അധികാരം കവര്‍ന്നെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് ത്രിതല പഞ്ചായത്ത്, പത്തനംതിട്ട മുനിസിപ്പല്‍ അംഗങ്ങളുടെ കളക്ട്രേറ്റ് പിക്കറ്റിംഗ് 16ന്
പത്തനംതിട്ട: പത്തനംതിട്ട മുനിസിപ്പാലിറ്റി ഉള്‍പ്പെടെയുളള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാരത്തില്‍ കൈകടത്തുന്ന ആറന്മുള എം.എല്‍.എ യുടേയും, സര്‍ക്കാരിന്റേയും നടപടികളില്‍ പ്രതിഷേധിച്ച് 16ന് ജില്ലാ കളക്ട്രേറ്റ് പിക്കറ്റ് ചെയ്യന്നതിന് രാജീവ് ഭവനില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ജനപ്രതിനിധി സംഗമം തീരുമാനിച്ചു.
പത്തനംതിട്ട മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള 500 കോടിയിലധികം രൂപ വിലമതിക്കുന്ന സ്ഥലം സ്പോര്‍ട്സ് യുവജനകാര്യ വകുപ്പിന് കൈമാറി ഇല്ലാത്ത കിഫ്ബി ഫണ്ടിന്റെ പേരു പറഞ്ഞ് എകെജി സെന്ററിന് തീറെഴുതുവാനാണ് മുഖ്യമന്ത്രിയുടെ ആശ്രിത വത്സലയായ ആറന്മുള എംഎല്‍എ ശ്രമിക്കുന്നതെന്ന് ജനപ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്ത് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു. തെരെഞ്ഞെടുക്കപ്പെട്ട മുനിസിപ്പല്‍ ജനപ്രതിനിധികളെ നോക്കുകുത്തി ആക്കി സ്റ്റേഡിയം പണിയുടെ പേരില്‍ സ്ഥലം തട്ടിയെടുക്കുവാനുള്ള എംഎല്‍എയുടെ അതിമോഹം എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സ്റ്റേഡിയം നിര്‍മ്മിക്കുവാന്‍ എംഎല്‍എക്ക് ആത്മാര്‍ത്ഥമായ ആഗ്രഹം ഉണ്ടെങ്കില്‍ ധാരണ പത്രത്തിലെ മുനിസിപ്പാലിറ്റിക്കെതിരായ ഭാഗങ്ങള്‍ ഒഴിവാക്കി പരസ്പര ധാരണയോടെ പുതിയ കരാര്‍ ഒപ്പ് വയ്ക്കുവാന്‍ തയ്യാറാകണമെന്ന് ബാബു ജോര്‍ജ് ആവശ്യപ്പെട്ടു.
ലൈഫ് പദ്ധതി ഉള്‍പ്പെടെയുള്ള ത്രിതല പഞ്ചായത്തുകളുടെ പദ്ധതികള്‍ സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണെന്ന് ജനപ്രതിനിധികളുടെ സംഗമം ഒരു പ്രമേയത്തില്‍ കുറ്റപ്പെടുത്തി. പ്രളയാനന്തര ജില്ലയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍ ആയിരിക്കുകയാണെന്നും പ്രളയം മൂലം വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതി ആരംഭിക്കുന്നതിലും, കാര്‍ഷീക വിളകളും, കന്നുകാലി സമ്പത്തും നഷ്ടപ്പെട്ടവര്‍ക്കും സഹായങ്ങള്‍ വിതരണം ചെയ്യന്നതിലും ഉണ്ടായിട്ടുള്ള ഗുരുതരമായ വീഴ്ച പരിഹരിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ജനപ്രതിനിധി സംഗമം ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണദേവി, അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ എ സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം, സജി കൊട്ടക്കാട്, എം.എസ് സിജു, സോജി മെഴുവേലി, ജെറി മാത്യു സാം, സിന്ധു അനില്‍, പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഗീതാ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.


Click it and Unblock the Notifications