വർഷങ്ങൾക്ക് ശേഷം ശബരിമലയിലെ ശബരി ഗസ്റ്റ് ഹൗസ് പുതുക്കിപ്പണിയുന്നു
പത്തനംതിട്ട: വർഷങ്ങൾക്ക് ശേഷം ശബരിമലയിലെ ശബരി ഗസ്റ്റ് ഹൗസ് പുതുക്കിപ്പണിയുന്നു. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ശബരിമലയിലെ പ്രധാന ഗസ്റ്റ് ഹൗസായ ശബരിഗസ്റ്റ് ഹൗസ് പുതുക്കി പണിയുന്നത്. കഴിഞ്ഞ മണ്ഡലകാലത്ത് ഏറ്റവും കൂടുതൽ പരാതി ഉണ്ടായത് ശബരിഗസ്റ്റ് ഹൗസിലെ അസൗകര്യങ്ങളേയും അപര്യാപ്തതകളേയും കുറിച്ചായിരുന്നു. ഈ സാഹചര്യത്തിലാണ് ഗസ്റ്റ് ഹൗസ് പുതുക്കിപ്പണിയാനുള്ള തീരുമാനം എന്നാണ് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് വ്യക്തമാക്കുന്നത്.
ശബരിമല ഡെവലപ്മെൻറ് പ്രൊജക്റ്റിന്റെ ഭാഗമായി 1994 ഏപ്രിൽ 14ന് ശിലാസ്ഥാപനം നടത്തി18 മാസം കൊണ്ട് പണിപൂർത്തീകരിച്ച് 1995 നവംബർ 17ന് അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ ഭാസ്കരൻ നായർ ശബരി അതിഥി മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തീർത്ഥാടകര്‍ക്കായി 56 മുറികളാണ് ശബരി അതിഥി മന്ദിരത്തിൽ ഉള്ളത്.

ഉദ്ഘാടനം ചെയ്യപ്പെട്ട ശേഷം പൂർണ്ണമായ തോതിൽ പുനർനവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത് 30 വർഷങ്ങൾക്കുശേഷം ഇതാദ്യമാണ്.
മണ്ഡലം മകരവിളക്ക് മഹോത്സവത്തിന് മുൻപായി പണി പൂർത്തിയാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല തീർത്ഥാടകരിൽ നിന്ന് അധിക തുക ഈടാക്കുന്നില്ലെന്ന് കെ എസ് ആർ ടി സി സുപ്രീംകോടതിയെ അറിയിച്ചു. നിലയ്ക്കൽ - പമ്പ റൂട്ട് ദേശസാൽകൃതം ആണെന്നും അവിടെ സർവ്വീസ് നടത്താൻ തങ്ങൾക്ക് മാത്രമേ അധികാരം ഉള്ളൂ എന്നും സുപ്രീംകോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ കെ എസ് ആർ ടി സി വ്യക്തമാക്കി.
മണ്ഡല-മകരവിളക്ക് സീസൺ കാലത്ത് നിലയ്ക്കൽ - പമ്പ റൂട്ടിൽ സൗജന്യ സർവ്വീസ് നടത്താൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ച വിശ്വ ഹിന്ദു പരിഷിത്തിനെയും സത്യവാങ്മൂലത്തിൽ കെ എസ് ആർ ടി സി വിമർശിച്ചു. അനാരോഗ്യകരമായ മത്സരത്തിലൂടെ ജനങ്ങൾക്ക് ഇടയിൽ അഭിപ്രായ ഭിന്നത ഉണ്ടാക്കി അനാവശ്യ സാമ്പത്തിക ലാഭത്തിന് ആണ് വിശ്വ ഹിന്ദു പരീക്ഷത്തിന്റെ ശ്രമം എന്നാണ് കെ എസ് ആർ ടി സിയുടെ ആരോപണം.
മണ്ഡല-മകരവിളക്ക് സീസണ്‍ കാലത്ത് 20 ബസുകള്‍ വാടകയ്‌ക്കെടുത്ത് സൗജന്യമായി സര്‍വീസ് നടത്താനായിട്ടായിരുന്നു വി എച്ച് പി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ദേശസാല്‍കൃത റൂട്ടുകളില്‍ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്റ്റേജ് കാര്യേജ് വാഹനങ്ങളായി ഓടിക്കുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് കെ എസ് ആർ ടി സി വ്യക്തമാക്കുന്നത്.












Click it and Unblock the Notifications