ശബരിമലയ്‍ക്കെതിരെ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ഹിന്ദു ഐക്യവേദി
പത്തനംതിട്ട: ശബരിമലയ്‍ക്കെതിരെ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നവംബർ 29 ന് വിശ്വാസ സംരക്ഷണ ദിനം ആചരിക്കുന്നു. കൊവിഡ് പോസിറ്റീവായ ജീവനക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കം തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനുള്ള സര്‍ക്കാറ്‍ ഗൂഡാലോചനയാണെന്നാണ് ഹിന്ദു ഐക്യവേദി ആരോപിക്കുന്നത്.
കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുന്നതില്‍ ആരോഗ്യവകുപ്പ് തുടക്കത്തില്‍ തന്നെ എതിര്‍പ്പ് രേഖപ്പെടുത്തിയതാണ്. ഈ നിര്‍ദേശം മുഖവിലയ്ക്കെടുക്കാതെയാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഘട്ടം ഘട്ടമായി കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്. നിലവില്‍ സാധാരണ ദിവസങ്ങളില്‍ 1000 വും ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 ഭക്തരേയുമാണ് പ്രവേശിപ്പിക്കുന്നത്. ഈ സംഖ്യ 5000 ആക്കി ഉയര്‍ത്താനാണ് ദേവസ്വം ബോര്‍ഡിന്‍റെ നീക്കം. ഈതില്‍ അയ്യപ്പഭക്ത സംഘടനകൾക്കു പ്രതിഷേധമുണ്ടെന്നാണ് ഹിന്ദു ഐക്യ വേദി നേതാക്കൾ പത്ര സമ്മേളനത്തിൽ ആരോപിച്ചത്.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള തീരുമാനം വീണ്ട് വിചാരം ഇല്ലാത്തതാണ്. വരുമാനം വന്‍തോതില്‍ കുറഞ്ഞതിനാല്‍ കൊവിഡ് മാനദണ്ഡങ്ങൾ പോലും പാലിക്കാതെ സാമ്പത്തിക വരുമാനം ലക്ഷ്യമിട്ട് ദേവസ്വം ബോർഡ് ഉന്നയിച്ച ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അത് ദൂരവ്യാപക പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന് സര്‍ക്കാര്‍ നല്‍കുന്ന തുക ഉയര്‍ത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.