പന്തളത്ത് ബിജെപിക്ക് തിരിച്ചടി: രാജിവെച്ച് അധ്യക്ഷയും ഉപാധ്യക്ഷയും; എല്‍ഡിഎഫ് അധികാരം പിടിക്കുമോ?
പന്തളം: ബി ജെ പിയിലെ വിഭാഗീയത രൂക്ഷമായ പന്തളം നഗരസഭയിലെ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു. അധ്യക്ഷ സുശീല സന്തോഷും ഉപാധ്യക്ഷ യു രമയുമാണ് സ്ഥാനം ഒഴിഞ്ഞത്. എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ ചർച്ചയ്ക്കെടുക്കാന്‍ ഒരുങ്ങവേയാണ് രാജി. ഇതോടെ ചരിത്രത്തില്‍ ആദ്യമായി അധികാരം പിടിച്ച പന്തളം നഗരസഭയിലെ ബി ജെ പി ഭരണം കാലവധി തികയ്ക്കാതെ നഷ്ടമാകുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
പാലക്കാട് നഗരസഭയ്ക്ക് പുറമെ സംസ്ഥാനത്ത് കേരളത്തില്‍ ബി ജെ പി ഭരിക്കുന്ന ഏക നഗരസഭ കൂടിയാണ് പന്തളം. ആകെ 33 സീറ്റുകളിൽ 18 സീറ്റുകൾ നേടിയാണ് പന്തളത്ത് ബി ജെ പി ഭരണം പിടിച്ചത്. ഭരണത്തിലേറുന്നതിന് മുമ്പ് തന്നെ പന്തളത്ത് ബി ജെ പിയില്‍ തർക്കവും ആരംഭിച്ചിരുന്നു. അധ്യക്ഷ സ്ഥാനം ജനറൽ ആയിരുന്നെങ്കിലും തർക്കം ഉടലെടുത്തതിനാൽ വനിതാ അംഗത്തെ നഗരസഭാധ്യക്ഷയാക്കുകയായിരുന്നു.

ബി ജെ പി കൗണ്‍സിലര്‍ കെവി പ്രഭയെ ചെയര്‍ പേഴ്സണ്‍ അസഭ്യം പറയുന്നതായുള്ള വീഡിയോയും ഇതിനിടെ പുറത്ത് വന്നു. തന്നെ അസഭ്യം പറഞ്ഞ ചെയര്‍ പേഴ്സണെതിരെ നടപടി എടുക്കാതിരുന്നതോടെ കെവി പ്രഭ പാർട്ടിയോട് അകന്ന് വിമതയായി. കെവി പ്രഭയോടൊപ്പം യു ഡി എഫിന്റേയും സുശീല സന്തോഷിനോട് ഇടഞ്ഞു നില്‍ക്കുന്ന രണ്ട് ബി ജെ പി കൗണ്‍സിലര്‍മാരുടെ കൂടെ പിന്തുണ ഉറപ്പിച്ചായിരുന്നു എല്‍ ഡി എഫിന്റെ അവിശ്വാസ പ്രമേയ നീക്കം.
ബി ജെ പിയുടെ 18 അംഗങ്ങളില്‍ കെവി പ്രഭയും മറ്റ് രണ്ട് പേരും ഇടതിനൊപ്പം ചേർന്നാല്‍ അവിശ്വാസം പ്രമേയം വിജയിക്കുന്ന സാഹചര്യമുണ്ടാകും. ഇത് മുന്‍കൂട്ടി കണ്ടാണ് അധ്യക്ഷയുടേയും ഉപാധ്യക്ഷയുടേയും രാജി. എല്‍ഡി എ ഫും യു ഡി ഫും ബി ജെ പി വിമതരും ചേര്‍ന്നാല്‍ 15 നെതിരെ 18 പേരുടെ പിന്തുണയാകും.
അതേസമയം, അവിശ്വാസത്തെ ഭയന്നല്ല രാജിയെന്ന് സുശീല സന്തോഷും യു രമ്യയും അവകശപ്പെടുന്നത്. പന്തളത്തെ ബി ജെ പി ഭരണം അഞ്ച് വർഷം പൂർത്തീകരിക്കും. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നും സുശീല സന്തോഷ് പറഞ്ഞു. പാര്‍ട്ടി രാജി ആവശ്യപ്പെട്ടില്ലെന്നും ഇരുവരും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെച്ചതെന്ന് ബി ജെ പി ജില്ലാ അധ്യക്ഷന്‍ വിഎ സൂരജും വ്യക്തമാക്കുന്നു. . രാജി വെച്ചതിന് പിന്നാലെ പന്തളത്ത് എൽ ഡി എഫ് പടക്കം പൊടിച്ച് ആഘോഷിച്ചപ്പോള്‍ രാജി ജനാധിപത്യത്തിൻ്റെ വിജയമെന്നായിരുന്നു യു ഡി എഫ് അംഗങ്ങളുടെ പ്രതികരണം.
സുശീല സന്തോഷിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന നിലപാടിലായിരുന്നു വിമതർ എന്നാണ് സൂചന. ഇതാണ് സുശീല സന്തോഷിന്റേയും രമ്യയുടേയും രാജിയിലേക്ക് നയിച്ച കാരണം. പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ തോറ്റ ബി ജെ പി സ്ഥാനാർത്ഥി കൃഷ്ണകുമാറിനായിരുന്നു പന്തളം നഗരസഭയിലെ ചുമതല എന്നതായിരുന്നു ശ്രദ്ധേയം. പന്തളത്തെ പാര്‍ട്ടി തകര്‍ച്ചയുടെ കാരണക്കാരന്‍ കൃഷ്ണകുമാര്‍ ആണെന്ന് കൗണ്‍സിലർമാർ അടക്കം ആരോപിച്ചിരുന്നു.












Click it and Unblock the Notifications