ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി; പരിപാടി കാണാനെത്തിയ ഒരാള്‍ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ശാസ്തവട്ടം സ്വദേശി ഷൈജു ( 45 ) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ഷൈജുവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ബൈക്കോടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷൻ രാജും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ശാസ്തവട്ടത്തെ ക്ലബിന്റെ ഓണാഘോഷം പരിപാടി കാണാൻ എത്തിയതായിരുന്നു മരിച്ച ആൾ. മൂന്ന് പേർ കയറിയ ബൈക്ക് ആണ് ആഘോഷം കാണാനെത്തിയവരുടെ ഇടയിലേക്ക് ഇടിച്ച് കയറിയത്.

അതേ സമയം കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ കാർ ഇടിച്ച് വീഴ്ത്തിയിരുന്നു. റോഡിൽ വീണ സ്ത്രീയുടെ ദേഹത്ത് കൂടി കാർ ഓടിച്ച് കയറ്റി കാർ ഓടിച്ചയാൾ രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേസി കുഞ്ഞി മോൾ ( 45 ) മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്നു ഫൗസിയയ്ക്കും പരിക്ക് പറ്റിയ കാർ ഓടിച്ച കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മൽ ഒളിവിലാണ്. കാറും കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് 5. 30 ഓടെയാണ് അപകടം നടന്നത്. ബന്ധുക്കളായ കുഞ്ഞുമോളും ഫൗസിയയും സ്കൂട്ടറുമായി പുറത്തിറങ്ങിയതാണ്. റോഡ് ക്രോസ് ചെയ്യുന്നതിനിടെ അമിത വേഗത്തിൽ വന്ന കാർ ഇവരുടെ സ്കൂട്ടറിനെ ഇടിച്ച് വീഴ്ത്തി. കുഞ്ഞുമോൾ ടയറിന്റെ അടിയിലേക്കണ് വീണത്.
കാർ നിർത്താതെ ഓടിച്ച് പോയതുകൊണ്ടാണ് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങിയത്. കുഞ്ഞുമോൾക്ക് ഗുരുതരമായ പരിക്ക് പറ്റുകയും ചെയ്തിരുന്നു. സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ ഓടിച്ചത് അജ്മൽ ആയിരുന്നു. ഇയാൾക്കാെപ്പം ഒരു വനിതാ ഡോക്ടർ ഉണ്ടായിരുന്നു. ഇവർ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിൽ ആണ്.
ഇവരെ ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. അജ്മലിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇവർ മദ്യ ലഹരിയിൽ ആണോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. അപകടം നടന്നയിടത്ത് നിന്ന് രക്ഷപ്പെടുന്നതിനിടെ ഒരു മതിലിലും ബൈക്കിലും കാർ ഇടിച്ച് കയറ്റിയെന്നും പ്രദേശവാസികൾ പറയുന്നു.












Click it and Unblock the Notifications