വോട്ട് ചെയ്യാന്‍ പോകാതെ സ്ഥാനാർത്ഥി: തിരുവനന്തപുരം ചരിത്രം സൃഷ്ടിക്കുമെന്നും രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: മാറ്റത്തിന് വേണ്ടിയാവണം ഇത്തവണത്തെ വോട്ടെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. എല്ലാവരും വന്ന് വോട്ട് രേഖപ്പെടുത്തണമെന്നതാണ് തിരുവനന്തപുരം നിവാസികളോടുള്ള അഭ്യർത്ഥന. നമ്മുടെ മണ്ഡലത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പാണ് നടക്കുന്നത്. കുറേക്കാലമായി ഒരു കാര്യവും ഇവിടെ നടക്കുന്നില്ല. അതിനെ മാറ്റാനും, വികസനത്തിന്റെ പുതിയ ഒരു അധ്യായം തുറക്കാനും കഴിയുമെന്ന നിലയിലാണ് ഞാന്‍ ഈ തിരഞ്ഞെടുപ്പിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ദിനത്തില്‍ പോളിങ് ബൂത്തുകള്‍ സന്ദർശിച്ചുകൊണ്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തിന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. എല്ലാവരും മാറ്റത്തിന് വേണ്ടി വോട്ടു ചെയ്യുമെന്ന പ്രതീക്ഷ തനിക്കുണ്ട്. വോട്ടുതരണമെന്ന് ഒരിക്കല്‍ കൂടി അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബെംഗ്ലൂരു നിവാസിയായ രാജീവ് ചന്ദ്രശേഖരിന് അവിടെയാണ് വോട്ട്. വോട്ട് ചെയ്യാന്‍ പോകാതെ തിരുവനന്തപുരത്ത് കേന്ദ്രീകരിച്ചതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'വോട്ട് ചെയ്യാന്‍ പോയിട്ടില്ല, ഇവിടുത്തെ പ്രവർത്തനങ്ങള്‍ക്കാണ് പ്രധാന്യം കൊടുക്കുന്നത്. അവിടെ നിന്നും ഇങ്ങോട്ടേക്ക് വോട്ട് മാറ്റാന്‍ നോക്കിയിരുന്നെങ്കിലും അത് നടന്നിട്ടില്ല. അടുത്ത തിരഞ്ഞെടുപ്പുകളില്‍ ഇവിടെ തന്നെയാവും വോട്ട് എന്നാണ് പ്രതീക്ഷ. വോട്ട് ചെയ്യാന്‍ പോകാന്‍ കഴിയാത്തതില്‍ സങ്കടവും കുറ്റബോധവുമുണ്ട്. തിരുവനന്തപുരം ചരിത്രം സൃഷ്ടിക്കുമെന്ന് തോന്നുന്ന ഒരു തിരഞ്ഞെടുപ്പാണ് ഇത്. അതുകൊണ്ടാണ് മണ്ഡലത്തിലെ കാര്യങ്ങള്‍ക്ക് പ്രധാന്യം കൊടുത്തത്. മാറ്റത്തിന് വേണ്ടി ജനങ്ങള്‍ വോട്ടു ചെയ്യുമെന്ന കാര്യം ഉറപ്പാണ്' എന്നും രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മോദി തരംഗമാണുള്ളതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അവകാശപ്പെട്ടു. സംസ്ഥാനം ഇത്തവണ കേന്ദ്രസർക്കാരിൻ്റെ മികച്ച ഭരണത്തിനുള്ള പൊസിറ്റീവ് വോട്ടാണ് രേഖപ്പെടുത്തിയതെന്നും അത്തോളി മൊടക്കല്ലൂർ എയുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കേരളത്തിലും ദേശീയ ജനാധിപത്യ സഖ്യം നല്ല വിജയം നേടും. മോദി ഗ്യാരൻ്റി വോട്ടർമാർ ഏറ്റെടുത്തിരിക്കുകയാണ്. ഇടത്-വലത് മുന്നണികളുടെ നിലപാടില്ലായ്മ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുന്നതിലൂടെ വയനാടിനെ ചതിക്കുകയാണ്. ധാർമ്മികതയുണ്ടായിരുന്നെങ്കിൽ താൻ വീണ്ടും അമേഠിയിൽ മത്സരിക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു.
ഈ ചതിക്ക് വയനാടൻ ജനത ഉചിതമായ മറുപടി നൽകും. ജൂൺ നാലിന് ശേഷം ഇരു മുന്നണികളിൽ നിന്നും നിരവധി വലിയ നേതാക്കൾ ബിജെപിയിൽ ചേരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications