ശബരിമല തീർത്ഥാടനം: ഭക്തരെ സ്വീകരിക്കാന്‍ സന്നിധാനവും പരിസരവരും ഒരുങ്ങുന്നു, കെഎസ്ആർടിസി മികച്ച സൗകര്യമൊരുക്കും
പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനെത്തുന്ന തീർത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി ശബരിമല. ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതായി ദേവസ്വം വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ വ്യക്തമാക്കി. യുദ്ധകാല പ്രവർത്തനങ്ങള്‍ പൂർത്തിയാക്കാൻ വേണ്ട നടപടികൾക്ക് പമ്പയിൽ നടന്ന അവലോകന യോഗത്തിൽ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഈ വർഷം കൂടുതൽ തീർഥാടകർ എത്തുമെന്ന പ്രതീക്ഷയിൽ, സർക്കാർ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നു. സുഗമമായ ദർശനത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയിട്ടുണ്ട്. പ്രധാന ഇടത്താവളങ്ങളിൽ ഒന്നിലധികം തവണ യോഗങ്ങൾ നടത്തി. പമ്പയിൽ ഇത് രണ്ടാം തവണയാണ് അവലോകന യോഗം നടക്കുന്നത്. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും മണ്ഡല, മകരവിളക്കു കാലം മുഴുവൻ പൊലീസിന്റെ സേവനം സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിർച്വൽ ക്യൂ സംവിധാനം മികച്ച രീതിയിൽ തന്നെ തയ്യാറാക്കും. പ്രധാന ഇടത്താവളങ്ങളിൽ ഭക്തർക്ക് ബുക്കിങ്ങിന് സൗകര്യമുണ്ടാകും. തീർഥാടകരുടെ സൗകര്യങ്ങൾ ഉറപ്പാക്കാൻ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളുടെ ഭരണകൂടങ്ങൾ അടക്കമുള്ളവരുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സുരക്ഷിത തീർഥാടനത്തിന് വിവിധ ഭാഷകളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
കാനനപാതകൾ ഉൾപ്പെടെയുള്ള തീർഥാടനപാതയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളും തുറന്നുകൊടുക്കാനും ഇവിടങ്ങളില്‍, ആവശ്യമായ താത്കാലിക ടോയ്‌ലെറ്റുകളും വിരി ഷെഡ്ഡുകളും സ്ഥാപിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴയുടെ സാധ്യത മുന്‍നിർത്തി, തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക ഹസാർഡ് മെഷർമെന്റ് സ്റ്റഡി നടത്തുകയും, അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യും.
തീർഥാടകർക്കായി സന്നിധാനം, അപ്പാച്ചിമേട്, നീലിമല, പമ്പ, നിലയ്ക്കൽ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂർ സംവിധാനങ്ങൾ പ്രവർത്തിക്കും. 15 എമർജിൻസി മെഡിക്കൽ സെന്ററുകൾ തുറക്കും. ഇവിടേയ്ക്ക് ആവശ്യമായ മെഡിക്കൽ സംഘത്തെ വിന്യസിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്. ഇവരുടെ പരിശീലനവും ഉടൻ ആരംഭിക്കും.
കെ എസ് ആർ ടി സി മുൻ വർഷത്തേക്കാൾ മികച്ച സംവിധാനങ്ങൾ ഒരുക്കം. തീർഥാടകർക്കായി ദക്ഷിണ റെയിൽവേ പ്രത്യേക സർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നിലയ്ക്കൽ, പമ്പ, സന്നിധാനം, എരുമേലി എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും. ഭക്ഷ്യവിൽപ്പന സ്ഥാപനങ്ങളിൽ കർശന പരിശോധന നടത്തും. പരിശോധനയ്ക്കായി താത്കാലിക ലാബുകൾ തുറക്കും. എല്ലാ കച്ചവട സ്ഥാപനങ്ങൾക്കും രജിസ്‌ട്രേഷൻ ഉറപ്പാക്കും. കച്ചവടക്കാർക്കും അന്നദാനം നടത്തുന്ന ജീവനക്കാർക്കും പ്രത്യേക പരിശീലനം നൽകുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.












Click it and Unblock the Notifications