നേമത്ത് കുമ്മനം രാജശേഖരന്‍ ഉണ്ടാവില്ല; സുരേന്ദ്രന്‍റെ മനസ്സിലിരുപ്പ് വേറെ, ആര്‍എസ്എസിന് അതൃപ്തി
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. ഏറ്റവും കുറഞ്ഞത് അഞ്ച് സീറ്റുകളെങ്കിലും വിജയിക്കണമെന്ന നിര്‍ദേശമാണ് പാര്‍ട്ടി ദേശീയ നേതൃത്വം നല്‍കിയിരിക്കുന്നത്. പത്ത് സീറ്റിലെങ്കിലും സാധ്യതയുണ്ടെന്ന് സംസ്ഥാന നേതാക്കളും അവകാശപ്പെടുന്നു. കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര പൂര്‍ത്തിയാവുന്ന മുറയ്ക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉള്‍പ്പേടയുള്ളവ ആരംഭിക്കാനാണ് പാര്‍ട്ടി ശ്രമം. പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ നേമത്ത് ആര് മത്സരിക്കുമെന്നതാണ് ബിജെപിയെ ഏറ്റവും കുഴക്കുന്നത്. കുമ്മനം രാജശേഖരന്‍റെ പേര് മണ്ഡലത്തില്‍ ഉയര്‍ന്ന് വന്നിട്ടുണ്ടെങ്കിലും കെ സുരേന്ദ്രന്‍ ഉള്‍പ്പടേയുള്ളവരുടെ മനസ്സില്‍ മറ്റൊരു നീക്കവും ഉണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ഉത്തരാഖണ്ഡിലെ ദുരന്തഭൂമിയിൽ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, ചിത്രങ്ങള്‍ കാണാം

ചരിത്രത്തില്‍ ആദ്യം നേമം
കേരള ചരിത്രത്തില്‍ തന്നെ ബിജെപി ആദ്യമായി ലഭിച്ച നിയമസഭാ മണ്ഡലമാണ് നേമം. ഈ സീറ്റ് നിലനിര്‍ത്തുക എന്നുള്ളത് അവരെ സംബിന്ധിച്ചടത്തോളം അഭിമാന നിമിഷമാണ്. പലവട്ടം മത്സരിച്ച് തോറ്റതിന് ശേഷം കഴിഞ്ഞ തവണ സിപിഎമ്മിലെ വി ശിവന്‍കുട്ടിക്കെതിരെ 8671 വോട്ടുകള്‍ക്കായിരുന്നു നേമത്തെ ഒ രാജഗോപാലിന്‍റെ വിജയം. പ്രായം 92 പിന്നിട്ടതിനാല്‍ ഇത്തവണ ഓ രാജഗോപാല്‍ മത്സരത്തിന് ഉണ്ടാവില്ലെന്നായിരുന്നു തുടക്കം മുതലുള്ള പ്രാചരണം.

സുരേഷ് ഗോപി മുതല്‍
ഇതേ തുടര്‍ന്ന് സുരേഷ് ഗോപി മുതല്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പടേയുള്ളവരുടെ പേരുകള്‍ മണ്ഡലത്തിലേക്ക് ബിജെപി പരിഗണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന് തുടങ്ങി. കുമ്മനം രാജശേഖരന്‍ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളിലെ സജീവമാവുകയും ചെയ്തിരുന്നു. നേമത്ത് കുമ്മനം രാജശേഖരന് നല്ല സാധ്യതയുണ്ടെന്ന് ഒ രാജഗോപാല്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

കുമ്മനം വേണ്ടെന്ന്
എന്നാല്‍ കുമ്മനം രാജശേഖരനെ നേമത്ത് മത്സരിപ്പിക്കേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനമെന്നാണ് 'ദ ക്യൂ' റിപ്പോര്‍ട്ട് ചെയ്യുന്നത്. സിറ്റിങ് എംഎല്‍എ ഒ രാജഗോപാലിനെ തന്നെ നേമത്ത് മത്സരിപ്പിക്കണമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവരുടെ നിലപാടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മത്സരിക്കാനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചെങ്കിലും നിലവില്‍ മണ്ഡലത്തില്‍ സജീവമാണ് ഒ രാജഗോപാല്‍.

ഒ രാജഗോപാല്‍ സജീവം
മണ്ഡലത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട സമരത്തിലാണ് ഒ രാജഗോപാലിന്‍റെ സജീവ സാന്നിധ്യമുള്ളത്. വീണ്ടും മണ്ഡലത്തില്‍ മത്സരിക്കാനുള്ള മുന്നൊരുക്കമായും ഇതിനെ വിലയിരുത്തുന്നുണ്ട്. എന്നാല്‍ ഈ നീക്കത്തോടെ ആര്‍എസ്എസിന് താല്‍പര്യമില്ല. പ്രചാരകനായ കുമ്മനം രാജശേഖരന് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് ആര്‍എസ്എസിന്റെ പരാതി.

