2000 പേർക്ക് തൊഴിൽ അവസരം: കോന്നിയില്‍ രണ്ട് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നു
പത്തനംതിട്ട: രണ്ടായിരത്തോളം പേർക്ക് തൊഴില്‍ അവസരങ്ങളുമായി കോന്നിയില്‍ പുതിയ വ്യവസായ പാർക്കുകള്‍ ആരംഭിക്കുന്നു. കോന്നി പഞ്ചായത്തിൽ മെഡിക്കൽ കോളേജിന് സമീപം കൃഷി വകുപ്പിന്റെ 5 ഏക്കർ ഭൂമിയിൽ പൊതുമേഖല സ്‌ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിന്റെ നേതൃത്വത്തിലും ചിറ്റാർ പഞ്ചായത്തിൽ സംസ്‌ഥാനത്ത് വ്യവസായ വകുപ്പ് അനുവദിച്ച 23 സ്വകാര്യ വ്യവസായ പാർക്കുകളിൽ ഉൾപ്പെടുത്തി സെൻട്രൽ ബസാർ ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിൽ 10 ഏക്കർ ഭൂമിയിലുമാണ് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നത്.
വ്യവസായ പാർക്കുകള്‍ പ്രവർത്തനക്ഷമമാകുന്നതോടെ പ്രത്യക്ഷത്തിലും പരോക്ഷത്തിലുമായി 2000 പേർക്ക് തൊഴിൽ ലഭിക്കുമെന്ന് സ്ഥലം എം എല്‍ എ കെയു ജനീഷ് കുമാർ വ്യക്തമാക്കി. എച്ച് എല്‍ എല്‍ നേതൃത്വത്തിൽ കോന്നിയിൽ ആരംഭിക്കുന്ന വ്യവസായ പാർക്കിൽ ആദ്യ ഘട്ടത്തിൽ കുപ്പിവെള്ള നിർമാണ കമ്പനിയും സർജിക്കൽ ഗ്ലൗസ്,ബ്ലഡ് സ്റ്റോറേജ് ബാഗ്, സർജിക്കൽ മാസ്ക് നിർമ്മാണ കമ്പനിയും പ്രവർത്തനമാരംഭിക്കും.തുടർന്ന് ടൌൺ ഷിപ്പ് സ്‌ഥാപിക്കുന്നത്തിന്റെ ഭാഗമായി വിശാലമായ മാൾ നിർമ്മിക്കുന്നതിനുള്ള പ്രൊപ്പോസലും സമർപ്പിക്കുമെന്നും എം എല്‍ എ വ്യക്തമാക്കി.

ചിറ്റാറിൽ ആരംഭിക്കുന്ന സ്വകാര്യ വ്യവസായ പാർക്കിൽ സിമെന്റ് കോൺക്രീറ്റ് മിക്സിങ് യൂണിറ്റ്, വിവിധ നിർമ്മാണ സാമഗ്രികൾ നിർമ്മാണ യൂണിറ്റുകൾ, പ്ലാസ്റ്റിക് ഉപകരണ നിർമ്മാണ യൂണിറ്റ് തുടങ്ങിയവ ആദ്യ ഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കും. വ്യവസായ പാർക്കിനോട് അനുബന്ധിച്ചു മൾട്ടി സൂപ്പർ മാർക്കറ്റും ആരംഭിക്കും.
ചിറ്റാറിലെ സ്വകാര്യ വ്യവസായ പാർക്കിൽ 10 ഏക്കർ ഭൂമി അഡ്വഞ്ചർ ടൂറിസം പദ്ധതിക്കായി അനുബന്ധമായി ഉൾപ്പെടുത്തിയിട്ടുണ്ട്.ഗവിയിലേക്ക് പോകുന്ന സഞ്ചാരികളെ ആകർഷിക്കുന്നതിനായി പ്രത്യേകം പദ്ധതികൾ തയ്യാറാക്കും.
മണ്ഡലത്തിൽ പരമാവധി പ്രാദേശിക തൊഴിൽ അവസരങ്ങൾ പരമാവധി സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുൻ നിർത്തിയാണ് പുതിയ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതെന്നും ജനീഷ് കുമാർ എം എല്‍ എ കൂട്ടിച്ചേർത്തു.
അതേസമയം, കേരളത്തിൽ ഐ ബി എം ജെനറേറ്റീവ് എ ഐ ഇന്നൊവേഷൻ സെൻ്റർ കൊച്ചിയില്‍ ആരംഭിച്ചു. ഇന്ന് കൊച്ചി ഇൻഫോപാർക്കിലെ ലുലു സൈബർ ടവറിൽ ഐബിഎമ്മിൻ്റെ വിപുലീകരിച്ച ഓഫീസിൻ്റെയും ജെനറേറ്റീവ് എ.ഐ ഇന്നൊവേഷൻ സെൻ്ററിൻ്റെയും ക്ലൈൻ്റ് എക്സ്പീരിയൻസ് സോണിൻ്റെയും ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവ്വഹിച്ചു.
ഐബിഎം പാർട്നർ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും സഹായം ലഭ്യമാക്കാനും ഉൽപ്പന്നങ്ങളുടെ പ്രോട്ടോടൈപ്പുകൾ നിർമ്മിക്കാനും ഒപ്പം തന്നെ ആഗോളതലത്തിൽ ഐബിഎമ്മിൻ്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന മറ്റ് കമ്പനികൾക്ക് ഉൽപ്പന്നങ്ങൾ മനസിലാക്കാനുമെല്ലാം ഇനി കേരളത്തിലെ ഈ സെൻ്റർ സഹായകമാകും. ലോകത്തിൽ തന്നെ ആദ്യമായാണ് ഒരു ഐബിഎം സെൻ്ററിൽ രണ്ട് തവണയായി ഒന്നിലധികം പദ്ധതികൾ ഒരു വർഷത്തിനിടെ ആരംഭിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications