അച്ഛനും അയല്‍വാസിയും 11കാരിയെ പീഡിപ്പിച്ചു
തിരുവനന്തപുരം: മാതാപിതാക്കള്‍ തമ്മിലുള്ള വഴക്ക് തകര്‍ക്കുന്നത് കുട്ടികളുടെ ഭാവിയാണെന്നതിന് ഒരു തെളിവുകൂടെ. പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ അച്ഛനും അയല്‍വാസിയും ലൈംഗികമായി പീഡിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയിലാണ് സംഭവം.
പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അയല്‍വാസിയായ 65കാരന്‍ പങ്കജാക്ഷന്‍ നായരെയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍ക്കുട്ടിയുടെ പിതാവും കേസിലെ ഒന്നാം പ്രതിയുമായ സജി ഒളിവിലാണ്.

പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും തമ്മിലുള്ള വഴക്കാണ് സംഭവത്തിന് ഒരു കാരണം. വഴക്കിനെ തുടര്‍ന്ന് ദമ്പതികള്‍ പിണങ്ങിയാണ് താമസം. ഇതോടെ പെണ്‍കുട്ടിയെ പൂജപ്പുര കരുണാലയത്തിലേക്ക് മാറ്റി. അവിടെ നടന്ന കൗണ്‍സിലിങിനിടെയാണ് ക്രൂര പീഡനകഥയെ കുറിച്ച് പെണ്‍കുട്ടി അധികൃതരോട് പറഞ്ഞത്.
ഒമ്പതാം വയസ്സിലാണത്രെ അച്ഛന്‍ ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് അയല്‍വാസിയായ പങ്കജാക്ഷന്‍ വീട്ടില്‍ കയറിവന്ന് പീഡിപ്പിച്ചിരുന്നതെന്ന് പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് മൊഴി നല്‍കി. നിരവധി തവണ ഇത്തരത്തില്‍ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് മൊഴി.
കുട്ടിയില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയതിന് ശേഷം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് കഴക്കൂട്ടം പൊലീസെത്തി പങ്കജാക്ഷനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്‍ സജി ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications