റാന്നിയില്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസ്സുകാരി മരിച്ചു
പത്തനംതിട്ട: റാന്നിയില്‍ തെരുവ് നായയുടെ അക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസ്സുകാരി മരിച്ചു. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമി(12) യാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് 1.40 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. പേവിഷബാധയ്ക്ക് എതിരെ കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി. കുട്ടിയുടെ സ്രവങ്ങള്‍ പുണെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. നാളെ പരിശോധനാഫലം വരാനിരിക്കെയാണ് മരണം..

കഴിഞ്ഞ മാസം 14 ന് രാവിലെ പാല്‍ വാങ്ങാന്‍ പോകുമ്പോഴായിരുന്നു പെരുനാട് കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് റോഡില്‍ വെച്ച് കുട്ടിയെ തെരുവ് നായ്ക്കള്‍ അക്രമിച്ചത്. കണ്ണിലും കാലിലും കൈയ്യിലുമായി ഏഴിടത്ത് കടിയേറ്റു. പരിക്കേറ്റ കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് തന്നെ ആദ്യത്തെ വാക്സിന്‍ എടുക്കുന്നത്.
പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ചായിരുന്നു തുടർന്നുള്ള രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചത്. നാലാമത്തെ ഡോസ് വാക്സിന്‍ ഈ മാസം പത്തിനോടെ എടുക്കണമെന്നും ആശുപത്രിയില്‍ നിന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതിനിടയിലാണ് വെള്ളിയാഴ്ച്ച വൈകിട്ടോടെ കുട്ടിക്ക് അസ്വസ്ഥ അനുഭവപ്പെടാന്‍ തുടങ്ങിയത്. ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം അഭിരാമിയെ ആദ്യം പ്രവേശിപ്പിച്ച പെരിനാട് ആശുപത്രിക്കെതിരെ കുട്ടിയുടെ അച്ഛനും അമ്മയും ഗുരുതര ആരോപണം നടത്തിയിരുന്നു. പെരിനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ലെന്നും പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞെന്നുമാണ് കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം.












Click it and Unblock the Notifications