തിരുവനന്തപുരത്ത് ശക്തമായ മഴ; മണ്ണിടിച്ചലും വെള്ളക്കെട്ടും..ഗതാഗതം തടസ്സപ്പെട്ടു
തിരുവനന്തപുരം: തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. നിർത്താതെ പെയ്യുന്ന മഴയിൽ പലഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. തേക്കുമൂട് ബണ്ട് കോളനിയിൽ വെളളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. 122 കുടുംബങ്ങൾ ആണ് ഇവിടെ താമസിക്കുന്നത്. കണ്ണമ്മൂല ഭാഗത്തും നിരവധി വീടുകളിൽ വെള്ളം കയറിയതാണ് പുറത്തുവരുന്ന വിവരം.
പുത്തൻപാലത്ത് വെള്ളം കയറിയതിനെ തുടർന്ന് 45 പേരെ ക്യാമ്പകളിലേക്ക് മാറ്റി. പോത്തൻകോട് കരൂർ 7 വീടുകളിൽ വെള്ളം കയറി. ടെക്നോപാർക്കിലും വെള്ളക്കെട്ടുണ്ട്. തീരമേഖലകളിലും വെളളം കയറിയിട്ടുണ്ട്. അഞ്ചുതെങ്ങ് വെള്ളത്തിന് അടിയിലായ അവസ്ഥയിലാണ്.

മതിൽ ഇടിഞ്ഞ് വീണ് പോത്തൻകോട് സ്വദേശിക്ക് പരിക്കേറ്റു. പോത്തൻകോട് കല്ലുവിള സ്വദേശി അരുണിനാണ് പരിക്കേറ്റത്. കകാലിന് പരിക്കേറ്റ അരുണിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശ്രീകാര്യത്തെ ഗുലാത്തി ഇൻസ്റ്റ്യൂറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷന്റെ പിൻ ഭാഗത്തെ മതിൽ ഇടിഞ്ഞു. സമീപത്തെ നാല് വീടുകളുടെ മുകളിലേക്ക് പതിച്ചു. ഞായറാഴ്ച വെളുപ്പിന് 12 .30 ന് ആയിരുന്നു സംഭവം. പോലീസും ഫയർഫോഴ്സും സംഭവ സ്ഥലത്ത് എത്തി. ആർക്കും പരിക്കില്ല.
കനത്ത മഴയെ തുടർന്ന് വാഴച്ചാൽ മലക്കപ്പാറ റോഡിൽ മണ്ണിടിഞ്ഞു. ഇന്നലെ രാത്രിയാണ് റോഡിന്റെ ഒരു ഭാഹം ഇടിഞ്ഞത്. മലക്കപ്പാറ റോഡിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാണ് ധാരാണ. വൈകിട്ട് 3.30 ഓടെ അതിരപ്പിള്ളി, മലക്കപ്പാറ ചെക്ക്പോസ്റ്റുകളിൽ വാഹനങ്ങൾ തടയും എന്നും അറിയിപ്പുണ്ട്.
അതിരപ്പള്ളിയിൽ നിന്നും 37 കിലോ മീറ്റർ തമിഴ്നാട് അതിർത്തി റൂട്ടിൽ ഷോളയാർ പവർ ഹൗസ് അമ്പലപ്പാറ് ഭാഗത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ മഴയിൽ റോഡിന്റെ കരിങ്കൽ കെട്ട് ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. ഈ വഴിയിലൂടെ ഉള്ള വലിയ വാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വനത്തിൽ ശക്തമായ മഴ തുടരുന്നതിനാൽ റോഡിന്റെ കൂടുതൽ ഭാഗം ഇടിഞ്ഞുതാഴുന്നതിനുള്ള സാധ്യത മുന്നിൽക്കണ്ട് വൈകുന്നേരത്തോടെ ചെറുവാഹനങ്ങളുടെ ഗതാഗതവും നിയന്ത്രിക്കുമെന്ന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം മഴ പെയ്തത് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ. 185 മില്ലി മീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. വർക്കലയിൽ 160 മില്ലി മീറ്റർ, പിരപ്പൻകോട് 122 മില്ലി മീറ്റർ എന്നിങ്ങനെയാണ് കണക്കുകൾ












Click it and Unblock the Notifications