കുടിശിക വെറും 213 രൂപ; കെഎസ്ഇബി ഫ്യൂസ് ഊരി, 18 വയസുള്ള സംരംഭകന് നഷ്ടം 1.12 ലക്ഷം
അടുത്ത ദിവസം കട തുറന്നപ്പോള്‍ വീണ്ടും വൈദ്യതി ഇല്ല. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മീറ്റര്‍ ബോക്‌സ് കെ എസ് ഇ ബി സീല്‍ ചെയ്തതായി കണ്ടത്.

തിരുവനന്തപുരം: വൈദ്യുതി ബില്‍ കുടിശിക അടച്ചില്ലെങ്കില്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ഫ്യൂസൂരി ബന്ധം വിച്ഛേദിക്കുന്നത് പതിവ് കാര്യമാണ്. എന്നാല്‍ ഇങ്ങനെ ഫ്യൂസുരുമ്പോള്‍ ഒന്നോ രണ്ടോ തവണ കെ എസ് ഇ ബി ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്. അങ്ങനെ മുന്നറിയിപ്പ് നല്‍കിയിട്ട് വേണം വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍. എന്നാല്‍ ഇപ്പോഴിതാ യാതൊരു മുന്നറിയിപ്പും ഇല്ലാതെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഒരു യുവ സംരഭകനുണ്ടായ നഷ്ടത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.
വെറും 214 രൂപ വൈദ്യുതി കുടിശിക വരുത്തിയെന്ന് പറഞ്ഞ് കെ എസ് ഇ ബി ഫ്യൂസ് ഊരിയത് ഐസ്‌ക്രീം പാര്‍ലറിന്റേത്. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്തെ യുവ സംരഭകന് നഷ്ടമായത് 1.12 ലക്ഷം രൂപയാണ്. തിരുവനന്തപുരം വഴുതക്കാട് സ്വദേശി രോഹിത് എബ്രഹാം രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം ഒരു ഐസ്‌ക്രീം പാര്‍ലര്‍ തുടങ്ങിയത്.
മാസങ്ങളോളം അടഞ്ഞുകിടന്നിരുന്ന കെട്ടിടം വാടകയ്ക്ക് എടുക്കുമ്പോള്‍ കുടിശികയുടെ കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് രോഹിത് പറയുന്നത്. തങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കെട്ടിട ഉടമയും പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ആശ്രാമം സെക്ഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഐസ്‌ക്രീം പാര്‍ലറിന്റെ ഫ്യൂസ് ഊരിയത്. പതിനൊന്ന് മണിയോടെ കട തുറന്നപ്പോള്‍ സമീപത്തെ കടകളില്‍ എല്ലാം വൈദ്യുതി ഉണ്ടായിരുന്നു. രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടം വൈദ്യുതി വരാതായതോടെ ഇലട്രീഷ്യനെ വിളിച്ചുവരുത്തി. വൈകീട്ടോടെ വൈദ്യുതി പുനസ്ഥാപിച്ചു.
അടുത്ത ദിവസം കട തുറന്നപ്പോള്‍ വീണ്ടും വൈദ്യതി ഇല്ല. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മീറ്റര്‍ ബോക്‌സ് കെ എസ് ഇ ബി സീല്‍ ചെയ്തതായി കണ്ടത്. തുടര്‍ന്ന് ഓഫീസില്‍ ബന്ധപ്പെട്ടപ്പോഴാണ് 214 രൂപ കുടിശികയുള്ളതിനാല്‍ ഫ്യൂസൂരിയതാണെന്ന് അറിയിച്ചത്. ഈ സമയം ആകുമ്പോഴേക്കും കടയിലെ 1.12 ലക്ഷം രൂപയുടെ സാധനങ്ങള്‍ ഉപയോഗ ശൂന്യമായിരുന്നു.
പ്ലസ് ടു പഠനത്തിന് ശേഷമാണ് രോഹിത് ഐസ്‌ക്രീം പാര്‍ലര്‍ തുടങ്ങിയത്. മാതാപിതാക്കളായിരുന്നു ബിസിനസ് തുടങ്ങാനുള്ള പണം നല്‍കിയത്. ലാഭം കിട്ടുമ്പോള്‍ തിരികെ നല്‍കാമെന്ന ഉപാധിവച്ചു. ബംഗളൂരു ക്രൈസ്റ്റ് കോളേജിലെ ഡിഗ്രി പഠനത്തിനോടൊപ്പം രോഹിത് വഴുതക്കാട്ട് അമ്മയുടെ ഉടമസ്ഥതയിലുള്ള കഫേയുടെ മുന്നില്‍ പാര്‍ലര്‍ ആരംഭിച്ചത്. ലാഭം കിട്ടിത്തുടങ്ങിയതോടെ വര്‍ക്കലയിലും ആശ്രമാത്തും ബ്രാഞ്ചുകള്‍ ആരംഭിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രിയുടെ ഓഫീസിനെ രോഹിത് സമീപിച്ചിരുന്നു. നടക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും സംഭവത്തില്‍ പരാതി എഴുതി നല്‍കാനും അറിയിച്ചു. തനിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രോഹിത്.












Click it and Unblock the Notifications