അമ്പലത്തറയിൽ ടാങ്കറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം ,കോവളത്ത് ബൈപ്പാസ് നാട്ടുകാർ ഉപരോധിച്ചു
കോവളം: അമ്പലത്തറ ബൈപ്പാസ് റോഡിൽ ടാങ്കറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. പാച്ചല്ലൂർ വാഴമുട്ടം മഞ്ചാടിവീട്ടിൽ മധു (40), ഭാര്യ രജനി (35) എന്നിവരാണ് ഇന്ന് രാവിലെ ഏഴുമണിയോടെയുണ്ടായ അപകടത്തിൽ സംഭവ സ്ഥലത്ത് തന്നെ മരിച്ചത്. കുമരിചന്ത ജംഗ്ഷനു സമീപം സർവീസ് റോഡിൽ നിന്ന് ബൈപ്പാസ് റോഡിലേക്ക് കയറുന്നതിനിടെ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ തിരുവല്ലം ഭാഗത്ത് നിന്ന് വന്ന ടാങ്കർ ഇടിച്ച് കയറുകയായിരുന്നു.
ദമ്പതികൾക്ക് പുറത്ത് കൂടി ടാങ്കർ കയറി ഇറങ്ങി ഇരുവരും തൽക്ഷണം മരണമടഞ്ഞു. നാട്ടുകാരാണ് മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രവാസിയായ മധു പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങുകൾക്കായി ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഈ മാസം 24ന് നടക്കുന്ന പാലുകാച്ചൽ ചടങ്ങിനായി ബന്ധുവിനെ ക്ഷണിക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നിധിന, മിഥുന (ഹോളി ഏഞ്ചൽസ് സ്‌കൂൾ) എന്നിവർ മക്കളാണ്.

നാട്ടുകാർ റോഡ് ഉപരോധിച്ചു റോഡിലെ അശാസ്‌ത്രീയ നിർമ്മാണവും ഡിവൈഡറുകളില്ലാത്തതുമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ അമ്പലത്തറ ബൈപ്പാസ് റോഡ് ഉപരോധിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഉപരോധം ആരംഭിച്ചത്. ബൈപാസ് നിർമ്മണത്തിലെ അപാകത കാരണം ഇവിടെ അപകടങ്ങൾ തുടർക്കഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കാൻ ഡിവൈഡറുകളടക്കം റോഡിൽ സ്ഥാപിക്കുമെന്ന് ഉറപ്പ് കിട്ടിയാൽ മാത്രമേ റോഡ് ഉപരോധം അവസാനിപ്പിക്കുകയുള്ളൂ എന്നാണ് നാട്ടുകാർ പറയുന്നത്.












Click it and Unblock the Notifications