പോപ്പുലര്‍ ഫിനാന്‍സ്; ഉടമകള്‍ മുങ്ങിയത് 2000 കോടിയുമായി? 1500 ലേറെ നിക്ഷേപകര്‍ ആശങ്കയില്‍
പത്തനംതിട്ട: കോന്നി വകയാര്‍ പോപ്പുലര്‍ ഫൈനാന്‍സുമായി ബന്ധപ്പെട്ടു കോന്നി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സ്ഥാപനം അടച്ചു പൂട്ടി ഉടമയും കുടംബവും മുങ്ങിയതോടെ നിക്ഷേപകര്‍ക്ക് ഏകദേശം 2000 കോടിയോളം രൂപ നഷ്ടമുണ്ടായിട്ടുണ്ടെന്ന് പത്തനംതിട്ട എസ്.പി കെ.ജി സൈമണ്‍ വ്യക്തമാക്കി. സാമ്പത്തിക തട്ടിപ്പ് പരാതികളെല്ലാം കേസുമായി ബന്ധപ്പെടുത്തി അന്വേഷിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായും ജില്ലാപോലീസ് മേധാവി അറിയിച്ചു. ഉടമകളായ ഇണ്ടിക്കാട്ടില്‍ റോയി ഡാനിയേലും ഭാര്യ പ്രഭ ഡാനിയേലും അടങ്ങുന്ന കുടുംബം വകയാറില്‍ താമസിച്ചു വരികയായിരുന്നു. എന്നാല്‍, രണ്ടാഴ്ച മുമ്പ് വകയാറിലെ ആസ്ഥാനം അടച്ച് കുടുംബം സ്ഥലം വിടുകയായിരുന്നു.
സംസ്ഥാനത്തിന് പുറമെ വിദേശ മലയാളികളുടെ ഇടയിലുമായി ഏകദേശം 1500-ലേറെ നിക്ഷേപകര്‍ക്ക് പണം തിരിച്ച് കൊടുക്കാനുണ്ടെന്നാണ് കണക്കാക്കുന്നത്. മെയിന്‍ ഓഫീസ് പൂട്ടിയതോടെ മറ്റ് ശാഖകളും അടച്ചു പൂട്ടിക്കൊണ്ടിരിക്കുകയാണ്. വിശദമായ റിപ്പോര്‍ട്ട് കോടതിക്ക് അയക്കുമെന്നും നിലവിലെ അന്വേഷണ സംഘം വിപുലീകരിച്ചു പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിക്കുന്നതിനുള്ള നടപടി പൊലീസ് സ്വീകരിച്ചു. ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ടു ക്രിമിനല്‍ കേസ് ആണ് രജിസ്റ്റര്‍ ചെയ്തത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികള്‍ ഇതുമായി ചേര്‍ക്കും. നിക്ഷേപകര്‍ സിവില്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ സ്വന്തമായി നടത്തേണ്ടതാണെന്നും കെജി സൈമണ്‍ അറിയിച്ചു.
നിലവില്‍ കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ പി.എസ് രാജേഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാര്‍, എ.എസ്.ഐമാര്‍ മറ്റു പോലീസുദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെയും പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ന്യൂമാന്റെ നേതൃത്വത്തിലുള്ള സംഘം പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അന്വേഷണം നടത്തിവരികയാണ്. കൂടുതല്‍ പരാതികളുടെ അടിസ്ഥാനത്തില്‍ ഇന്ന് കേസ് എടുത്തതായും അന്വേഷണസംഘം വിപുലീകരിച്ചതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.
അടൂര്‍ ഡി.വൈ.എസ്.പി ആര്‍.ബിനുവിന്റെ മേല്‍നോട്ടത്തില്‍ ഏനാത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍, കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ്, പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ന്യൂമാന്‍, അടൂര്‍ പോലീസ് സബ് ഡിവിഷനിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ എസ്.സി.പി.ഒ വരെയുള്ള പോലീസുദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട പുതിയ സംഘം കേസുകള്‍ അന്വേഷിക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.
കശ്മീരില്‍ പിഡിപി നേതാക്കള്‍ തടങ്കലില്‍, ഫാറൂഖ് അബ്ദുള്ളയെ കണ്ട് കശ്മീരി പണ്ഡിറ്റ് സംരംഭകര്‍!!