ശബരിമലയില്‍ എസ് അരുണ്‍കുമാർ പുതിയ മേല്‍ശാന്തിയാകും, മാളികപ്പുറത്ത് ടി വാസുദേവൻ
പത്തനംതിട്ട: എസ് അരുണ്‍കുമാർ നമ്പൂതിരി ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയാകും. മാളികപ്പുറം മേല്‍ശാന്തിയായി ടി വാസുദേവന്‍ നമ്പൂതിരിയേയും തിരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയും നിലവില്‍ കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിലെ മേൽശാന്തിയുമാണ്. നേരത്തെ ആറ് തവണ ശബരിമല മേല്‍ശാന്തി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട് ഇദ്ദേഹേം.
സഫലമായത് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നുവെന്നാണ് നിയുക്ത മേല്‍ശാന്തി എസ് അരുണ്‍കുമാർ നമ്പൂതിരിയിടെ പ്രതികരണം. അച്ഛനോടൊപ്പം കുട്ടിക്കാലത്ത് ഭഗവാനെ സേവിക്കാനായി പോയത് മുതലുള്ള ആഗ്രഹമാണ്. അത് ഇന്ന് സാധ്യമായിരിക്കുകയാണ്. എല്ലാം അയ്യപ്പന്റെ അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ടി വാസുദേവൻ നമ്പൂതിരി കോഴിക്കോട് തിരുമംഗലത്ത് ഇല്ലത്തെ അംഗമാണ്. ഉഷപൂജയ്ക്ക് പിന്നാലെ രാവിലെ 7.30 ഓടെയാണ് ശബരിമലയിലെ പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള ചടങ്ങുകള്‍ ആരംഭിച്ചത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശും വൈഷ്ണവിയുമാണ് പുതിയ മേല്‍ശാന്തിമാരുടെ നറുക്ക് എടുത്തത്. ശബരിമല മേൽശാന്തിയുടെ നറുക്ക് ഋഷികേശും മാളികപ്പുറത്തെ മേൽശാന്തിയുടെ നറുക്ക് വൈഷ്ണവിയും എടുത്തു.
ശബരിമല ക്ഷേത്ര മേല്‍ശാന്തി തിരഞ്ഞെടുപ്പിനായി 24 നമ്പൂതിരിമാരാണ് പട്ടികയിലുണ്ടായിരുന്നത്. മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പിനുള്ള അന്തിമ പട്ടികയില്‍ 15 പേരുമാണ് ഉണ്ടായിരുന്നത്.
അതേസമയം, പ്രതിഷേധം ശക്തമായതോടെ ശബരിമലയില്‍ സ്പോർട്ട് ബുക്കിങ് അനുവദിക്കാന്‍ സർക്കാർ തയ്യാറായിരുന്നു. ഇത്തവണ തീർത്ഥാടനം പൂർണ്ണമായും ഓണ്‍ലൈന്‍ രജിസ്ട്രേഷനാക്കി മാറ്റാനായിരുന്നു സർക്കാർ തീരുമാനം. ഇതോടെയാണ് പ്രതിഷേധം കനത്തത്. ഒടുവില്‍ 10000 പേർക്ക് സ്പോട്ട് ബുക്കിങ് അനുവദിക്കണമെന്ന ആവശ്യത്തിന് സർക്കാർ വഴങ്ങുകയായിരുന്നു.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒരു ദിവസം ആകെ 80000 പേർക്ക് ദർശനം അനുവദിക്കുക, ഇത് മുഴുവന്‍ വെർച്വൽ ക്യൂ ബുക്കിങ് വഴിയാക്കി മാറ്റുക എന്നതായിരുന്നു സർക്കാർ നിലപാട്. ശബരിമലയിൽ മണ്ഡല-മകരവിളക്ക് കാലത്ത് ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുഗമമായ തീർത്ഥാടനം ഉറപ്പാക്കുന്നതിന് വേണ്ടിയാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎന്‍ വാസവനും വ്യക്തമാക്കി.
തീർത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പോലീസ്, ജില്ലാ ഭരണകൂടം എന്നിവർ പങ്കെടുത്ത ഓൺലൈൻ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.എന്നാല്‍ വെർച്വൽ ക്യൂ ബുക്കിങ് സംവിധാനത്തെക്കുറിച്ച് അറിയാതെ അന്യസംസ്ഥാനത്ത് നിന്നും അടക്കമുള്ള നിരവധി ഭക്തർ ശബരിമലയിലേക്ക് എത്തുന്നുണ്ട്. സ്പോട്ട് ബുക്കിങ് ഇല്ലെങ്കില്‍ ഇവർക്ക് ദർശനം നടത്താന്‍ കഴിയാതെ മടങ്ങേണ്ടി വരുമെന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം.












Click it and Unblock the Notifications