• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളും ശിശുസൗഹൃദമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം: കുട്ടികള്‍ക്ക് ഏത് സമയത്തും നിര്‍ഭയരായി പരാതി നല്‍കാനുളള അന്തരീക്ഷം പോലീസ് സ്റ്റേഷനുകളില്‍ സൃഷ്ടിക്കാനാണ് കേരള പോലീസ് ശ്രമിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സംസ്ഥാനത്തെ 15 പോലീസ് സ്റ്റേഷനുകളില്‍ പുതുതായി ആരംഭിച്ച ശിശുസൗഹൃദ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

വിവിധ ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നവരുടെ മക്കള്‍ക്ക് സന്തോഷകരമായി സമയം ചെലവഴിക്കാന്‍ ലക്ഷ്യമിട്ടാണ് 2006 ല്‍ ശിശുസൗഹൃദ പോലീസ് സ്റ്റേഷന്‍ എന്ന ആശയം നടപ്പില്‍ വരുത്തിയത്. പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനവും പോലീസുകാരുടെ ജോലിയും മനസിലാക്കാനും അതുവഴി കുട്ടികള്‍ക്കും സമൂഹത്തിനും അവരോടുളള അകല്‍ച്ച ഇല്ലാതാക്കാനും ഇത്തരം കേന്ദ്രങ്ങള്‍ക്ക് കഴിയും. നിലവില്‍ 85 പോലീസ് സ്റ്റേഷനുകളിലാണ് ഇത്തരം കേന്ദ്രങ്ങള്‍ നിലവിലുളളത്. മൂന്ന് മാസത്തിനുളളില്‍ 12 പോലീസ് സ്റ്റേഷനുകളില്‍ കൂടി ഈ സംവിധാനം നടപ്പിലാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഈ സംവിധാനം നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

കൊല്ലം റൂറലിലെ ചടയമംഗലം, പത്തനാപുരം, അഞ്ചല്‍, എറണാകുളം സിറ്റിയിലെ ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പോലീസ് സ്റ്റേഷന്‍, വനിതാ പോലീസ് സ്റ്റേഷന്‍, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, മലമ്പുഴ, മലപ്പുറത്തെ ചങ്ങരംകുളം, നിലമ്പൂര്‍, താനൂര്‍, കണ്ണൂരിലെ പാനൂര്‍, കാസര്‍ഗോഡ് ജില്ലയിലെ ആധൂര്‍, രാജപുരം, ബദിയടുക്ക എന്നിവയാണ് ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകളായി മാറിയത്.

കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുളള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ 2019 ലെ അവാര്‍ഡ് തൃശൂര്‍ സിറ്റിയിലെ ഒല്ലൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ഏറ്റുവാങ്ങി. സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുളള മുഖ്യമന്ത്രിയുടെ 2019 ലെ ട്രോഫി പങ്കിട്ട പത്തനംതിട്ട, മണ്ണുത്തി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. കോട്ടയം ജില്ലയിലെ പാമ്പാടി പോലീസ് സ്റ്റേഷന്‍ രണ്ടാം സമ്മാനവും തിരുവനന്തപുരം സിറ്റിയിലെ തമ്പാനൂര്‍ പോലീസ് സ്റ്റേഷന്‍ മൂന്നാം സമ്മാനവും നേടി.

പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ പരാജയപ്പെടുന്ന കുട്ടികളെ വീണ്ടും പരീക്ഷയ്ക്ക് സജ്ജരാക്കാന്‍ പോലീസ് മുന്‍കൈയെടുത്ത് നടപ്പിലാക്കുന്ന ഹോപ്പ് എന്ന പദ്ധതിയുടെ ഇക്കൊല്ലത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി നിര്‍വ്വഹിച്ചു. പത്താം ക്ലാസ് പരീക്ഷയില്‍ പരാജയപ്പെട്ട 522 കുട്ടികള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ഈ പദ്ധതി പ്രകാരം വീണ്ടും പരീക്ഷയെഴുതാന്‍ പരിശീലനം നല്‍കിയത്. അവരില്‍ 465 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും വിജയിക്കുകയുണ്ടായി.

ആവശ്യക്കാരായ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പഠനോപകരണങ്ങളും പുസ്തകങ്ങളും വസ്ത്രങ്ങളും നല്‍കുന്ന പുത്തനുടുപ്പും പുസ്തകവുമെന്ന പദ്ധതിയും സംസ്ഥാന പോലീസ് മേധാവി ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം നേടിയ പൂര്‍വ്വവിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് വോളന്റിയര്‍ കോര്‍ എന്ന സന്നദ്ധ സംഘടന മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ദേശീയ പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഷോര്‍ട്ട്ഫിലിം, ഫോട്ടോഗ്രാഫി മത്സരങ്ങളുടെ വിജയികള്‍ക്കുളള സമ്മാനദാനവും സംസ്ഥാനപോലീസ് മേധാവി നിര്‍വ്വഹിച്ചു. സൈബര്‍ ലോകത്തെ ചതിക്കുഴികളിലേയ്ക്ക് വെളിച്ചം വീശുന്ന തരത്തില്‍ സൈബര്‍ ഡോമിന്റെ ആഭിമുഖ്യത്തില്‍ ആര്‍ട്ടിസ്റ്റ് നന്ദന്‍പിളള തയ്യാറാക്കിയ പ്രൊഫസര്‍ പോയിന്റര്‍ - ദി ആന്‍സര്‍ ടു സൈബര്‍ ഇഷ്യൂസ് എന്ന പുസ്തകത്തിന്റെ പ്രകാശനവും സംസ്ഥാന പോലീസ് മേധാവി നിര്‍വ്വഹിച്ചു. വിവിധ ജില്ലകളില്‍ നിന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും എസ്.പി.സി കേഡറ്റുകളും ചടങ്ങില്‍ ഓണ്‍ലൈനായി സംബന്ധിച്ചു.

Thiruvananthapuram

English summary
All police stations in Kerala will be child friendly, says state police chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X