തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎസ്ആർടിസിയുടെ ഫീഡർ സർവീസ് 16ന് തുടങ്ങും; യാത്രക്ക് 100 മുതൽ 2000 രൂപ വരെ ട്രാവൽ കാർഡ്

Google Oneindia Malayalam News

തിരുവനന്തപുരം; കെ.എസ്.ആർ.ടി.സിയുടെ പുതിയ പദ്ധതിയായ ഫീഡർ സർവീസിന് 16 തീയതി തിരുവനന്തപുരത്ത് തുടക്കമാകും. വാഹനപെരുപ്പം കുറയ്ക്കുക, കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് യാത്ര സൗകര്യം ഒരുക്കുക, കൂടുതൽ ചെറുപ്പക്കാർക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി. ന​ഗരത്തിലെ റസിഡൻഷ്യൽ ഏരിയകളിൽ ഉള്ളവരെ പ്രധാന റോഡിൽ എത്തിക്കുന്നതിന് വേണ്ടിയും ന​ഗരത്തിലെ വാഹനപ്പെരുപ്പം കാരണമുള്ള ​ഗതാ​ഗതക്കുരുക്കുകൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് കെഎസ്ആർടിസി ഈ പദ്ധതി നടപ്പിലാക്കുന്നത്..

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ സമയവിവരങ്ങളും യാത്രാ സാധ്യതകളും യാത്രക്കാർക്ക് തത്സമയം നൽകും. ഇതിലുടെ സമയബന്ധിതവും സുരക്ഷിതവും, ചെലവ് കുറഞ്ഞതുമായ യാത്രാ സൗകര്യം ഉറപ്പ് നൽകാനാവും. ദൈനം ദിന ഓഫീസ്, വാണിജ്യ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരെ അടക്കം ഉദേശിച്ചാണ് ഫീഡർ സർവീസ് ആരംഭിക്കുന്നത്. സിറ്റി സർക്കുലർ, ഫീഡർ സർവീസുകളിൽ യാത്ര ചെയ്യുന്നതിന് ഇരുചക്ര വാഹന യാത്രയെക്കാളും കുറഞ്ഞ യാത്രാ ചെലവ് മാത്രമേ വരുന്നുള്ളൂ എന്നതാണ് ഇതിന്റെ പ്രത്യേകത...

ksrtc new1331

യാത്ര പൂർണമായും ട്രാവൽ കാർഡ് ഉപയോഗിച്ചാണ്. ഈ ട്രാവൽ കാർഡ് ഉപയോഗിച്ച് സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ സർവീസുകളിലും യാത്ര ചെയ്യാൻ സാധിക്കും. സർവീസ് നടത്തുന്ന പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകളുമായി സഹകരിച്ച് കാർഡിന്റെ വിതരണവും റീച്ചാർജ്ജിംഗും ലഭ്യമാക്കും. ഫീഡർ ബസുകളിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിലും കാർഡുകൾ റീച്ചാർജ്ജ് ചെയ്യാൻ സാധിക്കും.

പ്രാരംഭമായി 100 രൂപയ്ക്ക് ചാർജ്ജ് ചെയ്താൽ 100 രൂപയുടെ യാത്രാ നടത്താൻ കഴിയും. 100 രൂപ മുതൽ 2000 രൂപ വരെ ഒരു ട്രാവൽ കാർഡിൽ റീച്ചാർജ്ജ് ചെയ്യാൻ സാധിക്കും. ട്രാവൽ കാർഡ് മറ്റുള്ളവർക്ക് കൈമാറ്റം ചെയ്ത് ഉപയോഗിക്കാനും സാധിക്കും. 250 രൂപയ്ക്ക് മുകളിലുള്ള റീച്ചാർജ്ജുകൾക്ക് 10 ശതമാനം അധിക മൂല്യം ലഭിക്കുന്നതാണ്. ഒരു ഡ്രൈവർ കം കണ്ടക്ടറാണ് ബസിൽ ഉണ്ടാകുക, ടിക്കറ്റ് നൽകുന്നതിനായി പ്രത്യേകം കണ്ടക്ടറെ നിയോഗിക്കുന്നതല്ല.

ഫോൺ പേ വഴിയുളള QR കോഡ് ടിക്കറ്റിംഗും വൈകാതെ നടപ്പിലാക്കും. ഏകദേശം 7.5 കി.മി ദൂരം വരുന്ന മൂന്ന് ഫെയർ സ്റ്റേജുകൾക്ക് 10 രൂപ മിനിമം ടിക്കറ്റ് നിരക്ക് വരുന്ന തരത്തിലാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ പരിഷ്ക്കരിച്ച ഒരു മിനി ബസ് ഉപയോഗിച്ചാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ സർവീസ് നടത്തുന്നത്.

ബസിനുള്ളിലും പുറത്തും സി.സി.ടി.വി ക്യാമറ, ഡാഷ് ക്യാമറ എന്നീ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകും. രണ്ടാം ഘട്ടത്തിൽ ആറു മുതൽ 25 സീറ്റർ വരെയുള്ള വാഹനങ്ങൾ ലീസ് വ്യവസ്ഥയിൽ കരാറിൽ ഏർപ്പെട്ട് വരുമാനം പങ്ക് വയ്ക്കുന്ന തരത്തിലോ ലൈസൻസ് ഫീ അടിസ്ഥാനത്തിലോ തിരഞ്ഞെടുത്ത ഏരിയകളിൽ സർവീസ് നടത്തുന്നതും പരിഗണനയിലുണ്ട്. സംസ്ഥാനത്തെ ആദ്യ കെ.എസ്.ആർ.ടി.സി ഫീഡർ സർവീസിന്റെ ഉദ്ഘാടനം 16 തിങ്കളാഴ്ച്ച രാവിലെ ഒമ്പതിന് മണികണ്ഠേശ്വരത്ത് വച്ച് മന്ത്രി അഡ്വ: ആന്റണി രാജു നിർവ്വഹിക്കും.

മണ്ണന്തല - കുടപ്പനക്കുന്ന് - എ.കെ.ജി നഗർ - പേരൂർക്കട - ഇന്ദിരാ നഗർ - മണികണ്ഠേശ്വരം - നെട്ടയം - വട്ടിയൂർക്കാവ് - തിട്ടമംഗലം - കുണ്ടമൺകടവ് - വലിയവിള - തിരുമല റൂട്ടിലാണ് ആദ്യ ഫീഡർ സർവ്വീസ് സർവ്വീസ് നടത്തുന്നത്. രാവിലെയും വൈകുന്നേരവുമാണ് പ്രധാനമായും ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. എം.സി റോഡ്, തിരുവനന്തപുരം - നെടുമങ്ങാട് റോഡ്, കിഴക്കേകോട്ട - വട്ടിയൂർക്കാവ് റോഡ്, തിരുവനന്തപുരം - കാട്ടാക്കട റോഡ് എന്നിങ്ങനെ നാലു പ്രധാന റോഡുകളെ റസിഡൻഷ്യൽ ഏരിയകളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ഫീഡർ സർവീസ് ക്രമീകരിച്ചിട്ടുള്ളത്..

Thiruvananthapuram
English summary
KSRTC's feeder service project will start on January 16, here are the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X