Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ വന്‍ തിരക്ക്: നിയന്ത്രണങ്ങളില്‍ വലഞ്ഞ് ഭക്തർ; എരുമേലിയില്‍ റോഡ് പ്രതിഷേധം, ഉപരോധം

പത്തനംതിട്ട: ശബരിമലയില്‍ വീണ്ടും വന്‍ ഭക്തജന തിരക്ക്. ഇന്നലെ മാത്രം പതിനെട്ടാം പടി ചവിട്ടിയത് ഒരു ലക്ഷത്തിലധികം തീർത്ഥാടകർ. തിരക്ക് വർധിച്ചതോടെ തീർത്ഥാടകരുടെ നിര നീലിമല വരെ നീണ്ടു. ഇത് ആദ്യമായാണ് ഈ സീസണില്‍ ഒരു ലക്ഷത്തില്‍ അധികം തീർത്ഥാടകർ ഒരു ദിവസം പതിനെട്ടാം പടി കയറി സന്നിധാനത്ത് എത്തുന്നത്. തുടർച്ചയായ അവധി ദിനങ്ങളും മണ്ഡല പൂജ അടുത്തതുമാണ് തിരക്കിന് കാരണമായത്.

തിരക്ക് വർധിച്ചതോടെ വിവിധ ഇടങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി. നിശ്ചിത സമയക്രമം പാലിച്ചാണ് പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടുന്നത്. നിലയ്ക്കലും ഇടത്താവളങ്ങളിലും തീർത്ഥാടകരുടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇടത്താവളങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തിയതോടെ സന്നിധാനത്തെ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് പൊലീസും വ്യക്തമാക്കി.

sabarimala-

വൈക്കത്തും എരുമേലിയിലും തീർത്ഥാടക വാഹനങ്ങള്‍ പൊലീസ് നിയന്ത്രിക്കുന്നുണ്ട്. മണിക്കൂറുകള്‍ വാഹനം പിടിച്ചിടുന്നതില്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയ തീർത്ഥാടകർ റോഡ് ഉപരോധിച്ചു. കുടിവെള്ളം ഉള്‍പ്പെടെ ലഭിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും ഭക്തർ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥർ എത്തി സംസാരിച്ചെങ്കിലും രംഗം പൂർണ്ണമായി ശാന്തമായിട്ടില്ല.

ഇന്നലെ എരുമേലിയിലും തീർത്ഥാടകർ റോഡ് ഉപരോധിച്ചിരുന്നു. തീർത്ഥാടക വാഹനങ്ങൾ പമ്പയിലേയ്ക്ക് കടത്തി വിടാഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. പ്രതിഷേധം മണിക്കൂറുകളോളം നീണ്ടു. പേട്ട തുള്ളൽ പാതയടക്കമാണ് ഉപരോധിച്ചത്. അന്യ സംസ്ഥാന തീർത്ഥാടകരായിരുന്നു ഉപരോധം നടത്തിയത്. പമ്പയിൽ തിരക്കേറിയതോടെ എരുമേലിയിൽ പാർക്കിംഗ് ഗ്രൗണ്ടുകളിൽ വാഹനങ്ങൾ പിടിച്ചിട്ടതാണ് ഇവരെ പ്രകോപിതരാക്കിയത്. കെഎസ്ആർടിസി അടക്കം ഇവർ തടഞ്ഞിട്ടു.

സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് എരുമേലിയിലും വൈക്കത്തും അടക്കും വാഹനങ്ങള്‍ നിയന്ത്രിക്കുന്നത്. ഭക്തർ ഇതിനോട് സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെടുന്നു. ശബരിമലയിലെ തിരക്ക് കുറയുന്ന മുറയ്ക്കു വാഹനങ്ങൾ ഇറങ്ങുന്നതിനനുസരിച്ചു മാത്രം ഇടത്താവളങ്ങളിൽനിന്ന് വാഹനങ്ങൾ കടത്തിവിടുമെന്നാണ് പൊലീസ് അറിയിക്കുന്നത്.

അതേസമയം, സംഭവത്തില്‍ സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വർക്കി രംഗത്ത് വന്നു. ശബരിമലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കെടുകാര്യസ്ഥതയാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ന് ശബരിമലയിലേക്ക് പോകാൻ ഒരു ഭക്തനും സാധിച്ചിട്ടില്ല. 15 കിലോമീറ്റർ ചുറ്റും ബ്ലോക്കാണ്. വെള്ളവും തണലും ഇല്ലാതെ ഭക്തർ കഷ്ടപ്പെടുകയാണ്. ഇത് നിയന്ത്രിക്കാനുള്ളത് വിരലിൽ എണ്ണാവുന്ന പോലീസും കുറച്ചു പിള്ളേരും മാത്രം. ഈ നാടിന്റെ ഏറ്റവും വലിയ തിലകക്കുറിയായ ഒരു ക്ഷേത്രത്തെ ഇവർ തകർക്കാൻ ശ്രമിക്കുന്നത് ഇങ്ങനെയാണ്. ആദ്യം അവർ ആചാരം തെറ്റിക്കാൻ ശ്രമിച്ചു. അത് വിജയിക്കാതെ വന്നപ്പോൾ ശബരിമലയിലെ എല്ലാ സജ്ജീകരണങ്ങളും താറുമാറാക്കി. എങ്ങനെ തിരക്ക് കൂട്ടാം എന്ന ഗവേഷണത്തിലാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു.

നവകേരള യാത്രക്ക് മുഖ്യന് വിശറി വീശാനും യൂത്ത് കോൺഗ്രസുകാരെ അടിക്കാനും പോയ ഏമാന്മാർ ആ പണി കഴിഞ്ഞെങ്കിൽ ശബരിമല വരെ ചെല്ലണം. ആത്മാർത്ഥമായി ജോലി ചെയ്യണം. കഴിഞ്ഞ 40 ദിവസമായി കേരളത്തിലെ വഴിയോരങ്ങളിൽ അന്യായമായി മർദനം അഴിച്ചു വിട്ട് ഒട്ടേറെ ചെറുപ്പക്കാരുടെ ചോര വീഴ്ത്തിയവരാണ് നിങ്ങൾ . അയ്യനെ കണ്ട് വണങ്ങി ഒന്ന് മനസ്സിരുത്തി പ്രാർത്ഥിക്കുന്നത് നല്ലതാ. പെൻഷൻ കിട്ടില്ലെങ്കിലും ജയിൽ എങ്കിലും ഒഴിവാക്കി കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+