പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇവിടെയെല്ലാമുണ്ട് സാർ, പക്ഷെ വീട്ടിലെത്തിയാൽ എന്തുചെയ്യും: വിങ്ങിപ്പൊട്ടി പത്തനംതിട്ടയിലെ വീട്ടമ്മ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ഇവിടെയെല്ലാമുണ്ട് സർ, പക്ഷെ വീട്ടിലേക്ക് മടങ്ങിയാൽ ഞങ്ങൾ എന്തു ചെയ്യും. ഉപ്പുപാത്രം വരെ പ്രളയജലം കൊണ്ടുപോയി. ആറന്മുള ലക്ഷ്മിപാർവതിയിൽ ലത എന്ന വീട്ടമ്മ മുഖ്യമന്ത്രി പിണറായി വിജയൻ കോഴഞ്ചേരി തെക്കേമലയിലെ എംജിഎം ആഡി റ്റോറിയത്തിൽ എത്തിയപ്പോൾ അദ്ദേഹത്തോട് പറഞ്ഞ വാക്കുകളാണിത്. തങ്ങളുടെ വീട്ടിൽ മുറ്റത്തിനപ്പുറം ഒരിക്കലും വെള്ളം കയറിയിട്ടില്ല. എന്നാൽ 15ന് രാത്രിയോടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് അതിവേഗം ജലനിരപ്പ് ഉയർന്നു. വീട്ടിനുള്ളിൽ മുട്ടറ്റം ജലമായപ്പോൾ കൈയിൽ കിട്ടിയതുമെടുത്ത് അവശയായ അമ്മയേയും കൂട്ടി താനും സഹോദരിയും നാല് കുട്ടികളും വീടിന്റെ ടെറസിൽ അഭയം തേടി.

kerala-floods-

കോരിച്ചൊഴിയുന്ന മഴയിൽ ഒറ്റനില വീടിന്റെ ടെറസിൽ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ. വീടിന്റെ ടെറസിലേക്കും വെള്ളം കയറുന്ന നിലയിലേക്ക് സ്ഥിതി കൂടുതൽ മോശമായി. ജലനിരപ്പ് അതിവേഗം ഉയരുന്നു. ഇനിയൊരിക്കലും ജീവിതത്തിലേക്ക് മടങ്ങിവരുവാൻ കഴിയുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട നിമിഷങ്ങൾ. കൈയിൽ കരുതിയ മൊബൈൽ ഫോണിൽ കിട്ടാവുന്നവരെയൊക്കെ സഹായത്തിന് വിളിച്ചു. എല്ലാവരും നിസഹായർ. മത്സ്യബന്ധന ബോട്ടുകളിൽ രക്ഷാ പ്രവർത്തനത്തിന് ആളുകളെത്തുമെന്ന മറുപടി ചിലരിൽ നിന്ന് ലഭിച്ചു.

pathanamthittacamp

വെളുപ്പിന് മൂന്നരയോടെ മത്സ്യബന്ധന ബോട്ടുകളിൽ മത്സ്യതൊഴിലാളികളും എൻഡിആർഎഫിന്റെ സേനാംഗങ്ങളും എത്തി വീടിന്റെ ടെറസിൽ നിന്ന് ഏറെ ബുദ്ധിമുട്ടി ഏഴ് പേരെയും ബോട്ടുകളിലാക്കി. അടുത്ത രണ്ട് വീടുകളിലെ എട്ട് പേരെക്കൂടി രക്ഷപ്പെടുത്തി തെക്കേമലയിൽ എത്തിച്ചു. അവിടെ നിന്നും ആരോഗ്യ വകുപ്പിന്റെ ആംബുലൻസിൽ അതിവേഗം തെക്കേമലയിലെത്തിച്ചു. തുടർന്ന് അവശയായ അമ്മയേയും കുട്ടികളെയും സൈനികർ ആംബുലൻസിൽ നിന്നും സ്‌ട്രെച്ചറിൽ എംജിഎം ആഡിറ്റോറിയത്തിലേക്ക് മാറ്റി അടിയന്തര വൈദ്യസഹായം നൽകി. ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന കരുതിയ ജീവിതം തിരിച്ചു തന്നതിന് നന്ദി പറയേണ്ടത് മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾക്കും എൻഡിആർഎഫിന്റെ സേനാംഗങ്ങൾക്കും ജില്ലാ ഭരണകൂടത്തിനും സർക്കാരിനുമാണെന്ന തിരിച്ചറിവ് തങ്ങൾക്കുണ്ടെന്നും ലത പറഞ്ഞു.

12 വർഷം മുമ്പ് ലതയുടെ ഭർത്താവ് മരിച്ചു. രണ്ട് പെൺകുട്ടികളിൽ ഒരാൾ കാലടി ശ്രീശങ്കര കോളേജിൽ ബി.എസ്.സിക്ക് പഠിക്കുന്നു. ഇളയമകൾ തിരുവനന്തപുത്ത് ബി. ടെക്കിനും. ലതയുടെ അമ്മ ശാന്തമ്മ, സഹോദരി സുധ, എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും പഠിക്കുന്ന ഇവരുടെ രണ്ട് ആൺകുട്ടികൾ എന്നിവരടങ്ങുന്നതാണ് ലതയുടെ കുടുംബം. സ്വാതന്ത്ര്യദിനത്തിന്റെ അവധിയായതിനാൽ എല്ലാവരും വീട്ടിലുണ്ടായിരുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിധവയായ ലതയും ഭർത്താവ് ഉപേക്ഷിച്ച സഹോദരിയും ഏറെ ബുദ്ധിമുട്ടിയാണ് കുട്ടികളെ പഠിപ്പിക്കുന്നത്. വ്യവസായ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായ ഇവർക്ക് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. പ്രളയജലം വീട്ടിലുള്ളതെല്ലാം വിഴുങ്ങിയപ്പോൾ ഇനിയെന്തുചെയ്യുമെന്ന നിസഹായവസ്ഥയാണ് ഇവരുടെ മുന്നിലുള്ളത്. ജീവൻ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ പോലുമില്ലാതിരുന്ന തങ്ങളെ രക്ഷപ്പെടുത്തിയതുപോലെ പുനരധിവാസത്തിലും സർക്കാരിന്റെ കൈത്താങ്ങുണ്ടാകുമെന്ന വിശ്വസമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തിലൂടെ തങ്ങൾക്ക് ലഭിച്ചതെന്നും അവർ പറഞ്ഞു. വീട്ടിലേക്ക് മടങ്ങി നഷ്ടപ്പെട്ടതൊക്കെ തിരിച്ചുപിടിച്ച് ജീവിതം പച്ചപിടിപ്പിക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ലതയും കുടുംബവും. ഇതിന് സമൂഹത്തിന്റെ പിന്തുണയും ആവശ്യമുണ്ട്.

English summary
pathanamthitta local news camp resident's response after flood.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X