ശബരിമല: മകരവിളക്കിന് കൂടുതല്‍ തീർത്ഥാടകർ എത്താം; മികച്ച ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുമെന്ന് മന്ത്രി
പത്തനംതിട്ട: 41 ദിവസത്തെ വ്രതാനുഷ്ഠാനം പൂർത്തിയാക്കി ശബരിമലയില്‍ മണ്ഡല പൂജ ചടങ്ങുകള്‍ നടന്നു. ഇന്ന് നടയടച്ച് കഴിഞ്ഞാല്‍ മകര വിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് നട വീണ്ടും തുറക്കും. മുന്‍ ദിവസത്തെ അപേക്ഷിച്ച് ഇന്ന് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും താരതമ്യേന തിരക്ക് കുറവായിരുന്നു. നാഗാലാന്‍ഡ് ഗവർണ്ണർ ഉള്‍പ്പെടേയുള്ളവർ ഇന്ന് സന്നിധാനത്ത് എത്തിയിരുന്നു. 30 ന് ശേഷം കൂടുതല്‍ ഭക്തർ എത്താന്‍ സാധ്യതയുണ്ടെന്നും അതിന് അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുമെന്നും ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
മണ്ഡല ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ രാവിലെ 10.30 നും 11.30 നും ഇടയില്‍ നടന്നു. മണ്ഡലപൂജയ്ക്കു മുന്നോടിയായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നും ഘോഷയാത്രയായി സന്നിധാനത്ത് എത്തിച്ച തങ്ക അങ്കിക്ക് ഭക്തി നിർഭരമായ വരവേൽപ്പ് നൽകി. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയാണ് മണ്ഡലപൂജയ്ക്കു ചാർത്തുന്നതിനുള്ള 451 പവൻ തൂക്കമുള്ള തങ്ക അങ്കി 1973 ൽ നടയ്ക്കു വച്ചത്.

ഇന്നലെ ഉച്ചയോടെ പമ്പയിലെത്തിയ തങ്ക അങ്കി ഘോഷയാത്ര മൂന്നുമണിയോടെ സന്നിധാനത്തേയ്ക്കു തിരിച്ചു. വൈകിട്ട് 5.20ന് ശരംകുത്തിയിലെത്തി ദേവസ്വം ബോർഡ് ഔദ്യോഗിക സ്വീകരണം നൽകി. എക്സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒ.ജി. ബിജു, അസിസ്റ്റന്റ എക്‌സിക്യൂട്ടീവ് ഓഫീസർ വിനോദ്, പോലീസ് അസിസ്റ്റന്റ് സ്‌പെഷൽ ഓഫീസർ സുരേഷ് ബാബു, വിജിലൻസ് സബ് ഇൻസ്‌പെക്ടർ ബിജു, ദേവസ്വം ബോർഡ് പി.ആർ.ഒ. സുനിൽ അരുമാനൂർ , അസിസ്റ്റന്റ് എഞ്ചീനിയർ. മനോജ്, ഇലക്ട്രിക്കൽ എഞ്ചീനിയർ സന്തോഷ് എന്നിവരടങ്ങിയ സംഘം ശരംകുത്തിയിലെത്തി തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.
പതിനെട്ടാംപടിക്കു മുകളിൽ ദേവസ്വം വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോർഡ് അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ , ദേവസ്വം കമ്മീഷണർ സി.എൻ . രാമൻ എന്നിവരുടെ നേതൃത്വത്തിൽ തങ്കഅങ്കി ഏറ്റുവാങ്ങി. ദേവസ്വം സ്‌പെഷൽ സെക്രട്ടറി എം.ജി. രാജമാണിക്യം, എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ, എ.ഡി.എം. സൂരജ് ഷാജി, സന്നിധാനം സ്‌പെഷൽ ഓഫീസർ കെ.എസ്. സുദർശൻ, ദേവസ്വം ചീഫ് എഞ്ചീനിയർ ആർ. അജിത്ത്കുമാർ എന്നിവർ സന്നിഹിതരായിരുന്നു.
തുടർന്നു സോപാനത്തിൽ വച്ച് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയും സഹശാന്തിമാരും ചേർന്നു തങ്ക അങ്കി ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്കു കൊണ്ടുപോയി. 6.41ന് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടന്നു. തുടർന്നു ഭക്തർക്ക് തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാൻ അവസരം ഒരുക്കി.












Click it and Unblock the Notifications