പത്തനംതിട്ട നിരണം പഞ്ചായത്ത് യുഡിഎഫിന് നഷ്ടമായി; ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്
പത്തനംതിട്ട: നിരണം ഗ്രാമപഞ്ചായത്ത് ഭരണം യു ഡി എഫിന് നഷ്ടമായി. സി പി എമ്മിലെ എംജി രവിയെ പുതിയ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു.എൽ ഡി എഫ്-7 യു ഡി എഫ് -5 എന്നിങ്ങനെയാണ് വോട്ടുനില.
സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതിയായ മുൻ പ്രസിഡന്റ് കെ പി പുന്നൂസിനെ നേരത്തേ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. 13 അംഗങ്ങളിൽ എൽ ഡി എഫിലെ 6 അംഗങ്ങളും യു ഡി എഫിലെ ജോളി ഈപ്പനും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു.

തുടർന്ന് ഇന്ന് രാവിലെ നടന്ന തിരഞ്ഞെടപ്പിൽ കോൺഗ്രസിന്റെ അലക്‌സ് പുത്തൂപ്പള്ളിയെ അഞ്ചിനെതിരെ ഏഴ് വോട്ടുകൾക്കാണ് രവി പരാജയപ്പെടുത്തിയത്. അറസ്റ്റ് വാറൻ്റ് നിലനിൽക്കുന്നതിനാൽ പുന്നൂസ് വോട്ട് ചെയ്യാനെത്തിയിരുന്നില്ല. മാത്രമല്ല യു ഡി എഫിനെ പിന്തുണച്ച 2 സ്വതന്ത്രരിൽ ഒരാൾ (നിലവിലെ വൈസ് പ്രസിഡന്റും സ്വതന്ത്ര അംഗവുമായ അന്നമ്മ ജോർജ്) എൽ ഡി എഫിനെ പിന്തുണക്കുകയും ചെയ്തു. ഇതോടെയാണ് സി പി എമ്മിന് ഭരണം ലഭിച്ചത്.
കഴിഞ്ഞ ദിവസം കൊല്ലം കല്ലുവാതുക്കൽ പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ യു ഡി എഫ് ഭരണം പിടിച്ചെടുത്തിരുന്നു. എൽ ഡി എഫ് പിന്തുണയോടെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ ബി ജെ പിയെ താഴയിറക്കിയ കോൺഗ്രസ്, ബി ജെ പി പിന്തുണയോടെ തന്നെ ഒടുവിൽ അധികാരത്തിലെത്തുകയായിരുന്നു.












Click it and Unblock the Notifications