പ്രതീക്ഷ കൈവിട്ട് ബിജെപി... തിരുവനന്തപുരത്ത് ഭരണം പിടിക്കല്‍ കടുപ്പം, നേരിയ മുന്നേറ്റത്തിന് മാത്രം സാധ്യത
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ ഭരണം പിടിക്കും എന്നതായിരുന്നു ബിജെപിയുടെ അവകാശവാദം. ഏറെക്കുറേ അത് ഉറപ്പിച്ചുകൊണ്ടായിരുന്നു ബിജെപി തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയതും.
എന്നാല്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ആ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കുന്നു എന്നാണ് സൂചനകള്‍. മറ്റ് ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരത്ത് പോളിങ് ശതമാനം കുറഞ്ഞത് ബിജെപിയ്ക്ക് തിരിച്ചടിയായി എന്നാണ് കണക്കാക്കപ്പെടുന്നത്. അതുപോലെ തന്നെ തിരുവനന്തപുരം വികസന സമിതിയും വിജയത്തിന് വിലങ്ങുതടിയാകും എന്നാണ് നിരീക്ഷണം.

100 സീറ്റില്‍
ആകെ 100 വാര്‍ഡുകളാണ് തിരുവനന്തപുരം നഗരസഭയില്‍ ഉള്ളത്. അതില്‍ പാതിയില്‍ അധികം വാര്‍ഡുകളില്‍ ഇത്തവണ വിജയിക്കാനാകും എന്നായിരുന്നു ബിജെപിയുടെ അവകാശവാദം. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് ഒരു കോര്‍പ്പറേഷനില്‍ അധികാരത്തിലെത്താന്‍ ആകുമെന്നും ബിജെപി പ്രതീക്ഷിച്ചിരുന്നു.

ബിജെപിയുടെ നില
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപി ആയിരുന്നു. 35 സീറ്റുകളാണ് ബിജെപിയ്ക്ക് ഉണ്ടായിരുന്നത്. തൊട്ടുപിറകില്‍ 34 സീറ്റുകളുമായി സിപിഎമ്മും ഉണ്ടായിരുന്നു. ആര്‍ക്കും കേവല ഭൂരിപക്ഷമുണ്ടായിരുന്നില്ലെങ്കിലും എല്‍ഡിഎഫ് ആണ് ഭരണത്തില്‍ എത്തിയത്.

പോളിങ് കുറഞ്ഞു
അഞ്ച് ജില്ലകളിലെ മൊത്തം പോളിങ് ശതമാനം 75.75 ശതമാനം ആയിരുന്നെങ്കിലും തിരുവനന്തപുരത്തെ മാത്രം കണക്ക് എടുത്താല്‍ അത് 69. 76 ശതമാനം ആയിരുന്നു. മാത്രമല്ല, കോര്‍പ്പറേഷന്‍ മേഖലയില്‍ ആകെ പോള്‍ ചെയ്തത് 59.73 ശതമാനം വോട്ടുകളും. ഇതാണ് ബിജെപി ശരിക്കും ഭയപ്പെടുത്തുന്നത്.

വോട്ടുകള്‍ വീണില്ലേ
പോള്‍ ചെയ്യപ്പെടാതെ പോയത് ബിജെപി വോട്ടുകള്‍ തന്നെയാകും എന്നാണ് നിഗമനം. ഇടതുപാര്‍ട്ടികള്‍ അവരുടെ വോട്ടുകള്‍ എല്ലാം തന്നെ കൃത്യമായി ചെയ്യിച്ചിട്ടുണ്ട് എന്നാണ് അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ ബിജെപിയ്ക്ക് കഴിഞ്ഞ തവണത്തെ നേട്ടം പോലും ഇത്തവണ ഉണ്ടാക്കാന്‍ പറ്റിയെന്ന് വരില്ല.

തിരുവനന്തപുരം വികസന സമിതി
ഇടതുവിരുദ്ധ വോട്ടുകള്‍ എല്ലാം തങ്ങള്‍ക്ക് ലഭിക്കും എന്നായിരുന്നു ഇത്തവണ ബിജെപിയുടെ പ്രതീക്ഷ. യുഡിഎഫ് ഒരു പോരാട്ടത്തിന് തന്നെ തയ്യാറല്ലാത്ത ഗതിയിലാണ് ഇവിടെ. എന്നാല്‍ അതിനിടെയാണ് തിരുവനന്തപുരം വികസന സമിതി പല വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. ഇതോടെ ഇടതുവിരുദ്ധ വോട്ടുകള്‍ വിഘടിച്ച് പോയിട്ടുണ്ടാകാമെന്നും ബിജെപി വിലയിരുത്തുന്നുണ്ട്.

രാജേഷിനെ മുന്‍നിര്‍ത്തി
ജില്ലാ അധ്യക്ഷനും സംസ്ഥാന നേതാവും ആയ വിവി രാജേഷിനെ മുന്‍നിര്‍ത്തിയായിരുന്നു ബിജെപി ഇത്തവണ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മത്സരിച്ചത്. ശക്തമായ പ്രചരണ പരിപാടികളും നടത്തിയിരുന്നു. വരാണസി മാതൃകയില്‍ നഗരവികസനം ആയിരുന്നു വോട്ടര്‍മാര്‍ക്ക് മുന്നില്‍ കെ സുരേന്ദ്രന്‍ മുന്നോട്ട് വച്ച വാഗ്ദാനം.

പടലപ്പിണക്കങ്ങള്‍
ബിജെപിയുടെ വിഭാഗീയതയും ഇത്തവണത്തെ പ്രതീക്ഷകള്‍ക്ക് വിലങ്ങുതടിയായിട്ടുണ്ട്. ഇത് കൂടാതെയാണ് സീറ്റ് വിഭജനം സംബന്ധിച്ച് കോര്‍പ്പറേഷനില്‍ തന്നെ ഉണ്ടായ തര്‍ക്കങ്ങള്‍. ഇതേ തുടര്‍ന്ന് പലരും പാര്‍ട്ടി വിടുകയും ചിലര്‍ വിമതരായി മത്സരിക്കുകയും ചെയ്തിട്ടുണ്ട്. ഇതും തിരിച്ചടിയാണ്.

കോണ്‍ഗ്രസ് സഹകരണം
തിരുവനന്തപുരത്ത് പലയിടങ്ങളിലും ബിജെപി- കോണ്‍ഗ്രസ് നീക്കുപോക്കുകള്‍ ഉണ്ട് എന്നൊരു ആരോപണം സിപിഎം ഉയര്‍ത്തിയിട്ടുണ്ട്. എന്തായാലും, മിക്കയിടത്തും കോണ്‍ഗ്രസ് സജീവമായിരുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. 16 ന് ഫലം വരുമ്പോള്‍ കൃത്യം കണക്കുകള്‍ ഓരോ പാര്‍ട്ടിയ്ക്കും ബോധ്യപ്പെടും.












Click it and Unblock the Notifications