കേന്ദ്ര മന്ത്രിസ്ഥാനം ലഭിച്ചില്ല
പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് പരിഗണിച്ചില്ലെങ്കിലും കേന്ദ്ര മന്ത്രിസ്ഥാനം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതും ഉണ്ടായില്ല. കുമ്മനം രാജശേഖരന് അര്‍ഹമായ പദവികള്‍ നല്‍കാത്തതില്‍ ആര്‍എസ്എസിനും പ്രതിഷേധം ഉണ്ട്. ആരോഗ്യ കാരണങ്ങളെ തുടര്‍ന്നയാരുന്നു ഇത്തവണ മത്സരിക്കാന്‍ ഇല്ലെന്ന് ഒ രാജഗോപാല്‍ വ്യക്തമാക്കിയത്. എംഎല്‍എ എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിയില്‍ അതൃപ്തിയും ഉണ്ടായിരുന്നു.

കുമ്മനം പറയുന്നത്
ഇതേ തുടര്‍ന്ന് നേമത്ത് കുമ്മനം രാജശേഖരന്‍റെ പേര് ഉയര്‍ന്ന് വന്നപ്പോള്‍ ബിജെപിക്കുള്ളിലും തുടക്കത്തില്‍ വലിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ അവസ്ഥയ്ക്ക് പെട്ടെന്ന് മാറ്റം ഉണ്ടാവുകയാണെന്നായിരുന്നു 'ദ ക്യൂ'വിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മത്സരിക്കാനുള്ള താല്‍പര്യം പരസ്യമായി വ്യക്തമാക്കിയില്ലെങ്കിലും പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന നിലപാടിലായിരുന്നു കുമ്മനം രാജേശേഖരന്‍.

രാജഗോപാല്‍ പറഞ്ഞത്
കുമ്മനത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഒ രാജഗോപാല്‍ കഴിഞ്ഞ ദിവസം മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങളും ശ്രദ്ധേയമാണ്. കുമ്മനത്തിന്‍റെ കാര്യത്തിലാണ് വലിയ പ്രതീക്ഷയുള്ളതെങ്കിലും അത് കണ്ടറിയണം എന്നായിരുന്നു ഒ രാജഗോപാലിന്‍റെ നിലപാട്. കുമ്മനം രാജേശേഖരനും ഞാനും ഒരു പോലെ അല്ല. എല്ലാവര്‍ക്കും സ്വീകാര്യനായ ഒരു സ്ഥാനാര്‍ത്ഥിയാണ് ഞാന്‍ എന്നാണ് പൊതുവില്‍ പറയുന്നതെന്നുമായിരുന്നു ഒ രാജഗോപാല്‍ പറഞ്ഞത്.

പാര്‍ട്ടിയുടെ സമ്മതം
കുമ്മനം വളെ നല്ല ഒരു സാമൂഹിക പ്രവര്‍ത്തകനാണ്. ആധ്യാത്മിക, സാമൂഹിക രംഗങ്ങളിൽ കൂടുതൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നയാളാണ്. ആ മേഖലയില്‍ അദ്ദേഹത്തിന്‍റെ സ്വാധീനതയും സ്വീകാര്യതയും വളരെ വലുതാണ്. എന്നാല്‍ എല്ലാം കൂടി ചേരുമ്പോൾ എത്രത്തോളം മതിയാകും എന്നത് ഇനി അറിയാനുള്ളതാണെന്നും ഒ രാജോഗോപാല്‍ പറഞ്ഞു. എന്‍റെ നിലപാട് ഞാന്‍ നേരത്തെ തന്നെ പറഞ്ഞു അതിന് പാര്‍ട്ടിയുടെ സമ്മതം തേടാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

ഇടതില്‍ ശിവന്‍കുട്ടി
അതേസമയം, സീറ്റ് തിരികെ പിടിക്കാനുള്ള നീക്കം മറുവശത്ത് സിപിഎമ്മും ശക്തമാക്കിയിട്ടുണ്ട്. ഇത്തവണയും ശിവന്‍കുട്ടി തന്നെ ഇടത് സ്ഥാനാര്‍ത്ഥിയാവാനാണ് സാധ്യത. മണ്ഡലത്തിലെ മുപ്പതിനായിരത്തോളം വരുന്ന ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് എൽഡിഎഫ് നീക്കങ്ങൾ. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നില്ലെങ്കിലും മണ്ഡലത്തിന്‍റെ മുക്കിലും മൂലയിലും വി ശിവന്‍കുട്ടി സജീവമാണ്.

യുഡിഎഫിന് ആര്
സംസ്ഥാനത്ത് തന്നെ യുഡിഎഫിന് ഏറ്റവും കുറവ് വോട്ട് ലഭിച്ച മണ്ഡലമായിരുന്നു കഴിഞ്ഞ തവണ നേമം. 13,860വോട്ടുകളായിരുന്നു മണ്ഡലത്തില്‍ കഴിഞ്ഞ തവണ യുഡിഎഫിന് ലഭിച്ചത്. ഇത്തവണ ഉമ്മൻചാണ്ടിയടക്കം വൻ പേരുകൾ ആദ്യമെ ചർച്ചക്കെത്തിയെങ്കിലും ജില്ലയില്‍ നിന്ന് തന്നെയുള്ള നേതാക്കളെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. പൊതുസ്വതന്ത്രര്‍ക്കാണ് കൂടുതല്‍ സാധ്യത
സ്റ്റൈലിഷായി സണ്ണി ലിയോൺ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം