വരുമാനം ഇടിഞ്ഞു; ശ്രീ പദ്മാനഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍
തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. കൊവിഡ് സാഹചര്യത്തില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീങ്ങിയെങ്കിലും വരുമാനം വര്‍ധിക്കാത്തതിനാലാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ ആരാധനാലയങ്ങളിലൊന്നായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. പ്രതിദിനം നാല് ലക്ഷം രൂപ വരുമാനം വേണ്ട സ്ഥാനത്ത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ലഭിക്കുന്നത് രണ്ടര ലക്ഷം രൂപയില്‍ താഴെയാണ്. യൂണിയന്റെ പിന്തുണയോടെ ഒരു വിഭാഗം ജീവനക്കാര്‍ നിസഹകരിക്കുന്നതിനാല്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ നടപ്പാക്കാനാകുന്നില്ല എന്നാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി ആരോപിക്കുന്നത്.
ഗ്രാന്റ് ഇനത്തില്‍ കുടിശികയുള്ള 52 കോടി രൂപ സര്‍ക്കാരിനോട് ചോദിച്ചിരുന്നു. എന്നാല്‍ രണ്ട് കോടി രൂപയുടെ വായ്പയാണ് ക്ഷേത്രത്തിന് സര്‍ക്കാര്‍ നല്‍കിയത്. ഒരു മാസം ശമ്പളം പെന്‍ഷന്‍, നിത്യനിദാന ചെലവെല്ലാം വഹിക്കാന്‍ 1.25 കോടി രൂപ ആവശ്യമാണ്. കൊവിഡ് നിയന്ത്രണങ്ങളെല്ലാം നീങ്ങി സാധാരണ നിലയിലായെങ്കിലും വരുമാനം 2.5 ലക്ഷം രൂപ കടക്കുന്നില്ല എന്നതാണ് പ്രതിസന്ധി. ഇതിനിടെ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനം ഉണ്ടായപ്പോള്‍ വരുമാനം 50000 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു.

വരുമാനം വര്‍ധിപ്പിക്കുന്നതിനായി ജീവനക്കാരെ ഫലപ്രദമായി ഉപയോഗിക്കാന്‍ ഭരണ സമിതി തീരുമാനിച്ചിരുന്നു. പൊലീസ് കമാന്‍ഡോകളുടെ സംരക്ഷണമുള്ള ക്ഷേത്രത്തില്‍ രാജാവിന് ചുമതലയുള്ള കാലത്ത് നിയോഗിക്കപ്പെട്ട ഗാര്‍ഡുകള്‍ക്ക് ഇപ്പോള്‍ കാര്യമായ സുരക്ഷാ ജോലികളില്ല. ഗാര്‍ഡുകള്‍ക്ക് രണ്ടു മണിക്കൂര്‍ ജോലിയും നാലുമണിക്കൂര്‍ വിശ്രമവുമാണ്. ഇത് നാലുമണിക്കൂര്‍ ജോലിയും നാലുമണിക്കൂര്‍ വിശ്രമവുമാക്കാന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു.

ഗാര്‍ഡുകള്‍ക്ക് ബില്ലിങ് മെഷീന്‍ നല്‍കി വഴിപാട് വര്‍ധിപ്പിക്കാനാണ് ഭരണ സമിതി തീരുമാനിച്ചിരിക്കുന്നത്. ക്ഷേത്രത്തിന് ഉള്ളില്‍ വഴിപാട് ടിക്കറ്റ് ലഭ്യമാക്കാനാണ് നടപടി. അതേസമയം ഈ ജോലി ചെയ്യാനാകില്ലെന്ന് യൂണിയനുകളുടെ പിന്തുണയോടെ ഗാര്‍ഡുകള്‍ അറിയിച്ചിട്ടുണ്ട്. ഭക്തരില്‍ നിന്ന് വേണ്ടത്ര വരുമാനം ഇല്ലാത്ത സാഹചര്യത്തില്‍ ബുദ്ധിമുട്ടാതെ മുന്നോട്ട് പോകാനുള്ള ശ്രമത്തിന് ജീവനക്കാര്‍ നിസഹകരിക്കുന്നത് വെല്ലുവിളിയാണെന്നാണ് അധികൃതര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിച്ച 2 കോടി രൂപയുടെ ധന സഹായത്തിന്റെ തിരിച്ചടവിന് ഇളവുകള്‍ വേണമെന്ന് ക്ഷേത്ര ഭരണ സമിതി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിശ്ചയിച്ച ഗ്രാന്റുകള്‍ കാലാനുസൃതമായി പുനര്‍ നിശ്ചയിക്കണമെന്ന ആവശ്യവും നിലവില്‍ ശക്തമാണ്. നിരവധി നിലവറകളിലായി അമൂല്യ നിധി ശേഖരം സൂക്ഷിക്കുന്നതാണ് ശ്രീ പ്ദമനാഭ സ്വാമി ക്ഷേത്രം. ഇതര സംസ്ഥാന തീര്‍ത്ഥാടകരില്‍ നിന്നുള്ള വഴിപാടുകളും പൂജകളുമായിരുന്നു ക്ഷേത്ര വരുമാനത്തിന്റെ ഭൂരിഭാഗവും. എന്നാല്‍ കൊവിഡ് വ്യാപനവും നിയന്ത്രണവും മൂലം തീര്‍ത്ഥാടകരുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് തിരിച്ചടിക്ക് കാരണമായത്. സംസ്ഥാന സര്‍ക്കാര്‍ രണ്ട് കോടി രൂപ പലിശ സഹിത സഹായമായാണ് അനുവദിച്ചത്. ഒരു വര്‍ഷത്തിനകം ഈ തുക തിരിച്ചടക്കണം.
Recommended Video

എന്നാല്‍ നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് വാര്‍ഷിക ഗ്രാന്റില്‍ ഉള്‍പെടുത്തി ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുനക്രമീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി എക്‌സിക്യൂട്ടീവ് ഓഫീസര്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് 49 വില്ലേജുകളിലായി ഭൂമിയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം തിരുപുവാരം ആയി ഇതിന് നല്‍കുന്നത് 31998 രൂപ ആണ്. തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമപ്രകാരം ശ്രീ പ്ദമനാഭ സ്വാമി ക്ഷേത്രത്തിന് പ്രതിവര്‍ഷം 6 ലക്ഷം രൂപയോളമാണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത്. പണപ്പെരുപ്പത്തിന് അനുപാതികമായി ഇവ പരിഷ്‌കരിക്കണമെന്നാണ് ക്ഷേത്ര ഭരണസമിതി ഉന്നയിക്കുന്നത്.












Click it and Unblock the Notifications