പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല തീര്‍ത്ഥാടനം: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്. ലോകത്തിന്റെ പല ഭാഗങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും തീര്‍ത്ഥാടനങ്ങളോടനുബന്ധിച്ച് അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ശബരിമല തീര്‍ത്ഥാടനകാലം സുരക്ഷിതമായിരിക്കാന്‍ പ്രത്യേക ശ്രദ്ധ പാലിക്കേണ്ടതാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. ലോകത്തെമ്പാടും കോവിഡ് പശ്ചാത്തലത്തില്‍ പല തീര്‍ത്ഥാടനങ്ങള്‍ ഒഴിവാക്കുകയോ കര്‍ശനമായ പ്രോട്ടോകോള്‍ പാലിച്ച് നടത്തുകയോ ചെയ്തിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലാണ് ശബരിമല തീര്‍ത്ഥാടനത്തിനും ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള ധാരാളം തീര്‍ത്ഥാടകരും ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, പാചകക്കാര്‍ തുടങ്ങിയ മറ്റ് വ്യക്തികളും കൂട്ടമായെത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകും. ദീര്‍ഘദൂര യാത്രയ്ക്കിടെ കോവിഡ് ബാധിക്കുന്ന തീര്‍ഥാടകരില്‍ നിന്നും രോഗ വ്യാപനത്തിനും സാധ്യതയുണ്ട്. കൂടാതെ ഒത്തുകൂടുന്ന നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലും രോഗ വ്യാപനത്തിന് സാധ്യത ഏറെയാണ്. വായുസഞ്ചാരം കുറഞ്ഞ അടച്ചിട്ട ഇടങ്ങള്‍, ആള്‍ക്കൂട്ടം, മുഖാമുഖം സമ്പര്‍ക്കമുണ്ടാകുന്ന അവസരം എന്നീ 3 സാഹചര്യങ്ങളിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനം നടക്കുന്നത്. ഇത് മുന്നില്‍ കണ്ടാണ് ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നത്.

sabarimala

1. എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന പൊതുവായ കോവിഡ്-19 മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മല കയറുമ്പോള്‍ ശാരീരിക അകലം പാലിക്കണം. തീര്‍ത്ഥാടകര്‍ ഒരിക്കലും അടുത്തടുത്ത് വരാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രതിദിനം നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ തീര്‍ഥാടകരെ അനുവദിക്കരുത്.

2. യാത്ര ചെയ്യുമ്പോള്‍ കൈകഴുകല്‍, ശാരീരിക അകലം പാലിക്കല്‍, മാസ്‌ക് ഉപയോഗിക്കല്‍ എന്നിവ പാലിക്കേണ്ടതാണ്. യാത്രയില്‍ കൈ വൃത്തിയാക്കാന്‍ സാനിറ്റൈസര്‍ കരുതേണ്ടതാണ്.

3. അടുത്തിടെ കോവിഡ്-19 ബാധിച്ച അല്ലെങ്കില്‍ പനി, ചുമ, ശ്വാസതടസം, മണം നഷ്ടപ്പെടല്‍ തുടങ്ങിയ ലക്ഷണങ്ങളുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ തീര്‍ത്ഥാടനത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ടതാണ്.

4. എല്ലാ തീര്‍ഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂറിനകം നടത്തിയ കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരേണ്ടതാണ്. പ്രധാന പൊതുസ്ഥലങ്ങളിലും ശബരിമലയിലേക്കുള്ള യാത്രയിലുടനീളം ക്രമീകരിച്ചിട്ടുള്ള സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന ഏതെങ്കിലും അംഗീകൃത കോവിഡ് കിയോസ്‌കില്‍ നിന്ന് തീര്‍ത്ഥാടകര്‍ക്ക് പരിശോധന നടത്താവുന്നതാണ്.

5. റാപ്പിഡ് ആന്റിജന്‍ നെഗറ്റീവ് പരിശോധനാ ഫലവും സ്വീകരിക്കുന്നതാണ്. എങ്കിലും യാത്രയിലെ മുന്‍കരുതലുകളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാക്കാന്‍ അനുവദിക്കില്ല.

6. ശബരിമലയില്‍ എത്തുമ്പോള്‍ തീര്‍ത്ഥാടകര്‍ ഓരോ 30 മിനിറ്റിലും കൈകഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ വേണം. എല്ലാവരും ശാരീരിക അകലം പാലിക്കുകയും ഫെയ്‌സ് മാസ്‌കുകള്‍ ശരിയായി ധരിക്കുകയും വേണം.

7. കോവിഡ്-19 ല്‍ നിന്ന് സുഖം പ്രാപിച്ച രോഗികളില്‍ 10 ശതമാനം പേര്‍ക്ക് 3 ആഴ്ച വരെ നീണ്ടുനില്‍ക്കുന്ന രോഗ ലക്ഷണങ്ങള്‍ കാണാം. 2 ശതമാനം പേര്‍ക്ക് 3 മാസത്തോളം കാലമെടുക്കും അത് മാറാന്‍. അവയില്‍ ചിലത് കഠിനമായ അധ്വാനത്തിനിടയില്‍ പ്രകടമായേക്കാം. അത്തരക്കാര്‍ മല കയറുമ്പോള്‍ ഗുരുതുരമായ ശ്വാസകോശ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും. അതിനാല്‍ കോവിഡ്-19 ഭേദമായവര്‍ തീര്‍ത്ഥാടനത്തിന് പോകുന്നതിനുമുമ്പ് അവരുടെ ശാരീരിക ക്ഷമത ഉറപ്പുവരുത്തണം. ഇത്തരത്തിലുള്ള എല്ലാ വ്യക്തികള്‍ക്കും തീര്‍ത്ഥാടനത്തിന് മുമ്പായി പള്‍മോണോളജി, കാര്‍ഡിയോളജി ഫിറ്റ്‌നസ് എന്നിവ അഭികാമ്യമാണ്.

8. നിലക്കലിലും പമ്പയിലുമുള്ള ആളുകളുടെ ബാഹുല്യം ഒഴിവാക്കണം. ആളുകളുടെ ഒത്തുകൂടല്‍ ഒരു സ്ഥലത്തും അനുവദിക്കില്ല. ഓരോ ഉപയോഗത്തിന് ശേഷവും ടോയ്‌ലറ്റുകള്‍ അണു വിമുക്തമാക്കേണ്ടതാണ്.

9. തീര്‍ത്ഥാടകര്‍ക്കൊപ്പമുള്ള ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, പാചകക്കാര്‍ തുടങ്ങിയ എല്ലാവരും മുകളില്‍ സൂചിപ്പിച്ചതുപോലെ എല്ലാ ആരോഗ്യ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കേണ്ടതാണ്.

Recommended Video

cmsvideo
India trying to make indigenous vaccine | Oneindia Malayalam

English summary
Health Department releases Covid guidelines for Sabarimala pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X