തമ്പാനൂരിൽ കാഴ്ചാ വൈകല്യമുള്ള ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ച യുവാവ് പിടിയിൽ
തിരുവനന്തപുരം: അന്ധനായ ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ചു ലോട്ടറി തട്ടിയെടുത്ത് കടന്ന യുവാവിനെ പൊലീസ് പൊക്കി. എറണാകുളം മരട് ആയത്ത് പറമ്പിൽ വീട്ടിൽ സുനിൽകുമാർ(47) ആണ് പിടിയിലായത്. മോഷണക്കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ആളാണ് സുനിലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കു രണ്ടിന് തമ്പാനൂർ ബസ് ടെർമിനലിലായിരുന്നു സംഭവം.
ലോട്ടറി വാങ്ങാനെന്ന വ്യാജേന അടുത്തുകൂടിയ ഇയാൾ വില്പനക്കാരന്റെ കൈയിൽ നിന്നു ടിക്കറ്റ് കൈക്കലാക്കിയ ശേഷം പണം നൽകാതെ സ്ഥലം വിടുകയായിരുന്നു. വർഷങ്ങളായി തലസ്ഥാനത്തു ലോട്ടറിക്കച്ചവടം നടത്തുന്ന വാഴച്ചൽ ചിറയാണിക്കര ഗീതാഭവനിൽ സുരയിൽ നിന്നാണ് ഇയാൾ ലോട്ടറി തട്ടിയെടുത്തത്.

640 രൂപ വിലമതിക്കുന്ന 23 ടിക്കറ്റുകളാണ് നഷ്ടമായത്. നീല ജീൻസും വെള്ളയും ഇളം നീലയും കറുപ്പും വരയുള്ള ടീഷർട്ടും കൈയിൽ മൊബൈൽ ഫോണും തോളിൽ ബാഗുമായെത്തിയ പ്രതി ഒരു കെട്ട് ലോട്ടറി എടുത്തു. ശേഷം ടിക്കറ്റു വാങ്ങാനെത്തിയ യുവാവ് പോകുന്നതുവരെ കാത്തുനിന്നു. അയാൾ പോയ ഉടൻ പരിസരമാകെ കണ്ണോടിച്ചു തട്ടിയെടുത്ത ടിക്കറ്റുമായി മുങ്ങി.












Click it and Unblock the Notifications