'അന്യമതത്തില്‍ നിന്ന് വന്ന ആളായിട്ടും ഓരോ കൊല്ലവും പൊങ്കാല ഇടാനാണ് ആഗ്രഹം', ആനി പറയുന്നു
ഭർത്താവും സംവിധായകനുമായ ഷാജി കൈലാസിന്റെ അമ്മ അടുത്തിടെ മരണപ്പെട്ട സാഹചര്യത്തിൽ ഇക്കുറി ആനി വീട്ടിലാണ് പൊങ്കാല അടുപ്പൊരുക്കുന്നത്.

തിരുവനന്തപുരം: തലസ്ഥാന നഗരം ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങിയിരിക്കുകയാണ്. പതിനായിരക്കണക്കിന് സ്ത്രീകള്‍ ആറ്റുകാല്‍ ക്ഷേത്രത്തിലും വീടുകളിലുമൊക്കെയായി പൊങ്കാലയിടും. ആറ്റുകാല്‍ പൊങ്കാല കാഴ്ചകളില്‍ സ്ഥിരമായി കാണുന്ന ചില മുഖങ്ങളുണ്ട്. അതിലൊന്നാണ് നടി ആനിയുടേത്. ഇത്തവണ ആനി വീട്ടിലാണ് പൊങ്കാലയിടുന്നത്. കുടുംബത്തിന് വേണ്ടിയും നാടിന് വേണ്ടിയും പൊങ്കാലയിട്ട് പ്രാര്‍ത്ഥിക്കുമെന്ന് ആനി പറയുന്നു.
''ഒരു മഹാമാരി വന്ന് പോയപ്പോള്‍ നമ്മള്‍ ഓരോരുത്തരും അനുഭവിച്ചതാണ്. അങ്ങനെ ഒരു ദുരന്തം ഇനി വരരുത് എന്ന് പ്രാര്‍ത്ഥിക്കുന്നു. ആറ്റുകാല്‍ പോയി പൊങ്കാല ഇടുമ്പോള്‍ താന്‍ ഇരിക്കുന്നതിന്റെ സമീപത്തായിട്ട് തന്നെയാണ് ചിപ്പി ഉണ്ടാകാറുളളത്. അവിടെ തന്നെ ആയിരുന്നു നേരത്തെ കല്‍പ്പന ചേച്ചി ഇരുന്നിരുന്നത്. ഇതൊന്നും കൂടാതെ നമ്മള്‍ കാണാത്ത കുറേ ആളുകള്‍ പല സ്ഥലത്ത് നിന്നായി വരുന്നുണ്ട്. അവരില്‍ പലരും സുഹൃത്തുക്കളായി മാറും. നമ്മള്‍ അവരുടെ വീട്ടിലെ അംഗമായി മാറും''. അത് വളരെ സന്തോഷമുളള അനുഭവം ആണെന്ന് ആനി മനോരമ ന്യൂസിനോട് പ്രതികരിച്ചു.
''താന്‍ അന്യമതത്തില്‍ നിന്ന് വന്നൊരു ആളായാല്‍ പോലും എല്ലാ പ്രാവശ്യവും പൊങ്കാല ഇട്ടിട്ട് വരുമ്പോഴും അടുത്ത കൊല്ലവും ഇടണം എന്നതാണ് തന്റെ ആഗ്രഹം. എത്ര പേര്‍ വന്ന് പൊങ്കാല ഇടുന്നു, ഇന്ന മതത്തില്‍ നിന്നുളളവര്‍ മാത്രമേ പൊങ്കാല ഇടാവൂ, സ്ത്രീകള്‍ മാത്രമേ ഇടാവൂ എന്നൊന്നും ഇപ്പോഴില്ല. എല്ലായിടത്തും ആണുങ്ങള്‍ പൊങ്കാല ഇടുന്നുണ്ട്. വിദേശികള്‍ ഇടുന്നുണ്ട്. മുസ്ലീംകളും ക്രിസ്ത്യന്‍സും പൊങ്കാല ഇടുന്നുണ്ട്'' എന്നും ആനി ചൂണ്ടിക്കാട്ടുന്നു.

ആറ്റുകാൽ പൊങ്കാലയ്ക്ക് വേണ്ടിയുളള എല്ലാ തയ്യാറെടുപ്പുകളും തിരുവനന്തപുരത്ത് പൂർത്തിയായിക്കഴിഞ്ഞു. അവസാനവട്ട ഒരുക്കങ്ങൾ നേരിൽക്കണ്ട് വിലയിരുത്താൻ ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ, റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി എന്നിവർ ക്ഷേത്രത്തിലെത്തി. വിവിധ സർക്കാർ വകുപ്പുകൾ ഒരുക്കിയ കൺട്രോൾ റൂമുകളും സ്റ്റാളുകളും മന്ത്രിമാർ സന്ദർശിച്ചു. തുടർന്ന് നടന്ന യോഗത്തിൽ പൊങ്കാല ഒരുക്കങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥർ മന്ത്രിമാരോട് വിശദീകരിച്ചു.
പൊങ്കാലയ്ക്കായുള്ള വിവിധ വകുപ്പുകളുടെ ക്രമീകരണങ്ങൾ തൃപ്തികരമാണെന്ന് മന്ത്രിമാർ വിലയിരുത്തി. ഇത്തവണ പകൽതാപനില ഉയരുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാൽ ആരോഗ്യവകുപ്പ് പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ആറ്റുകാൽ പൊങ്കാല സ്‌പെഷ്യൽ ഓഫീസറും സബ് കളക്ടറുമായ അശ്വതി ശ്രീനിവാസ്, എ.ഡി.എം അനിൽ ജോസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.












Click it and Unblock the Notifications