കടയ്ക്കാവൂരിൽ യുവാവിനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചുകൊന്ന സംഭവം; പ്രതി പിടിയിൽ
കടയ്ക്കാവൂർ: വക്കം കണ്ണമംഗലം ക്ഷേത്രത്തിന് സമീപം വാക്കുതർക്കത്തിനിടെ യുവാവിനെ ഇഷ്ടിക കൊണ്ടുതലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി വക്കം സ്വദേശി സന്തോഷിനെ കടയ്ക്കാവൂർ സി ഐ ഷെരീഫിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്ര് ചെയ്തു. വക്കം റൈറ്റർവിള ചുങ്കക്കുടി വീട്ടിൽ ബിനുവിനെ (37) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
ശനിയാഴ്ച രാത്രി 11.30 ഓടെ വട്ടം കണ്ണമംഗലത്ത് ഉത്സവത്തിനെത്തിയ ബിനുവും സന്തോഷുമായി ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ വച്ച് വാക്കുതർക്കവും അടിപിടിയുമുണ്ടാകുകയും നിലത്തുവീണ ബിനുവിനെ സന്തോഷ് ഇഷ്ടികയ്ക്ക് തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പതിനൊന്ന് വർഷം മുമ്പ് സന്തോഷിനെ ബിനു മർദ്ദിക്കുകയും വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തിരുന്നു.അന്നത്തെ സംഭവത്തിന് ശേഷം സന്തോഷ് വക്കത്ത് നിന്ന് കടയ്ക്കാവൂർ നിലയ്ക്കാമുക്ക് പറടയിലേക്ക് താമസം മാറി. ഏറെ നാൾ ശത്രുക്കളായി നടന്ന ഇരുവരും പിന്നീട് വൈരം മറന്ന് സൗഹൃദത്തിലായി. ഈ കേസ് തീർപ്പാക്കുകയും ചെയ്തു. എന്നാൽ രണ്ടാഴ്ച മുമ്പ് ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. ഇതിന് പിന്നാലെയാണ് ശനിയാഴ്ച ഇരുവരും അടിപിടികൂടിയത്.
ഇഷ്ടികയ്ക്ക് തലയ്ക്കടിയേറ്റ ബിനുവിന്റെ നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും സന്തോഷ് കടന്നു. തലയോട്ടി തകർന്ന് രക്തം വാർന്ന ബിനുവിനെ കടയ്ക്കാവൂർ പൊലീസ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിനുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി.കൊല്ലപ്പെട്ട ബിനു അവിവാഹിതനാണ്. ഇയാളുടെ പേരിൽ കടയ്ക്കാവൂർ സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്.












Click it and Unblock the Notifications