ആറ്റിങ്ങലിൽ ചീഞ്ഞ മത്സ്യ വില്പനയ്ക്കെതിരേ നടപടി: പിടിച്ചെടുത്തത് 350 കിലോ മത്സ്യം,
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഫോർമാലിൻ കലർത്തിയ മത്സ്യം വില്പന നടത്തുന്നു എന്ന് പൊതുവേയുള്ള പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ അടിയന്തിര ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി യോഗം കൂടി മത്സ്യ വില്പന കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പാലസ് റോഡ്, ചെറുവള്ളിമുക്ക്, അവനവഞ്ചേരി തെരുവ് തുടങ്ങിയ ഇടങ്ങളിൽ പരിശോധന നടത്തി അഴുകിയ മത്സ്യം പിടിച്ചെടുത്തു. ഇവിടങ്ങളിൽ നിന്ന് 350 കിലോയിലധികം ഉപയോഗ ശൂന്യമായ മത്സ്യമാണ് പിടിച്ചെടുത്തത്. ഇവ കീടനാശിനി ഉപയോഗിച്ച് നശിപ്പിച്ചു.
ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജുവിന്റെ നിർദ്ദേശപ്രകാരമാണ് മത്സ്യ മാർക്കറ്റുകളിൽ പരിശോധന നടന്നത്. വരും ദിവസങ്ങളിലും ഇത്തരം പരിശോധന നടക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹെൽത്ത് സൂപ്പർ വൈസർ പ്രദീപ്, ഹെൽത്ത് ഇൻസ്പെക്ടർ ജോയിഫ്രീ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രവീൺ, പ്രശാന്ത്, സിദ്ദിഖ് എന്നിരാണ് പരിശോധന ടീമിൽ ഉണ്ടായിരുന്നത്.

മത്സ്യങ്ങളുടെ സാമ്പിൾ ശേഖരിച്ച് ഫോർമാലിന്റെ അംശം പരിശോധിക്കാൻ അയച്ചതായും നഗരത്തിലൂടെ മത്സ്യം കയറ്റിപോകുന്ന കണ്ടൈനർ ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞ് പരിശോധിക്കുമെന്നും മത്സ്യം കയറ്റി പോകുന്ന വാഹനങ്ങൾ വേസ്റ്റ് ജലം പൈപ്പിട്ട് റോഡിലേയ്ക്ക് ഒഴുക്കുന്നതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പറഞ്ഞു.












Click it and Unblock the Notifications