കോവിഡ് രോഗം സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശി ജിദ്ദയില്‍ മരിച്ചു
ജിദ്ദ: കോവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ടയിലെ മല്ലപ്പള്ളി താലൂക്ക് സ്വദേശിയായ വായ്പ്പൂര് പുത്തന്‍പറമ്പില്‍ അഹമ്മദ് സാലി-ഫാത്തിമ ദമ്പതികളുടെ മകന്‍ താജുദ്ദീനാണ് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സൗദിയിലെ ജര്‍മ്മന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഭാര്യ ജാസ്മിന്‍, മകന്‍ തൗഫീഖ്.
മുസ്ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡന്‍റ് കെഇ അബ്ദുള്‍ റഹ്മാന്‍റെ സഹോദര പുത്രനാണ് താജുദ്ദീന്‍. കെഎംസിസി, പത്തംതിട്ട ജില്ലാ സംഗമം തുടങ്ങിയ സംഘടനകളിലെ സജീവ പ്രവര്‍ത്തകനായിരുന്നു. കെഎംസിസി നേതൃത്വത്തിന്‍റെയും പത്തനംതിട്ട ജില്ലാ സംഗമത്തിന്‍റേയും നേതൃത്വത്തിലാണ് തുടര്‍ നടപടികള്‍ പുരോഗമിക്കുന്നത്.

അതേസമയം, പത്തനംതിട്ട ജില്ലയില്‍ ഇന്ന് മൂന്നു കോവിഡ്-19 കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. മേയ് 30ന് ഷാര്‍ജയില്‍ നിന്നും എത്തിയ കടപ്ര, പരുമല സ്വദേശിനിയായ 50 വയസുകാരി, മേയ് 28ന് കുവൈറ്റില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 43 വയസുകാരന്‍, മേയ് 27ന് അബുദാബിയില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശിയായ 52 വയസുകാരന്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 106 ആയി.
ജില്ലയില്‍ ഇന്ന് ആരും രോഗവിമുക്തരായില്ല. ആകെ രോഗമുക്തരായവരുടെ എണ്ണം 25 ആണ്. നിലവില്‍ ജില്ലയില്‍ 80 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 75 പേര്‍ ജില്ലയിലും, അഞ്ചു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 38 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ എട്ടു പേരും, ജനറല്‍ ആശുപത്രി അടൂരില്‍ രണ്ടു പേരും, സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 37 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 24 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 109 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് (8) പുതിയതായി 21 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
Recommended Video













Click it and Unblock the Notifications