കോവിഡ് പ്രതിരോധം: മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനായി റിങ്ങ് ഫെന്‍സിങ്ങ് പദ്ധതി
പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനായി റിങ്ങ് ഫെന്‍സിങ്ങ് പദ്ധതി നടപ്പിലാക്കാനൊരുങ്ങി പത്തനംതിട്ട ജില്ലാ ഭരണകൂടം.
കോവിഡ് ബാധിച്ചാൽ ഏറ്റവും ഗുരുതര രോഗസാധ്യതയും മരണസാധ്യതയും മുതിര്‍ന്ന പൗരന്മാര്‍ക്കാണ്. ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുവികസന വകുപ്പ്, ആരോഗ്യ വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക പദ്ധതി രൂപീകരിച്ചത്.
ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ മുതിര്‍ന്ന പൗരന്മാരുടെ വിവരശേഖരണം അങ്കണവാടി പ്രവര്‍ത്തകര്‍ നടത്തും. ഈ വിവരങ്ങളുടെ വ്യക്തികളുടെ റിസ്‌ക് അസസ്‌മെന്റ് നടത്തി ഏറ്റവും രോഗസാധ്യതയുള്ള വ്യക്തികളെ കണ്ടെത്തുകയാണ് രണ്ടാം ഘട്ടം. 60ന് മുകളില്‍ പ്രായമുള്ള എല്ലാവരും രോഗപ്പകര്‍ച്ചാ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീടുകളില്‍ കഴിയണം. ഈ സംവിധാനമാണ് റിവേഴ്‌സ് ക്വാറന്റൈന്‍. റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയുന്നവരുടെ ആവശ്യങ്ങള്‍ ഗ്രാമപഞ്ചായത്തുകളിലെ വോളണ്ടിയര്‍മാര്‍ മുഖേന പൂര്‍ത്തീ കരിച്ചു നല്‍കും.
ശശി തരൂർ വക തെര്‍മല്‍ ഫേസ് ഡിറ്റക്ഷന്‍ ക്യാമറ, പ്രവാസികൾക്ക് വേണ്ടി തിരുവനന്തപുരം സജ്ജം!
മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ ആവശ്യങ്ങള്‍ ടെലികണ്‍സള്‍ട്ടേഷന്‍ മുഖേന പൂര്‍ത്തീ കരിക്കും. മരുന്നുകള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനത്തില്‍ നിന്നും ആശ പ്രവര്‍ത്തകര്‍ വീടുകളിലെത്തിക്കും. മാനസിക പിന്തുണ നല്‍കുന്നതിനായി ടെലികൗണ്‍സിലിംഗ് സൗകര്യം ഉണ്ടാകും. ആഹാരവും വീട്ടിലേക്ക് ആവശ്യമായ മറ്റ് വസ്തുക്കളും ഗ്രാമപഞ്ചായത്ത് വോളണ്ടിയര്‍മാര്‍ എത്തിക്കും. അങ്കണവാടി പ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശന സമയത്ത് മുതിര്‍ന്ന പൗരന്മാര്‍ക്ക് വിവിധ സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, ചെയ്യേണ്ട കാര്യങ്ങള്‍, ഒഴിവാക്കേണ്ട കാര്യങ്ങള്‍, ജില്ലാ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ എന്നിവ അടങ്ങുന്ന ലഘുലേഖ വിതരണം ചെയ്യുകയും ചെയ്യും.
അതേസമയം, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ നിർബന്ധമായും ക്വാറെന്റയിൻ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ജില്ല കളക്ടര്‍ പിബി നൂഹ് അറിയിച്ചു. ഐസോലേഷൻ സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് എത്തുന്നവരില്‍ റെഡ്സോണില്‍ നിന്നുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലും മറ്റുള്ളവരെ വീടുകളിലും നിരീക്ഷണത്തിലാക്കും. കോവിഡ് കെയര്‍ സെന്ററുകളില്‍ എത്താത്ത റെഡ് സോണില്‍ നിന്നുള്ളവരെ ഉടന്‍ തന്നെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് ഐസലേറ്റ് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.