കോവിഡ് നിയന്ത്രണങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തലസ്ഥാനത്ത് പ്രത്യേക ഉദ്യോഗസ്ഥർ, കർശന നിരീക്ഷണം
തിരുവനന്തപുരം : ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ പഞ്ചായത്ത്, മുന്‍സിപ്പല്‍ തലത്തില്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചു. ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ആണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സി.ആര്‍.പി.സി 144-ന്റെ അടിസ്ഥാനത്തില്‍ ഒക്‌ടോബര്‍ 31 അര്‍ദ്ധരാത്രി വരെ ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുളള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനു വേണ്ടിയാണ് 92 സെക്ടറല്‍ ഓഫീസര്‍മാരെയും, കോവിഡ് സെന്റിനലുകളെയും നിയോഗിച്ചിരിക്കുന്നത്.
ജില്ലയില്‍ പൊതു സ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിപാടികള്‍ക്കും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവ പൊതുജനങ്ങള്‍ പാലിക്കുന്നെണ്ടെന്ന് ഉറപ്പാക്കുന്നതിനായാണ് പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്.

സാമൂഹ്യ അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, സാനിട്ടൈസ് ചെയ്യല്‍ എന്നീ ബ്രേക്ക് ദ ചെയിന്‍ മാര്‍ഗ്ഗങ്ങള്‍, ക്വാറന്റൈന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, വിവാഹം, ശവസംസ്‌കാരചടങ്ങ് എന്നിവയില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിലുളള നിയന്ത്രണം, ഓഡിറ്റോറിയങ്ങള്‍ അടക്കമുളള സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികള്‍ എന്നിവ ഈ ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കും. മൈക്രോകണ്ടെയിന്‍മെന്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, റിവേഴ്‌സ് ക്വാറന്റൈന്‍, കടകള്‍, മാര്‍ക്കറ്റുകള്‍ മറ്റു വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ കോവിഡ് പ്രോട്ടോകോള്‍ പാലനം എന്നിവയും ഈ ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കും.
കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്ണും കാതുമായി ഇവർ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിൽ ഇന്ന് 700 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 532 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 140 പേരുടെ ഉറവിടം വ്യക്തമല്ല. 18 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. 10 പേര്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. രണ്ടുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. ജില്ലയിലാകെ 12,385 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 910 പേര്‍ ഇന്ന് രോഗമുക്തി നേടി.












Click it and Unblock the Notifications