വെള്ളക്കെട്ട്: ഓലത്താന്നിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൈകോര്‍ത്ത് നാട്ടുകാരും ഫയര്‍ഫോഴ്‌സും
നെയ്യാറ്റിന്‍കര: രണ്ട് ദിവസമായി പെയ്ത കനത്തമഴയില്‍ താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. രാമേശ്വരം, അമരവിള, ഓലത്താന്നി തുടങ്ങിയ സ്ഥലങ്ങളില്‍ പല വീടുകളിലും വെള്ളം കയറി. താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ തുടങ്ങിയ കനത്തമഴ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ശമിച്ചത്.

ഓലത്താന്നിയില്‍ വെള്ളപ്പൊക്കത്തിലകപ്പെട്ട കുടുംബത്തെ ഫയര്‍ഫോഴ്‌സ് സംഘം അത്ഭുതകരമായാണ് രക്ഷപ്പെടുത്തിയത്. നാരകംകുഴി പുത്തന്‍ വീട്ടില്‍ മോഹനകുമാര്‍ (വിജയന്‍) , ഭാര്യ ഉഷ മക്കളായ ആന്‍സി, അഖില്‍ എന്നിവരെയാണ് ഫയര്‍ഫോഴ്‌സ് ഡിങ്കിബോട്ട് എത്തിച്ച് കരയ്‌ക്കെത്തിച്ചത്. നെയ്യാറ്റിന്‍കര സ്റ്റേഷന്‍ ഓഫീസര്‍ എസ് ബി രൂപേഷിന്റെയും പാറശാല സ്റ്റേഷന്‍ ഓഫീസര്‍ കെ വി സുനില്‍കുമാറിന്റെയും നേതൃത്വത്തിലുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘത്തില്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അജികുമാര്‍ ബാബു, ഡിഎം പദ്മകുമാര്‍, ഫയര്‍ ഓഫീസര്‍മാരായ ശിവകുമാര്‍, അര്‍ജുന്‍ചന്ദ്ര, ശരത്, പ്രാശോഭ്, ശ്യാംലാല്‍, വിബിന്‍, സുജിത്, ഫയര്‍മാന്‍ ഡ്രൈവര്‍മാരായ ബാബു, പ്രശാന്ത്, ഷഫീക്, ഷിബു, അരുണ്‍ലാല്‍, ഹോംഗാര്‍ഡ് സ്റ്റീഫന്‍ എന്നിവര്‍ രക്ഷാദൗത്യ സംഘത്തിലുണ്ടായിരുന്നു. റബ്ബര്‍ ഡിങ്കിയും ഒ ബി എഞ്ചിനും ഉപയോഗിച്ചാണ് വെള്ളത്തിലകപ്പെട്ടവരെ സംഘം രക്ഷിച്ചത്. രക്ഷപ്പെടുത്തിയ വിജയനെയും കുടുംബത്തെയും പിന്നീട് ഓലത്താന്നിയിലെ ദുരിതാശ്വാസ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍ സി ചര്‍ച്ചിലേക്ക് മാറ്റി.
പ്രദേശത്തെ യുവജന കൂട്ടായ്മയും നാട്ടുകാരും വിജയനെയും കുടുംബത്തെയും രക്ഷപ്പെടുത്താന്‍ മുന്നിട്ടിറങ്ങി. നഗരസഭാ ചെയര്‍മാന്‍ പി. കെ രാജ്‌മോഹന്‍ വെള്ളക്കെട്ടുണ്ടായ ഓലത്താന്നിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സിഎസ്‌ഐ ദേവാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ മുപ്പതോളം പേരാണ് കഴിയുന്നത്. ഓലത്താന്നി വാര്‍ഡ് മെമ്പര്‍ എസ്. ദീപയുടെ നേതൃത്വത്തിലാണ് ക്യാമ്പിന്റെ മേല്‍നോട്ടവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.












Click it and Unblock the Notifications