'കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ല'; ഈ വാര്‍ത്തയ്ക്ക് ഒരച്ഛനുണ്ടല്ലോ അതന്വേഷിക്ക്';പികെ ശശി
തിരുവനന്തപുരം: കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്ന് സിപിഎം നേതാവ് പി കെ ശശി. കെടിഡിസി ചെയര്‍മാന്‍ പദവിയില്‍ നിന്നും രാജിവെക്കാനല്ലല്ലോ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ആവശ്യപ്പെട്ടിട്ടുള്ളത്. പാർട്ടി തനിക്കെതിരെ നടപടിയെടുത്തത് അറിയില്ല. എല്ലാം കല്പിത കഥകളെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പികെ ശശി പറഞ്ഞു.
'രാജിവെക്കൽ എന്റെ അജണ്ടയിൽ ഉള്ളതേ അല്ല. ചില കൽപിത കഥകൾ മാധ്യമങ്ങൾ ഉണ്ടാക്കുകയാണ്. കെടിഡിസിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചെയ്യാനാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്തേക്ക് വന്നത്. ഇന്ന് സി ഐ ടിയു സംസ്ഥാന ഭാരവാഹി യോഗമാണ്. ഈ രണ്ട് കാര്യങ്ങൾക്ക് വേണ്ടിയാണ് ഞാൻ വന്നത്. അല്ലാതെ രാജി സമർപ്പിക്കാനല്ല. മാധ്യമങ്ങളുണ്ടാക്കുന്ന കഥക്ക് ഞാൻ എന്ത് മറുപടി നൽകാനാണ്',പികെ ശശി പറഞ്ഞു.

പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെപ്പറ്റി ചോദിച്ചപ്പോൾ അത് ബന്ധപ്പെട്ട ആളോട് ചോദിക്കൂവെന്നായിരുന്നു മറുപടി. യൂണിവേഴ്‌സല്‍ സഹകരണ കോളേജിനായി പണം പിരിച്ച വിഷയം ചോദിച്ചപ്പോൾ ഇതൊന്നും തനിക്ക് അറിയില്ലെന്നായിരുന്നു മറുപടി. 'ഈ വാർത്തകൾക്കൊക്കെ ഒരു അച്ഛൻ ഉണ്ടല്ലോ, അത് മാധ്യമങ്ങൾ ആദ്യം അന്വേഷിക്ക്. സംഘടനാപരമായ ഒരു കാര്യങ്ങളും മാധ്യമങ്ങളുമായി ചർച്ച ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നില്ല', പികെ ശശി പറഞ്ഞു.
മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് പി കെ ശശിക്കെതിരെ ഉയർന്ന ആരോപണം. ശശിക്കെതിരായ ആരോപണം സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പികെ ശശിയെ തരംതാഴ്ത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നത്.
സി പി എം ജില്ലാ കമ്മിറ്റിയംഗവും കെ ടി ഡി സി ചെയർമാനും സി ഐ ടി യു ജില്ലാ പ്രസിഡന്റുമാണ് പി കെ ശശി. പി കെ ശശി അധ്യക്ഷനായിരുന്ന യൂണിവേഴ്സൽ കോളേജ് നിയമനത്തിലും ക്രമക്കേട് നടന്നതായി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
മുൻ ഷൊർണൂർ എംഎൽഎയായ പികെ ശശിക്കെതിരെ നേരത്തേ ലൈംഗികാരോപണവും ഉയർന്നിരുന്നു. തുടർന്ന് 2018 ൽ അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറുമാസത്തേക്ക് സസ്പെന്‍റ് ചെയ്തിരുന്നു. എന്നാൽ സസ്‌പൻഷൻ കാലാവധിക്ക് ശേഷം അദ്ദേഹം പാർട്ടിയിൽ തിരികെയെത്തി പിന്നാലെ ടൂറിസം വകുപ്പിന് കീഴിലെ കെ ടി ഡി സി ചെയർമാനും ആയി.












Click it and Unblock the Notifications