മലേഷ്യൻ തൊഴിൽ തട്ടിപ്പ്; നോർക്കയുടെ ഇടപെടൽ, 19 പേർ കേരളത്തിലെത്തി, അഞ്ചുതെങ്ങ് സ്വദേശികളായ 18പേരും കൊല്ലം സ്വദേശിയായ ഒരാളുമാണ് തട്ടിപ്പിനിരയായത്!
തിരുവനന്തപുരം: മലേഷ്യയിൽ തൊഴിൽതട്ടിപ്പിനിരയായ 19 മലയാളികൾ നോർക്ക റൂട്ട്സിന്റെ ഇടപെടലിൽ തിരിച്ചെത്തി. അഞ്ചുതെങ്ങ് സ്വദേശികളായ 18പേരും കൊല്ലം സ്വദേശിയായ ഒരാളുമാണ് തട്ടിപ്പിനിരയായത്. ജനുവരി 6നും 10നുമായി രണ്ടു സംഘങ്ങളായിട്ടായിരുന്നു തട്ടിപ്പിനിരയായവർ തിരികെ കൊച്ചിയിലെത്തിയത്.
വടക്കന്‍പാട്ടുകളെ വെല്ലും 'യുദ്ധകഥകള്‍'... വടകരയിൽ ഇത്തവണ ഏതൊക്കെ അടവുകൾ? തിരിച്ചുപിടിക്കാൻ എൽഡിഎഫ്
കഴിഞ്ഞ വർഷം നവംബർ 24നാണ് അഞ്ചുതെങ്ങ് സ്വദേശികളായ ജസ്റ്റിൻ, പ്രിത്താസ് ആന്റണി, റെയ്‌സൺ ഫ്രാൻസിസ്, വർഗീസ് സെബാസ്റ്റ്യൻ, വിജയ് അന്തോൻസ്, സിജോ സാബു, സ്റ്റെബിൻ ആർ, ജിത്തു.സി, സജു.എ, ജോൺസൺ, കൊല്ലം സ്വദേശി സോമജ് മോഹനൻ തുടങ്ങിയവ 19പേർ കൊച്ചിയിൽ നിന്ന് മലേഷ്യയിലേക്ക് പുറപ്പെട്ടത്.

ക്വാലാലംപൂരിൽ നിന്നും 420 കിലോമീറ്റർ ദൂരെയുള്ള ജോഹർ എന്ന സ്ഥലത്തെ ക്യാംപിൽ ഇവരെ എത്തിച്ചെങ്കിലും 33 ദിവസം ജോലിയൊന്നും ലഭിക്കാതെ ക്യാമ്പിൽ കഴിയേണ്ടി വന്നെന്ന് ഇവർ പറയുന്നു. അതിനു ശേഷം ആറുപേരെ മറ്റൊരിടത്തേക്ക് ജോലിക്കായി കൊണ്ടുപോയി. കബളിപ്പിക്കപ്പെട്ട വിവരം ഇവർ നാട്ടിലറിയിക്കുകയും തുടർന്ന് മലേഷ്യയിലെ ഇന്ത്യൻ എംബസി ഇടപെടുകയുമായിരുന്നു.
37 ദിവസത്തെ എംബസി വാസത്തിനും 25000 രൂപ പിഴയൊടുക്കിയതിനും ശേഷമാണ് ഇവർക്ക് നാട്ടിലേക്കുള്ള വഴിയൊരുങ്ങിയത്. ഇവർ തട്ടിപ്പിനിരയായ വിവരമറിഞ്ഞ് ബന്ധുക്കൾ മുഖ്യമന്ത്റിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് നോർക്ക അധികൃതർ ഇടപെട്ടത്. വക്കം നിലക്കാമുക്ക് സ്വദേശിയാണ് തൊഴിൽ വിസയെന്ന പേരിൽ ഒരു മാസത്തെ വിസിറ്റിങ് വിസ നൽകി ഇവരെ കബളിപ്പിച്ചത്.
മികച്ച കൂലിയില്‍ ജോലി കിട്ടുമെന്ന വാഗ്ദാനം വിശ്വസിച്ചാണ് ഇവര്‍ 75,000 മുതല്‍ 85,000 രൂപ നല്‍കി മലേഷ്യയിലേക്ക് പോയത്. എയര്‍പോര്‍ട്ടില്‍ വെച്ചാണ് വിസിറ്റിംഗ് വിസയാണ് ലഭിച്ചതെന്ന് തിരിച്ചറിഞ്ഞതെന്ന് സംഘത്തിലുണ്ടായിരുന്ന ജസ്റ്റിന്‍ പറഞ്ഞു. നാട്ടിൽ മത്സ്യബന്ധനം നടത്തിയിരുന്ന ഇവർ കടംവാങ്ങിയും പലിശക്കു പണമെടുത്തുമാണ് മലേഷ്യയിലേക്ക് പോകുന്നതിനുള്ള തുക സംഘടിപ്പിച്ചത്. നിലവിൽ കടം വീട്ടാൻ പ്രതിസന്ധിയിലാണെന്നും തട്ടിപ്പിനിരയായവർ പറയുന്നു.












Click it and Unblock the Notifications