കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജിയിലാണ് പോക്സോ കോടതി വിധി.
വിധിയിൽ സന്തോഷമുണ്ടെന്നും സത്യം തെളിയുമെന്നാണ് പ്രതീക്ഷയെന്നും പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു. മക്കളുടേത് കൊലപാതകം തന്നെയാണ്. ഇനി വരുന്ന അന്വേഷണ ഉദ്യോഗസ്ഥരെങ്കിലും കൃത്യമായി അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷ.നേരത്തെ അന്വേഷിച്ച ഉദ്യോഗസ്ഥര്‍ വീണ്ടും അന്വേഷിക്കരുത്. നേരത്തെ അറിയാവുന്ന തെളിവുകളെല്ലാം സി ബി ഐക്ക് നല്‍കിയിരുന്നു. എന്നാല്‍ അവര്‍ അതൊന്നും ചെവിക്കൊണ്ടില്ലെന്നും അമ്മ പറഞ്ഞു.
വിധി റദ്ദാക്കണമെന്നും പുനര്‍ വിചാരണ വേണമെന്നുമാവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു സിബിഐക്ക് കേസ് വിട്ടത്. എന്നാൽ നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്നാണ് വാളയാറിലെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതെന്ന ക്രൈംബ്രാഞ്ച് കുറ്റപത്രത്തെ ശരിവെയ്ക്കുന്നതായിരുന്നു സി ബി ഐ കുറ്റപത്രവും.ഡമ്മി പരീക്ഷണമുൾപ്പെടെ സിബിഐ നടത്തിയെങ്കിലും ക്രൈംബ്രാഞ്ച് കണ്ടെത്തലുകളേക്കാൾ കൂടുതൽ ഒന്നും സിബിഐയ്ക്ക് കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇരു പെൺകുട്ടികളുടേതും ആത്മഹത്യ ആണെങ്കിലും കുട്ടികളുടെ ആത്മഹത്യയിലേക്ക് നയിച്ചത് പീഡനം ഉൾപ്പെടെയുള്ള കാര്യങ്ങളാണെന്നായിരുന്നു കുറ്റപത്രത്തിൽ പറഞ്ഞത്.
2017 ജനുവരി ഏഴിനാണ് വാളയാർ അട്ടപ്പള്ളത്തെ വീട്ടിൽ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മാസം കഴിഞ്ഞ് മാർച്ച് നാലിന് ഇതേ വീട്ടിൽ അനുജത്തിയായ ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഗുജറാത്ത് കലാപം പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കില്ല; കേന്ദ്രത്തിന്റെ നിര്‍ദേശത്തിനെതിരെ കേരളം
'മുടി മുന്നിലേക്കിട്ട് സ്റ്റൈലിഷ് ലുക്കിലെ കിടിലൻ സെൽഫി';സംയുക്ത മേനോന്റെ ചിത്രങ്ങൾ വൈറൽ